കോഡിങ് മത്സരത്തിലെ വിജയിക്ക് 33 ലക്ഷത്തിന്റെ ജോലി; പ്രായമറിഞ്ഞപ്പോള്‍ പിന്മാറി അമേരിക്കന്‍ കമ്പനി

കോഡിങ് മത്സരത്തിലെ വിജയിക്ക് 33 ലക്ഷത്തിന്റെ ജോലി; പ്രായമറിഞ്ഞപ്പോള്‍ പിന്മാറി അമേരിക്കന്‍ കമ്പനി

നാഗ്പൂര്‍: യുഎസ് കമ്പനി നടത്തിയ കോഡിംഗ് മത്സരത്തില്‍ വിജയിയായത് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നുള്ള പതിനഞ്ചുകാരന്‍. ഇതൊന്നുമറിയാതെ വിജയിക്ക് ജോലി നല്‍കാന്‍ കമ്പനി നേരിട്ട് വിളിച്ചപ്പോഴാണ് വിജയിച്ചയാള്‍ തീരെ ചെറിയ പയ്യനാണെന്ന് കമ്പനി അറിയുന്നത് തന്നെ. അതോടെ അവര്‍ ജോലി വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറി.

നാഗ്പൂര്‍ സ്വദേശികളായ രാജേഷിന്റെയും അശ്വിനിയുടെയും മകനായ വേദാന്താണ് ആയിരത്തോളം പേര്‍ പങ്കെടുത്ത കോഡിംഗ് മത്സരത്തില്‍ ഏവരെയും ഞെട്ടിച്ച് ജയിച്ചു കയറിയത്. വേദാന്തിന് 33 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസം പൂര്‍ത്തിയാകുമ്പോള്‍ തങ്ങളുടെ കമ്പനിയില്‍ തന്നെ ജോലിയും നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

പത്താം ക്ലാസില്‍ പഠിക്കുന്ന വേദാന്തിന് അമേരിക്കയിലെ ന്യൂജഴ്‌സിയിലുള്ള പ്രമുഖ പരസ്യ കമ്പനിയില്‍ ജോലി ലഭിച്ച വിവരം സ്‌കൂളില്‍നിന്നുള്ള ഒരു കോളിലൂടെയാണ് മാതാപിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ വഴി തന്നെ വേദാന്ത് പ്രായം അടക്കമുള്ള വിവരം അറിയിച്ച് കമ്പനിക്ക് ഇ-മെയില്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ജോലി വാഗ്ദാനം കമ്പനി തല്‍ക്കാലം പിന്‍വലിച്ചത്.

കുട്ടിയുടെ സമീപനവും കഴിവും പ്രൊഫഷനല്‍ രീതിയുമെല്ലാം തങ്ങളെ ഏറെ ആകര്‍ഷിച്ചെന്ന് കമ്പനി മറുപടിയില്‍ ചൂണ്ടിക്കാട്ടി. അമ്മയുടെ ലാപ്‌ടോപില്‍ നിന്ന് വേദാന്ത് സ്വയം പഠിച്ചെടുത്തതാണ് കോഡിങ് അടക്കമുള്ള സാങ്കേതിക പരിജ്ഞാനം. ഓണ്‍ലൈനില്‍ ലഭ്യമായ നിരവധി ട്യൂട്ടോറിയലുകള്‍ കണ്ടായിരുന്നു ഇക്കാര്യങ്ങള്‍ പഠിച്ചെടുത്തത്.

മകന്റെ കോഡിങ്ങിലുള്ള താല്‍പര്യമറിഞ്ഞ് പുതിയ ലാപ്‌ടോപ് വാങ്ങിക്കൊടുക്കാന്‍ ആലോചിക്കുകയാണ് നാഗ്പൂരില്‍ എന്‍ജിനീയറിങ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ രാജേഷും അശ്വിനിയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.