അമേരിക്കയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലി ഇന്തോനേഷ്യന്‍ സായുധ സേനാ മേധാവി ജനറല്‍ ആന്‍ഡിക പെര്‍കാസയ്ക്കൊപ്പം ഇന്തോനേഷ്യന്‍ ഹോണര്‍ ഗാര്‍ഡുകള്‍ പരിശോധിക്കുന്നു.
വാഷിങ്ടണ്‍: കഴിഞ്ഞ അഞ്ച് വര്‍ഷമായി ചൈനീസ് സൈന്യം കൂടുതല്‍ ആക്രമണാത്മകവും അപകടകരവുമായി മാറിയെന്ന് അമേരിക്കയുടെ ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. പസഫിക് മേഖലയിലെ അമേരിക്കയുടെ സഖ്യകക്ഷികള്‍ക്ക് ചൈന നിരന്തരം ഭീഷണി ഉയര്‍ത്തുകയാണെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലി പറഞ്ഞു. ഇന്തോനേഷ്യന്‍ സന്ദര്‍ശവേളയില്‍ ഇന്തോനേഷ്യന്‍ പ്രതിരോധ മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ആകാശത്തും കടലിലും പസഫിക് മേഖലയില്‍ ചൈനീസ് സൈന്യം കൂടുതല്‍ ആക്രമണാത്മകമായി മാറിയിരിക്കുന്നു. ചൈന അവരുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു മേഖലയാണ് ഇത്. മേഖലയിലുടനീളം തങ്ങളുടെ സ്വാധീനം വിപുലീകരിക്കാന്‍ ശ്രമിക്കുകയാണ്. ഈ മേഖലയില്‍ അമേരിക്കയ്ക്കും തങ്ങളുടെ സഖ്യകക്ഷികള്‍ക്കും അനുകൂലമല്ലാത്ത പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുണ്ട്.''- അദ്ദേഹം പറഞ്ഞു. 2027 ഓടെ ചൈന തായ്വാനെ ആക്രമിക്കാന്‍ സാധ്യത ശക്തമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ തിങ്കളാഴ്ച രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബീജിംഗിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെ അമേരിക്കന്‍ സൈനീക ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായുള്ള ജോക്കോ വിഡോഡോയുടെ കൂടിക്കാഴ്ചയ്ക്കിടെ വെളിപ്പെടുത്തല്‍ ചര്‍ച്ചാ വിഷയമായി വരും. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു വിദേശ നേതാവിനെ ചൈന വ്യക്തിഗതമായി സ്വീകരിക്കുന്നത്.
ചൈനയുടെ വര്‍ധിച്ചുവരുന്ന ഭീഷണിയുടെ പശ്ചാത്തലത്തിലായിരുന്നു മില്ലിയുടെ ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള പസഫിക് രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനം. വരുന്ന ആഴ്ച ഓസ്ട്രേലിയയില്‍ നടക്കുന്ന ഇന്‍ഡോ-പസഫിക് പ്രതിരോധ മേധാവികളുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. അവിടെ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക വളര്‍ച്ചയും പസഫിക്കില്‍ സമാധാനം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പ്രസംഗിക്കും.
സോളമന്‍ ദ്വീപുകളുമായി ഏപ്രിലില്‍ ചൈന ഒപ്പുവച്ച സുരക്ഷാ കരാര്‍ ദക്ഷിണ പസഫിക്കില്‍ ചൈനീസ് നാവിക താവളം സ്ഥാപിക്കുന്നതിലേക്ക് നയിച്ചേക്കുമെന്ന ആശങ്ക അമേരിക്കയ്ക്കും ഓസ്‌ട്രേലിയയ്ക്കും ഉണ്ട്. ചൈനയുടെ സൈനിക താവളത്തിന് ആതിഥേയത്വം വഹിക്കുന്നത് അനുവദിക്കാനികില്ലെന്ന് അമേരിക്കയും ഓസ്ട്രേലിയയും സോളമന്‍ ദ്വീപുകളെ അറിയിച്ചിരുന്നു. ചൈനയുടെ സൈനിക മുന്നേറ്റത്തെ തടയാന്‍ ഇന്തോ-പസഫിക് രാജ്യങ്ങളുമായുള്ള സൈനിക, സുരക്ഷാ ബന്ധം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.