പകുതി കുടിശിക അടച്ച് വാട്ടര്‍ കണക്ഷന്‍ നിലനിര്‍ത്താം; ആംനെസ്റ്റി പദ്ധതിയുമായി ജലസേചന വകുപ്പ്

പകുതി കുടിശിക അടച്ച് വാട്ടര്‍ കണക്ഷന്‍ നിലനിര്‍ത്താം; ആംനെസ്റ്റി പദ്ധതിയുമായി ജലസേചന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പകുതി കുടിശിക അടച്ച് വാട്ടര്‍ കണക്ഷന്‍ നിലനിര്‍ത്തനുള്ള ആംനെസ്റ്റി പദ്ധതിയുമായി കേരള വാട്ടര്‍ അതോറിറ്റി. റവന്യൂ കുടിശിക പിരിക്കാനുള്ള തീവ്രയജ്ഞത്തിന്റെ ഭാ​ഗമായിട്ടാണ് ഇത്തരത്തിൽ ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ട് കേരള വാട്ടര്‍ അതോറിറ്റി ഓഗസ്റ്റ് 15 വരെ ആംനെസ്റ്റി പദ്ധതി നടപ്പാക്കുന്നു.

ഊര്‍ജിത കുടിശിക നിവാരണത്തിന്റെ ഭാ​ഗമായി വാട്ടര്‍ അതോറിറ്റി സമര്‍പ്പിച്ച ആംനെസ്റ്റി പദ്ധതി മാര്‍​ഗരേഖ അംഗീകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കുമായി അവതരിപ്പിച്ചിട്ടുള്ള ആംനെസ്റ്റി പദ്ധതിപ്രകാരം തീര്‍പ്പാക്കുന്ന കണക്ഷനുകള്‍ക്ക് കുടിശികത്തുകയുടെ 50 ശതമാനം തുക അടച്ച്‌ കണക്ഷന്‍ നിലനിര്‍ത്താന്‍ കഴിയും. ബാക്കി തുക അടയ്ക്കാന്‍ പരമാവധി ആറു തവണകള്‍ വരെ അനുവദിക്കും. കൂടാതെ കുടിശികത്തുകയിന്‍മേല്‍ ഒട്ടേറെ ഇളവുകളും അനുവദിച്ചിട്ടുണ്ട്.

2022 മേയ് 31ലെ കണക്കനുസരിച്ച്‌ വാട്ടര്‍ അതോറിറ്റിക്കു പിരിഞ്ഞു കിട്ടാനുള്ള കുടിശിക 1130.26 കോടി രൂപയാണ്. ഇതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖല -സ്വയംഭരണ സ്ഥാപനങ്ങള്‍, ​ഗാര്‍ഹിക-​ഗാര്‍ഹികേതര ഉപഭോക്താക്കള്‍ എന്നീ വിഭാ​ഗങ്ങളുടെ കുടിശിക ഉള്‍പ്പെട്ടിട്ടുണ്ട്.

ഓ​ഗസ്റ്റ് 15 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ആംനെസ്റ്റി പ്രകാരം കുടിശികകള്‍ തീര്‍പ്പാക്കാനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാം. വാട്ടര്‍ ചാര്‍ജ്‌ കുടിശികയുടെ പേരില്‍ കണക്ഷനുകള്‍ വിച്ഛേദിക്കപ്പെട്ട ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്‌ യഥാര്‍ഥ വാട്ടര്‍ ചാര്‍ജും പിഴയും പ്രതിമാസം അഞ്ചു രൂപ നിരക്കില്‍ അടച്ചാല്‍ കണക്ഷന്‍ പുനസ്ഥാപിച്ചു നല്‍കുന്നതാണ്‌.

കാന്‍സര്‍ രോഗികള്‍, അവയവമാറ്റ ശസ്ത്രക്രിയ ചെയ്തവര്‍, ഡയാലിസിസ്‌ നടത്തുന്നവര്‍, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ എന്നിവരുള്ള കുടുംബങ്ങള്‍ക്ക്‌ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ വാട്ടര്‍ ചാര്‍ജ്‌ മാത്രം ഈടാക്കി കണക്ഷന്‍ പുനസ്ഥാപിച്ചു നല്‍കും.

ബിപിഎല്‍ ഉപഭോക്താക്കള്‍ക്കു പരമാവധി 2,70,000 ലിറ്റര്‍ വരെ ഒഴിവാക്കി അതിനു മുകളില്‍ രേഖപ്പെടുത്തിയ ഉപയോഗത്തിന്‌ മാത്രം ഗാര്‍ഹിക താരിഫിലെ മിനിമം ചാര്‍ജ്‌ ഈടാക്കി നല്‍കും. എല്ലാത്തരം പരാതികളും തീര്‍പ്പാക്കാനുള്ള അധികാരം തുകയുടെ പരിധി ഇല്ലാതെ ബന്ധപ്പെട്ട എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ അദ്ധ്യക്ഷനായ കമ്മിറ്റിക്കാണ്.

പരാതി പരിശോധിച്ച്‌ പുതുക്കി നിശ്ചയിച്ച കുടിശിക തുക എസ്‌എംഎസ് മുഖേനയും ഓഫീസില്‍നിന്നു നേരിട്ടും ഉപഭോക്താവിന്‌ അറിയാവുന്നതാണ്‌. ഈ പറഞ്ഞ ആനുകൂല്യങ്ങൾ ആംനസ്റ്റി പദ്ധതി കാലയളവില്‍ മാത്രമേ അനുവദിക്കുകയുള്ളുവെന്നും വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.