കടലിനടിയിലൂടെ മയക്കുമരുന്ന് കടത്താന്‍ 'നാര്‍ക്കോ-ഡ്രോണുകള്‍'; ജാഗ്രതയില്‍ ഓസ്‌ട്രേലിയ

കടലിനടിയിലൂടെ മയക്കുമരുന്ന് കടത്താന്‍ 'നാര്‍ക്കോ-ഡ്രോണുകള്‍'; ജാഗ്രതയില്‍ ഓസ്‌ട്രേലിയ

പെര്‍ത്ത്: കടലിനടിയിലൂടെ റിമോട്ട് നിയന്ത്രിത ഡ്രോണുകള്‍ ഉപയോഗിച്ച് ഒരു കുഞ്ഞു പോലുമറിയാതെ മയക്കുമരുന്ന് കടത്താനുള്ള ശ്രമം സ്പാനിഷ് പോലീസ് അടുത്തിടെ തകര്‍ത്തതോടെ ഓസ്‌ട്രേലിയന്‍ പോലീസ് കനത്ത ജാഗ്രതയിലാണ്. ലഹരി മരുന്നിന്റെ വലിയ വിപണന കേന്ദ്രങ്ങളിലൊന്നായ ഓസ്‌ട്രേലിയയിലേക്ക് ഈ രീതിയില്‍ മയക്കുമരുന്ന് എത്തുമോയെന്ന ആശങ്കയാണ് പോലീസിനെ വലയ്ക്കുന്നത്. ഇത്തരം അണ്ടര്‍ വാട്ടര്‍ ഡ്രോണുകളെ തടയാന്‍ നിലവിലുള്ള നിയമസംവിധാനങ്ങള്‍ പര്യാപ്തമല്ലെന്ന് നിയമ വിദഗ്ധരും പറയുന്നു.

'നാര്‍ക്കോ-ഡ്രോണുകള്‍' എന്നറിയപ്പെടുന്ന, കടലിനടിയിലൂടെ സഞ്ചരിക്കുന്ന റിമോട്ട് നിയന്ത്രിത അണ്ടര്‍ വാട്ടര്‍ ഡ്രോണുകള്‍ ഉപയോഗിച്ചാണ് സ്പാനിഷ് സംഘം മയക്കുമരുന്ന് കടത്തിയത്. ഓരോന്നിലും 200 കിലോ വരെ ലഹരിമരുന്ന് ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ സാധിക്കും. ഫ്രഞ്ചു പൊലീസുമായി സഹകരിച്ച് ഒന്നര വര്‍ഷത്തോളം നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് സ്പാനിഷ് പോലീസ് സംഘം ഈ നൂതനമായ മയക്കുമരുന്ന് കടത്ത് രീതി കണ്ടെത്തിയതും അതിനു പിന്നിലെ സംഘത്തെ പിടികൂടിയതും.

രാജ്യാന്തര തലത്തില്‍ മയക്കുമരുന്ന് കടത്തുന്നതിന്റെ ഏറ്റവും അത്യാധുനിക രീതിയാണ് ഈ നാര്‍ക്കോ-ഡ്രോണുകള്‍ എന്നു വിലയിരുത്തപ്പെടുന്നു. ലോകത്തെവിടെയുമുള്ള ഒരു റിമോട്ട് ഓപ്പറേറ്ററുടെ നിയന്ത്രണത്തില്‍, മയക്കുമരുന്നുകളും മറ്റ് നിയമവിരുദ്ധ വസ്തുക്കളും ഈ രീതിയില്‍ സമുദ്രങ്ങളിലൂടെ കൊണ്ടുപോകാന്‍ കഴിയും. ഇത് രാജ്യങ്ങള്‍ക്ക് വലിയ സുരക്ഷാ ഭീഷണിയും ഉയര്‍ത്തുന്നുണ്ട്.


