വത്തിക്കാന്‍ സ്ഥാനപതി ഇന്ന് എറണാകുളത്ത്; അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലേക്ക്

വത്തിക്കാന്‍ സ്ഥാനപതി ഇന്ന് എറണാകുളത്ത്; അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലേക്ക്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ നേതൃത്വത്തില്‍ നിന്നും മാര്‍ ആന്റണി കരിയിലിനെ മാറ്റി നിര്‍ത്തി പുതിയ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാനാണ് വത്തിക്കാന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ട്.

ഇന്ന് എറണാകുളം-അങ്കമാലി ബിഷപ്പ് ഹൗസില്‍ എത്തുന്ന വത്തിക്കാന്‍ സ്ഥാനപതി മാര്‍പ്പാപ്പയ്ക്കു വേണ്ടി ഇത് സംബന്ധിച്ച പേപ്പല്‍ ബൂള ( പൊതു ഉത്തരവ്) പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് രാവിലെ ബിഷപ്പ് ഹൗസിലെത്തുന്ന ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡോ ജിറേലി മാര്‍ കരിയിലുമായി വിശദമായ ചര്‍ച്ചകള്‍ നടത്തും. അദ്ദേഹത്തെ കണ്ട് പ്രതിഷേധം അറിയിക്കാന്‍ വിമത വൈദികര്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മാര്‍പ്പാപ്പയും ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനും സീറോ മലബാര്‍ മെത്രാന്‍ സിനഡും ആവര്‍ത്തിച്ച് നല്‍കിയ നിര്‍ദേശങ്ങള്‍ നിരാകരിച്ചതിനാലാണ് മാര്‍ കരിയിലിനെതിരെ കാനോനിക നിയമപ്രകാരമുള്ള നടപടികളിലേക്ക് കടക്കുന്നത്.

പുതുതായി ചാര്‍ജ് എടുക്കുന്ന അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ എറണാകുളം അങ്കമാലി രൂപതക്കാരന്‍ ആയിരിക്കുമോ അതോ രൂപതയ്ക്ക് പുറത്തുള്ള മെത്രാനായിരിക്കുമോ എന്നത് അറിയാന്‍ വിശ്വാസികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സീറോ മലബാര്‍ സഭയും കത്തോലിക്കാ സഭയും നേരിടുന്ന കുര്‍ബ്ബാന ഏകീകരണ വിവാദത്തിനും അനുബന്ധ പ്രശ്‌നങ്ങള്‍ക്കും ഒരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസ സമൂഹം.

ഏതാനും വിമത വൈദികരുടെ നേതൃത്വത്തില്‍ ഈ തീരുമാനത്തിനെതിരെ ഭിന്നസ്വരം ഉണ്ടെങ്കിലും വത്തിക്കാന്റെ തീരുമാനത്തിന് വിരുദ്ധമായി ഭൂരിപക്ഷം വിശ്വാസികളും പെരുമാറില്ലെന്നാണ് സഭാ നേതൃത്വം കരുതുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.