ദേയ് വെര്‍ബം ബൈബിള്‍ ക്വിസ്: വിജയികളെ പ്രഖ്യാപിച്ചു

ദേയ് വെര്‍ബം ബൈബിള്‍ ക്വിസ്: വിജയികളെ പ്രഖ്യാപിച്ചു

ചിക്കാഗോ: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് രൂപത 2021 ഡിസംബര്‍ മുതല്‍ 2022 മെയ് വരെ മൂന്ന് ഘട്ടങ്ങളിലായി നടത്തിയ രണ്ടാമത്തെ ബൈബിള്‍ ക്വിസിന്റെ വിജയികളെ പ്രഖ്യാപിച്ചു. അവസാനഘട്ടത്തിലെത്തിയ 246 പേരില്‍ നിന്നാണ് 17 വിജയികളെ കണ്ടെത്തിയത്.

രൂപതയിലെ 85 ഇടവകകളില്‍ നിന്നായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, അഡള്‍ട്ട് വിഭാഗങ്ങളിലായി 4157 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും അയച്ചു നല്‍കും.

ജൂലൈ 16 നാണ് ഗ്രാന്‍ഡ് ഫിനാലെ നടന്നത്. ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്തു. സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. വിശ്വാസ രൂപീകരണ വകുപ്പ് ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് ദാനവേലില്‍ സ്വാഗതവും എപ്പാര്‍ക്കിയല്‍ കാറ്റകെറ്റിക്കല്‍ കമ്മീഷന്‍ സെക്രട്ടറി ടിസണ്‍ തോമസ് നന്ദിയും പറഞ്ഞു. അമേരിക്കയിലുടനീളം പരിപാടി തത്സമയം സംപ്രേഷണം ചെയ്തു.

ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലാണ് മത്സരം നടന്നത്. ഇംഗ്ലീഷ് ബൈബിള്‍ ക്വിസ് ന്യൂ അമേരിക്കന്‍ ബൈബിളിനെ അടിസ്ഥാനമാക്കിയും. മലയാളം ബൈബിള്‍ ക്വിസ് പിഒസി മലയാളം ബൈബിളിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ലൂക്കായുടെ സുവിശേഷം, റോമാക്കാര്‍ക്ക് എഴുതിയ ലേഖനം, വെളിപാട് എന്നീ പുസ്തകങ്ങളാണ് മത്സരത്തിനായി തിരഞ്ഞെടുത്തത്.

ഫാ.മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ടിന്റെ നേതൃത്വത്തില്‍ ഫ്രാന്‍സിസ് തോമസ്, നിക്‌സണ്‍ ഫിലിപ്പ്, ഷെന്നി പോള്‍, സ്റ്റാനി മാത്തൂര്‍, ഷാരോണ്‍ തോമസ്, റോസ്മിന്‍ ഫ്രാന്‍സിസ് എന്നിവര്‍ മത്സരത്തിന് ഏകോപനം നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26