രാംനാഥ് കോവിന്ദ് ഇന്ന് റെയ്സീനാ കുന്നിറങ്ങും; വിവാദങ്ങളില്ലാതെ അഞ്ച് വര്‍ഷം

 രാംനാഥ് കോവിന്ദ് ഇന്ന് റെയ്സീനാ കുന്നിറങ്ങും; വിവാദങ്ങളില്ലാതെ അഞ്ച് വര്‍ഷം

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ഇന്ന് പൂര്‍ത്തിയാകും. തര്‍ക്കങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ ഇട നല്‍കാതെയാണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം റെയ്‌സിന കുന്നിനോട് കോവിന്ദ് വിട പറയുന്നത്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കൊപ്പം നിന്നപ്പോഴും രാജ്യത്ത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെ വര്‍ധിക്കുന്ന അതിക്രമങ്ങളില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തിയിരുന്നു.

കെ ആര്‍ നാരായണന് ശേഷം രാഷ്ട്രപതി സ്ഥാനത്തെത്തിയ ദളിത് വിഭാഗത്തിലെ രണ്ടാമത്തെ വ്യക്തിയാണ് രാംനാഥ് കോവിന്ദ്. പദവികള്‍ പലത് വഹിച്ചിരുന്നെങ്കിലും രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ അത്രമേല്‍ പരിചിതനല്ലാതിരുന്ന രാംനാഥ് കൊവിന്ദിനെ രാഷ്ട്രപതി സ്ഥാനത്ത് എത്തിച്ചത് വഴി രാഷ്ട്രീയ പരീക്ഷണത്തിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് ബിജെപി പുറത്തെടുത്തത്.

ഭരണഘടന പദവിയില്‍ ഒതുങ്ങിയ അഞ്ച് വര്‍ഷമായിരുന്നു രാംനാഥ് കൊവിന്ദിന്റേത്. ഭൂരിപക്ഷ പിന്തുണയില്‍ സര്‍ക്കാര്‍ പാസാക്കിയെടുത്ത ബില്ലുകളിലെല്ലാം അദ്ദേഹം ഒപ്പുവച്ചു. ഏറെ പ്രതിഷേധം ഉയര്‍ന്ന കാര്‍ഷിക നിയമങ്ങള്‍, ജമ്മുകാശ്മീര്‍ പുനസംഘടന തുടങ്ങിയ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെല്ലാം രാംനാഥ് കൊവിന്ദ് ഒപ്പം നിന്നു. ബില്ലുകളില്‍ ഒപ്പുവയ്കാതെ പലപ്പോഴും മടക്കിയിരുന്ന മുന്‍ഗാമികളില്‍ നിന്ന് അദ്ദേഹം വ്യത്യസ്തനായിരുന്നു.

സര്‍ക്കാരിനെ പിണക്കാതെ ചില ഘട്ടങ്ങളില്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയുകയും ചെയ്തു. ആരുടെയും അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും എല്ലാവരും ബഹുമാനിക്കപ്പടേണ്ടവരാണെന്നും ദളിതുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളോട് രാംനാഥ് കൊവിന്ദ് പ്രതികരിച്ചു. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയില്‍ ഇളവ് തേടിയുള്ള ദയാഹര്‍ജി ഒന്നിന് പിന്നാലെ ഒന്നായി എത്തിയപ്പോഴും ശിക്ഷ വിധിച്ച നീതിപീഠത്തിന്റെ നിലപാടിനൊപ്പം അദ്ദേഹം നിന്നു. പ്രതിപക്ഷത്തിന് പറയാനുള്ളതും ക്ഷമയോടെ രാംനാഥ് കൊവിന്ദ് കേട്ടു.

സംഘപരിവാര്‍ പശ്ചാത്തലമുള്ള രാംനാഥ് കൊവിന്ദ് രാഷ്ട്രപതിയായ ശേഷം മതനിരപേക്ഷ നിലപാടാണ് ഉയര്‍ത്തി പിടിച്ചത്. അയോധ്യയടക്കം സര്‍ക്കാര്‍ ഉയര്‍ത്തി കാട്ടിയ വിഷയങ്ങളില്‍ കരുതലോടെയാണ് അദ്ദേഹം പ്രതികരിച്ചത്. സുപ്രീം കോടതി വിവാദങ്ങളില്‍ പെട്ട കാലത്ത് ഭരണഘടന പദവിയിലിരിക്കുന്നവര്‍ ഉത്തരവാദിത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.