ജിബ്രാള്‍ട്ടര്‍ കടലിടുക്കിലൂടെ മയക്കുമരുന്നുമായി പാഞ്ഞ മൂന്ന് ഡ്രോണുകളെയാണ് സ്പാനിഷ് പൊലീസ് പിടിച്ചെടുത്തത്. അതിനു പിന്നില്‍ പ്രവര്‍ത്തിച്ച മയക്കുമരുന്ന് സംഘവും വലയിലാക്കി. മയക്കുമരുന്ന് കടത്തുന്ന രീതിയില്‍ ഡ്രോണുകളെ മാറ്റിയെടുത്ത സാങ്കേതിക വിദഗ്ധരെയും അവര്‍ പിടികൂടി. ഫ്രഞ്ച് മയക്കുമരുന്ന് സംഘങ്ങള്‍ക്ക് എത്തിക്കാനുള്ള കൊക്കെയ്‌നാണ് ഡ്രോണുകളില്‍നിന്നും പിടിച്ചെടുത്തത്.

കോടികള്‍ വില മതിക്കുന്ന മയക്കുമരുന്ന് ഓസ്ട്രേലിയയിലേക്ക് രഹസ്യമായി കയറ്റി അയയ്ക്കാന്‍ അധോലോക സംഘങ്ങള്‍ നിരവധി രീതികള്‍ പരീക്ഷിക്കുന്നുണ്ട്. ഓസ്ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്സും ഈ അത്യാധുനിക സ്വയം നിയന്ത്രിത വാഹനങ്ങളിലൂടെയുള്ള മയക്കു മരുന്ന് കടത്ത് തടയാനുള്ള ജാഗ്രതയിലാണ്. ഇത്തരത്തിലുള്ള കള്ളക്കടത്തിനെ നേരിടാന്‍ രാജ്യാന്തര സമുദ്ര നിയമങ്ങളും ഓസ്‌ട്രേലിയന്‍ നിയമങ്ങളും ഒരുപോലെ പ്രയോഗിക്കേണ്ടി വരും. ആര്‍ക്കെതിരേ എവിടെ വച്ച് എങ്ങനെ കേസ് എടുക്കും എന്നതടക്കമുള്ള പ്രതിസന്ധികള്‍ പോലീസ് നേരിടേണ്ടി വരും.

റിമോട്ട് കണ്‍ട്രോള്‍ വഴി ഇതിനെ നിയന്ത്രിക്കാം എന്നതാണ് മയക്കുമരുന്ന് കടത്തു സംഘങ്ങള്‍ അനുകൂല ഘടകമായി കാണുന്നത്. വളരെ കൃത്യമായി മയക്കുമരുന്ന് ഇവ ലക്ഷ്യസ്ഥാനത്തെത്തിക്കും. ആളില്ലാതെ സഞ്ചരിക്കുന്നതായതിനാല്‍ പൊലീസ് പിടിച്ചാലും ആളെക്കിട്ടില്ല.

ഒരു ക്രിമിനല്‍ സംഘം സമുദ്രത്തിലൂടെ ഇത്തരം ഡ്രോണുകള്‍ ഉപയോഗിക്കുമ്പോള്‍ ഏത് രാജ്യത്തിനാണ് നിയമപരമായ അധികാരപരിധി ഉള്ളതെന്ന് നിര്‍ണയിക്കുന്നതും സങ്കീര്‍ണ്ണമായ ഒരു പ്രശ്‌നമാണ്.

കടലില്‍ പിടിക്കപ്പെടുന്ന നാര്‍ക്കോ ഡ്രോണുകള്‍ നശിപ്പിക്കുക എന്നതാണ് പോലീസ് പരിഗണിക്കുന്നത്. അതേസമയം ഓസ്ട്രേലിയയിലെ മാരിടൈം പവേഴ്സ് ആക്ട് പ്രകാരം ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ ഇത്തരം വാഹനങ്ങള്‍ കടലില്‍ നശിപ്പിക്കാന്‍ അനുവദിക്കൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.