ഓസ്‌ട്രേലിയയില്‍ അവശ്യ മരുന്നുകള്‍ക്ക് ക്ഷാമം രൂക്ഷം; മൂന്നൂറിലേറെ മരുന്നുകള്‍ കിട്ടാനില്ല

ഓസ്‌ട്രേലിയയില്‍ അവശ്യ മരുന്നുകള്‍ക്ക് ക്ഷാമം രൂക്ഷം; മൂന്നൂറിലേറെ മരുന്നുകള്‍ കിട്ടാനില്ല

സിഡ്‌നി: ഓസ്‌ട്രേലിയ കടുത്ത മരുന്നു ക്ഷാമത്തിലെന്ന് റിപ്പോര്‍ട്ട്. അവശ്യ മരുന്നുകള്‍ ഉള്‍പ്പടെ മൂന്നൂറിലേറെ മരുന്നുകള്‍ കിട്ടാനില്ല. 80 മരുന്നുകള്‍ക്കൂടി ക്ഷാമ പട്ടികയില്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് സൂചന. മരുന്നുകള്‍ കിട്ടാതായതോടെ രോഗികള്‍ വലഞ്ഞു.

പ്രമേഹത്തിനുള്ള മരുന്നുകള്‍, ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി, വിഷാദം, ഓക്കാനം, പക്ഷാഘാതം ഉള്‍പ്പടെ 320 ഓളം മരുന്നുകള്‍ക്കാണ് ക്ഷാമം നേരിടുന്നത്. ഇവയില്‍ 50 എണ്ണം ഗുരുതര രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതു കൂടാതെ ചിലന്തിയുടെ കടിയേറ്റാല്‍ നല്‍കുന്ന ആന്റി വെനം, രക്താര്‍ബുദ ചികിത്സയില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ ഉള്‍പ്പടെ 80 മരുന്നുകള്‍ക്കൂടി ക്ഷാമം നേരിടുകയാണ്. വൈകാതെ ഈ മരുന്നുകളും ക്ഷാമപട്ടികയില്‍ ഉള്‍പ്പെടും.

ഓസ്‌ട്രേലിയയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മരുന്ന് ഉത്പാദന മേഖലയിലും വിതരണത്തിലും നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയാണ് മരുന്നു ക്ഷാമത്തിന്റെ കാരണമായി റോയല്‍ ഓസ്ട്രേലിയന്‍ കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഷണേഴ്സിന്റെ പ്രസിഡന്റ് കാരെന്‍ പ്രൈസ് പറയുന്നത്. മരുന്ന് സ്്‌റ്റോക്കില്ല എന്ന മറുപടി കേട്ട് ഫാര്‍മസികളില്‍ നിന്ന് നിരാശയോടെ മടങ്ങുന്ന രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കാകും മരുന്ന് പ്രതിസന്ധി രാജ്യത്തെ കൊണ്ടെത്തിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഒരു വികസിത രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യത്തെ ഒരു ഫാര്‍മസികളിലും മരുന്ന് ക്ഷാമം മുന്നില്‍ കണ്ട് ആവശ്യമരുന്നുകള്‍ ശേഖരിച്ച് വയ്ക്കുക പതിവില്ല. ക്ഷാമം നേരിടുന്ന മരുന്നുകളുടെ ഉത്പാദനം കൂട്ടി വിതരണ ശൃംഖല കാര്യക്ഷമമാക്കുകയേ ഇതിനൊരു പോംവഴിയുള്ളു- കാരെന്‍ പ്രൈസ് പറഞ്ഞു.

ആവശ്യമരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാനുള്ള ഒരു കരാറില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരും മരുന്ന് നിര്‍മ്മാതാക്കളും തമ്മില്‍ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും അത് നിലവില്‍ വരാന്‍ ഒരു വര്‍ഷം വേണ്ടിവരുമെന്ന് ഫാര്‍മസി ഗില്‍ഡിന്റെ ആക്ടിംഗ് പ്രസിഡന്റ് നിക്ക് പനായിയാരിസ് പറഞ്ഞു. നാലോ അഞ്ചോ മാസത്തേക്കുള്ള മരുന്നുകള്‍ എപ്പോഴും സ്റ്റോക്ക് ഉണ്ടായിരിക്കണമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. എന്നാല്‍ കരാര്‍ പ്രാബല്യത്തില്‍ വരാന്‍ അടുത്ത വര്‍ഷം ജൂലൈ വരെ കാത്തിരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26