അനുദിന വിശുദ്ധര്‍ - ജൂലൈ 19
സ്‌പെയിനിലെ സെവീലില്‍ മണ്‍പാത്രങ്ങള്‍ ഉണ്ടാക്കി വിറ്റ് ഉപജീവനം കഴിച്ചിരുന്ന രണ്ട് ക്രൈസ്തവ സഹോദരിമാരായിരുന്നു ജസ്റ്റായും റുഫീനയും. 268 ല്‍ ജസ്റ്റായും 270 ല്‍ റുഫീനയും ജനിച്ചു. മണ്‍പാത്രം വിറ്റു കിട്ടുന്ന ചെറിയ തുകയില്‍ നിന്ന് തങ്ങളാല്‍ കഴിയും വിധം ആ നഗരത്തിലെ മറ്റുള്ള ദരിദ്രരെ അവര്‍ സഹായിച്ചിരുന്നു.
വിഗ്രഹാരാധാകരുടെ ഉത്സവത്തിന് ഉപയോഗിക്കുവാന്‍ മണ്‍പാത്രങ്ങള്‍ നിര്‍മ്മിക്കുവാനുള്ള ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് ആ നഗരത്തിലെ വിജാതീയര്‍ അവരുടെ വീടാക്രമിച്ച് അവര്‍ നിര്‍മ്മിച്ച മണ്‍പാത്രങ്ങളെല്ലാം ഉടച്ചു കളഞ്ഞു. വിഗ്രഹാരാധകരുടെ ദേവതയായിരുന്ന വീനസിന്റെ ഒരു പ്രതിമ തകര്‍ത്തുകൊണ്ടാണ് ആ സഹോദരിമാര്‍ അതിനെതിരെ പ്രതികരിച്ചത്.
തുടര്‍ന്ന് ആ നഗരത്തിലെ ഗവര്‍ണറായിരുന്ന ഡയോജെനിയാനൂസ് ജസ്റ്റായേയും റുഫീനയേയും തടവിലിടുവാന്‍ ഉത്തരവിട്ടു. അവരെക്കൊണ്ട് തങ്ങളുടെ ക്രിസ്തീയ വിശ്വാസമുപേക്ഷിപ്പിക്കുവാനുള്ള ഗവര്‍ണറുടെ ശ്രമങ്ങള്‍ വൃഥാവിലായപ്പോള്‍ അവരെ ഒരു പീഡന യന്ത്രത്തില്‍ ബന്ധിച്ച് ഇരുമ്പ് കൊളുത്തുകള്‍ കൊണ്ട് മര്‍ദ്ദിച്ചു.
ആ പീഡന യന്ത്രത്തിന്റെ സമീപത്തായി സുഗന്ധദ്രവ്യങ്ങള്‍ കത്തിച്ചുവെച്ച ഒരു വിഗ്രഹവും ഉണ്ടായിരുന്നു. ആ വിഗ്രഹത്തിന് ബലിയര്‍പ്പിക്കുകയാണെങ്കില്‍ പീഡനങ്ങളില്‍ നിന്നും മോചിപ്പിക്കാമെന്ന് പറഞ്ഞെങ്കിലും ക്രിസ്തുവിലുള്ള അവരുടെ വിശ്വാസം അചഞ്ചലമായിരുന്നു.
തുടര്‍ന്ന് അവരെ നഗ്‌നപാദരായി സിയറാ മോരേനയിലേക്ക് നടത്തിക്കുകയുണ്ടായി. ഈ വക പീഡനങ്ങള്‍ക്കൊന്നും ഇരുവരെയും തളര്‍ത്തുവാന്‍ കഴിയാതെ വന്നപ്പോള്‍ അവരെ വീണ്ടും തടവറയിലടച്ചു. തടവറയില്‍ ഭക്ഷിക്കുവാനോ കുടിക്കുവാനോ യാതൊന്നും നല്‍കിയില്ല. വിശപ്പും ദാഹവും കൊണ്ട് വലഞ്ഞിട്ടും അവര്‍ തങ്ങളുടെ വിശ്വാസം ഉപേക്ഷിച്ചില്ല.
ആ സഹോദരിമാരില്‍ ജസ്റ്റായായിരുന്നു ആദ്യം മരണത്തിന് കീഴടങ്ങിയത്. അവളുടെ മൃതദേഹം ഒരു കിണറ്റില്‍ എറിയുകയാണ് ഉണ്ടായതെന്ന് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നു. പിന്നീട് മെത്രാനായിരുന്ന സബിനൂസ് വിശുദ്ധയുടെ മൃതദേഹം വീണ്ടെടുത്ത് യോഗ്യമാം വിധം അടക്കം ചെയ്തു.
തന്റെ സഹോദരിയുടെ മരണത്താല്‍ റുഫീന വിശ്വാസം ഉപേക്ഷിക്കുമെന്നായിരുന്നു ഗവര്‍ണറുടെ കണക്കു കൂട്ടല്‍. പക്ഷേ ധീരയായിരുന്ന റുഫീന തന്റെ വിശ്വാസം ഉപേക്ഷിച്ചില്ല. അതേ തുടര്‍ന്ന് വിശുദ്ധയെ സിംഹ കൂട്ടിലേക്ക് എറിഞ്ഞു. എന്നാല്‍ വളരെ അത്ഭുതകരമായി ആ സിംഹം അവരെ ആക്രമിക്കാതെ ഇണക്കമുള്ള ഒരു പൂച്ചയെ പോലെ ് ഒതുങ്ങിയിരുന്നു.
ഇതുകണ്ട് രോഷാകുലനായ ഡയോജെനിയാനൂസ് റുഫീനയെ ശിരഛേദം ചെയ്ത് കൊലപ്പെടുത്തുകയും മൃതദേഹം അഗ്‌നിക്കിരയാക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ സബിനൂസ് മെത്രാന്‍ റുഫീനയുടെയും ഭൗതീകാവശിഷ്ടങ്ങള്‍ വീണ്ടെടുക്കുകയും 287 ല്‍ അവളുടെ സഹോദരിയുടെ കബറിടത്തിന് സമീപത്തായി അടക്കം ചെയ്യുകയും ചെയ്തു.
ലെ-സിയോ കതീഡ്രലിലെ ഒരു ചാപ്പല്‍ ഈ വിശുദ്ധ സഹോദരികള്‍ക്കായി സമര്‍പ്പിച്ചിട്ടുണ്ട്. 1821 ല്‍ വലെന്‍സിയാ പ്രൊവിന്‍സിലെ അഗോസ്റ്റില്‍ ഒരു ആശ്രമം പണികഴിപ്പിക്കുകയും അത് ഈ വിശുദ്ധകള്‍ക്കായി സമര്‍പ്പിക്കുകയും ചെയ്തു. ഇവരുടെ നാമധേയത്തില്‍ ടോള്‍ഡോയിലും ഒരു ദേവാലയം പണികഴിപ്പിച്ചിട്ടുണ്ട്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. എപ്പാഫ്രാസ്
2. പാവിയായിലെ ജെറോം
3. കൊര്‍ദോവയിലെ ഔറെയാ
4. അംബ്രോസ് ഔട്ട് പെര്‍ത്തൂസ്
5. വെറോണയിലെ ഫെലിച്ചീനസ്
6. റോമന്‍കാരനായ ആര്‍സെനിയൂസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26