സര്‍വകലാശാലകളില്‍ വിശുദ്ധ ചാവറ അച്ചനെക്കുറിച്ചുള്ള ചെയറുകള്‍ ആരംഭിക്കണം: സീറോ മലബാര്‍ സഭ അല്‍മായ ഫോറം

സര്‍വകലാശാലകളില്‍ വിശുദ്ധ ചാവറ അച്ചനെക്കുറിച്ചുള്ള ചെയറുകള്‍ ആരംഭിക്കണം: സീറോ മലബാര്‍ സഭ അല്‍മായ ഫോറം

കൊച്ചി: കേരളത്തിലെ സര്‍വകലാശാലകളില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനുമുള്ള ചെയറുകള്‍ ആരംഭിക്കണമെന്ന് സീറോ മലബാര്‍ സഭ അല്‍മായ ഫോറം. വിശുദ്ധ ചാവറയച്ചന്റെ സംഭാവനകള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏഴാം ക്ലാസിലെ സാമൂഹിക ശാസ്ത്രം പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്നു മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ ഉറപ്പ് നല്‍കിയത് സ്വാഗതം ചെയ്യുന്നുവെന്നും അല്‍മായ ഫോറം വ്യക്തമാക്കി.

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയിലും, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും എന്നതുപോലെ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനുമുള്ള ചെയറുകളും ആരംഭിക്കാന്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്‍കൈയെടുക്കമെന്നും അല്‍മായ ഫോറം ആവശ്യപ്പെട്ടു.


പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിന് പള്ളിക്കൂടവും അച്ചടിശാലയും സംസ്‌കൃത സ്‌കൂളും പാവപ്പെട്ടവര്‍ക്ക് അഗതി മന്ദിരവും ഉച്ചക്കഞ്ഞിയും നല്‍കിയും ദളിതര്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസവും നല്‍കി കേരള ചരിത്രത്തില്‍ നവോത്ഥാന മൂല്യങ്ങളുടെ വിത്ത് പാകിയ വിശുദ്ധ ചാവറയച്ചന്‍ മലയാളിക്ക് ചരിത്ര പുരുഷനാകാതെ പോയത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണമെന്നും അല്‍മായ ഫോറം പറഞ്ഞു.

ഒന്നര നൂറ്റാണ്ടിനു മുമ്പ് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തിവാണ കാലത്ത് അധസ്ഥിത വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാന്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയ പുരോഗമന വിപ്ലവകാരിയായിരുന്ന വിശുദ്ധ ചാവറയച്ചന്റെ സംഭാവനകളെ കേരളം അതീവ പ്രാധാന്യത്തോടെ കാണണം.

ആധുനിക തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഉപജ്ഞതാവ് കൂടിയാണ് ചാവറ അച്ചന്‍. അക്ഷരം മാത്രം പഠിച്ചാല്‍ പോരാ തൊഴിലും പഠിക്കണമെന്ന് നിര്‍ദേശിച്ചത് അദ്ദേഹമാണ്. തയ്യല്‍, കൊട്ട നെയ്ത്ത്, പായ നെയ്ത്ത് എന്നിവയെല്ലാം സ്‌കൂളുകളില്‍ പരിശീലിപ്പിച്ചു.

ചികിരിത്തടുക്ക് നിര്‍മാണവും കയര്‍ പിരിയുമൊക്കെ പരിശീലിപ്പിക്കാന്‍ പ്രത്യേകം ആളുകളെ നിയമിച്ചു. അനാഥരാകുന്നവരെ സംരക്ഷിക്കാനുള്ള അഗതി മന്ദിരങ്ങള്‍ക്ക് തുടക്കമിട്ടതും ചാവറയച്ചനാണ്. കേരളത്തിലെ ആദ്യ അനാഥമന്ദിരമാണ് കുട്ടനാട് കൈനകരിയില്‍ അദ്ദേഹം സ്ഥാപിച്ച ഉപവിശാല.

66 വര്‍ഷം മാത്രം ജീവിച്ചിരുന്ന വിസുദ്ധ ചാവയച്ചന്‍ കേരളത്തിലുണ്ടായ സാമൂഹ്യപരിഷ്‌കരണങ്ങളുടെ ചൂണ്ടു പലക ആയിരുന്നു. താപശ്രേഷ്ഠന്‍, സന്യാസ സഭകളുടെ സ്ഥാപകന്‍, സഭാധികാരി, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ വിചക്ഷണന്‍, അച്ചടിയുടെ ആരംഭകന്‍ തുടങ്ങിയ നിലയിലെല്ലാം അറിയപ്പെടാന്‍ ചുരുങ്ങിയ കാലം കൊണ്ട് സാധിച്ചെന്നതാണ് ഈ പുരോഹിതന്റെ മഹത്വം. കൂലിക്കു പകരം ഭക്ഷണം കൊടുക്കുന്ന ഏര്‍പ്പാടാണ് ഊഴിയം. ഊഴിയത്തിനെതിരായ ചാവറയച്ചന്റെ പോരാട്ടം കേരളത്തിലെ ആദ്യ തൊഴിലാളി പ്രസ്ഥാനമായാണ് വിലയിരുത്തപ്പെടുന്നത്.


ജന്മനാട്ടിലോ കര്‍മ്മഭൂമിയായ മാന്നാനത്തോ ഈ ആത്മീയ -സാമൂഹ്യ -സാംസ്‌കാരിക നായകനെ പുതുതലമുറയ്ക്ക് ഓര്‍മ്മിക്കുവാന്‍ വേണ്ടി സ്മാരകങ്ങള്‍ ആവശ്യമാണെന്നും അല്‍മായ ഫോറം ഓര്‍മ്മപ്പെടുത്തി.

മാന്നാനത്ത് സ്ഥാപിക്കുന്ന ചാവറ സാംസ്‌കാരിക ഗവേഷണ കേന്ദ്രത്തിന് പുറമെ കേരള സര്‍ക്കാര്‍ ഇടപെടലിലൂടെ റോഡുകള്‍ക്കോ കോളേജുകള്‍ക്കോ അദ്ദേഹത്തിന്റെ പേരിടുവാന്‍ സാധിക്കും. ജന്മദിന ദിവസം സാംസ്‌കാരിക പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കും. ഇപ്പോള്‍ തമസ്‌കരിക്കപ്പെടുന്ന ഈ യോഗീവര്യന്റെ ഓര്‍മകള്‍ ഇനിയും വരും തലമുറകള്‍ മനസിലാക്കാന്‍ ഇത്തരം നടപടികളിലൂടെ സാധിക്കും.

കേരള സര്‍ക്കാരിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സാംസ്‌കാരിക വകുപ്പിന്റെയും സവിശേഷ ശ്രദ്ധയും ഉത്തരവാദിത്വവും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സ്മരണ നിലനിര്‍ത്തുന്ന കാര്യങ്ങളില്‍ ഉണ്ടാകണമെന്നും അല്‍മായ ഫോറം ആവശ്യപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.