ഖനനത്തിനെതിരെ പ്രതിഷേധ സമരം: സ്വയം തീ കൊളുത്തിയ സന്യാസി മരിച്ചു

ഖനനത്തിനെതിരെ പ്രതിഷേധ സമരം: സ്വയം തീ കൊളുത്തിയ സന്യാസി മരിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ അനധികൃത ഖനനത്തിന് എതിരെ സമരം ചെയ്യുന്നതിനിടെ സ്വയം തീ കൊളുത്തിയ സന്യാസി മരിച്ചു. വിജയ് ദാസ് എന്ന സന്യാസിയാണ് അനധികൃത കല്ലെടുപ്പിനെതിരായുള്ള പ്രതിഷേധത്തിനിടെ സ്വയം തീ കൊളുത്തിയത്.

എണ്‍പത് ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു അദ്ദേഹം ശനിയാഴ്ച പുലര്‍ച്ചെ ഡൽഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം യുപിയിലെ ബര്‍സാനയിലേക്ക് കൊണ്ടുപോകും. ഖനനത്തിനെതിരെ പ്രതിഷേധം നടക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് വിജയ് ദാസ് സ്വന്തം ശരീരത്തില്‍ തീ കൊളുത്തിയത്. ഉടന്‍ പൊലീസ് ഓടിയെത്ത് ബ്ലാങ്കറ്റും മറ്റും ഉപയോഗിച്ച്‌ തീ കെടുത്തി.

ഉടനെ ഭരത്പൂരിലെ ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ എത്തിച്ചെങ്കിലും ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ജയ്പൂരിലേക്ക് മാറ്റുകയായിരുന്നു. ഭര്തപൂരിലെ അനധികൃത ഖനനത്തിനെതിരെ സന്ന്യാസിമാര്‍ സമരത്തിലാണ്. നാരായണ്‍ ദാസ് എന്ന സന്യാസി കഴിഞ്ഞ ദിവസം മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. അനധികൃത ഖനനം തടയാന്‍ നടപടി എടുക്കാതെ താഴേക്ക് ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് വിജയ് ദാസ് സ്വയം തീ കൊളുത്തിയത്.

വിജയ് ദാസിനെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം മൊബൈല്‍ ടവറിന് മുകളില്‍ കയറിയിരുന്ന സന്യാസി താഴേക്ക് ഇറങ്ങി. ഇദ്ദേഹം ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചകള്‍ തുടങ്ങിയതായി പൊലീസ് അറിയിച്ചു. ഭര്തപൂരിലെ ഇരട്ടമലകളായ കങ്കാചല്‍, ആദിബദ്രി എന്നിവിടങ്ങളിലെ ഖനനത്തിനെതിരെയാണ് ശ്രീകൃഷ്ണ വിശ്വാസികളായ സന്യാസിമാരുടെയും പ്രദേശവാസികളുടെയും സമരം.

പ്രദേശത്തിന് പൗരാണിക പ്രാധാന്യം ഉണ്ടെന്നും ഈ സാഹചര്യത്തില്‍ ഖനനം അനുവദിക്കാനാകില്ലെന്നുമാണ് അവരുടെ നിലപാട്. അദ്ദേഹം ഖനനം നിയമപരമാണെന്നും പ്രതിഷേധം ഉയര്‍‍ന്ന സാഹചര്യത്തില്‍ ഖനനം നിര്‍ത്തിവയ്ക്കുന്നത് ആലോചിക്കാമെന്നുമാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്

സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി നേതാവ് വസുന്ധര രാജെ ആവശ്യപ്പെട്ടു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഭരത്പൂര്‍ സന്ദര്‍ശിച്ച്‌ വസ്തുതകള്‍ അറിയാന്‍ നാലംഗ സമിതിയെ നിയോഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.