ഇന്ത്യയുടെ പതിനാറാമത് രാഷ്ട്രപതി ആരെന്നറിയാന്‍ ഇനി ഒരാഴ്ച കൂടി മാത്രം. ജൂലൈ 18നായ ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ രണ്ട് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയും നേരിട്ടേറ്റു മുട്ടുന്ന തെരഞ്ഞെടുപ്പിന്റെ ഫലം ജൂലൈ 21ന് അറിയാം.
ദ്രൗപതി മുര്‍മു
ഒഡീഷയിലെ മയൂര്‍ബഞ്ച് ജില്ലയില്‍ നിന്നുള്ള ബി.ജെ.പി നേതാവാണ് ദ്രൗപതി മുര്‍മു. എന്‍.ഡി.എയുടെ ദ്രൗപതി മുര്‍മു തെരഞ്ഞെടുക്കപ്പെട്ടാല്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാകും മുര്‍മു. കൂടാതെ പ്രതിഭ പാട്ടീലിന് ശേഷമുള്ള രണ്ടാമത്തെ വനിതാ രാഷ്ട്രപതി കൂടിയാകും അവര്‍.
രാഷ്ട്രീയത്തിലെത്തുന്നതിന് മുന്‍പ് മുര്‍മു അധ്യാപികയായിരുന്നു. കൗണ്‍സിലറായാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. പിന്നീട് റായ് രംഗ്പുര്‍ എന്‍.എ.സിയുടെ വൈസ് ചെയര്‍ പേഴ്സണായി. ബി.ജെ.പി ടിക്കറ്റില്‍ 2000ത്തിലും 2009ലും രണ്ടു തവണ റായ് രംഗ്പൂര്‍ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടു.
2000 ത്തില്‍ അധികാരത്തിലെത്തിയ ബി.ജെ.പി-ബി.ജെ.ഡി ഒഡീഷ സര്‍ക്കാരില്‍ ഗതാഗതം, വാണിജ്യം, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2013 മുതല്‍ 2015 വരെ എസ്.ടി മോര്‍ച്ചയുടെ ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു ദ്രൗപതി മുര്‍മു.
2015ല്‍ ഝാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണറായി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു. ഝാര്‍ഖണ്ഡിലെ ഒമ്പതാം ഗവര്‍ണറായിരുന്നു ഇവര്‍. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവര്‍ണറായ ആദ്യ ഗോത്ര വിഭാഗം വനിതയുമാണ് മുര്‍മു. സാന്താല്‍ വംശജയായ 64 കാരിയുടെ പേര് 2017ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഉയര്‍ന്നു കേട്ടിരുന്നു. 1958 ജൂണ്‍ 20നാണ് ജനനം. പരേതനായ ശ്യാം ചരണ്‍ മുര്‍മുവാണ് ഭര്‍ത്താവ്.
ശിവസേന കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന്റെ വിജയം അനായാസമായിരിക്കുകയാണ്. പ്രതിപക്ഷ നിരയില്‍ നിന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബി.ജെ.ഡി, ബി.എസ്.പി, ശിരോമണി അകാലിദള്‍ എന്നീ പാര്‍ട്ടികള്‍ക്കു പിന്നാലെയാണ് ശിവസേനയും മുര്‍മുവിനൊപ്പം അണിനിരന്നത്.
യശ്വന്ത് സിന്‍ഹ
ബിഹാറിലെ പട്ന സ്വദേശിയാണ് 84കാരനായ യശ്വന്ത് സിന്‍ഹ. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. 1960 മുതല്‍ സിവില്‍ സര്‍വീസിന്റെ ഭാഗമായിരുന്ന സിന്‍ഹ 24 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലെത്തി.
1984ലായിരുന്നു ജനതാ പാര്‍ട്ടിയിലേക്കുള്ള സിന്‍ഹയുടെ പ്രവേശനം. 1986 ല്‍ ജനതാ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി. 1988ല്‍ രാജ്യസഭാ എം.പിയുമായി. 1989ല്‍ ജനതാദള്‍ രൂപീകരിച്ചപ്പോള്‍ സിന്‍ഹയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കി. 1990-1991ലെ ചന്ദ്രശേഖര്‍ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്നു അദ്ദേഹം. കൂടാതെ 1998 മാര്‍ച്ച് മുതല്‍ 2002 ജൂലൈ വരെ അടല്‍ ബിഹാരി വാജ്പേയ് സര്‍ക്കാരിലും ധനമന്ത്രിയായിരുന്നു സിന്‍ഹ.
പിന്നീട് 2002 ജൂലൈ മുതല്‍ 2004 മെയ് വരെ വിദേശകാര്യ മന്ത്രിയുമായി. 2018ല്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. 2021 മാര്‍ച്ച് 13നായിരുന്നു സിന്‍ഹയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവേശനം. പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുന്നതിന് 2022 ജൂണ്‍ 21 ന് തൃണമൂലില്‍ നിന്ന് രാജി വയ്ക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.