5 ജി സ്‌പെക്ട്രം ലേലത്തിന്റെ ആദ്യ ദിനം 1.45 ലക്ഷം കോടി കടന്നു; ഈ വര്‍ഷം അവസാനത്തോടെ 5 ജി സേവനം ലഭ്യമാകും

5 ജി സ്‌പെക്ട്രം ലേലത്തിന്റെ ആദ്യ ദിനം 1.45 ലക്ഷം കോടി കടന്നു; ഈ വര്‍ഷം അവസാനത്തോടെ 5 ജി സേവനം ലഭ്യമാകും

ന്യൂഡല്‍ഹി: 5ജി സ്‌പെക്ട്രം ലേലം തുടരുന്നു. പ്രധാന ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ, അദാനി ഡേറ്റ നെറ്റ് വര്‍ക്സ് എന്നിവയാണ് ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനികള്‍. ആദ്യ ദിനം 1.45 ലക്ഷം കോടി കടന്നതായി കേന്ദ്രസര്‍ക്കാര്‍. നാലു റൗണ്ട് പൂര്‍ത്തിയായപ്പോഴാണ് ലേല തുക 1.45 ലക്ഷം കോടി കടന്നത്. അഞ്ചാമത്തെ റൗണ്ട് നാളെ നടക്കും.

ഓഗസ്റ്റ് ഒന്നോടെ സ്പെക്ട്രം ലേലം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഈ വര്‍ഷം അവസാനത്തോടെ ഫൈവ് ജി സേവനം രാജ്യത്ത് നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു. 700 മെഗാ ഹെര്‍ട്സിലും ലേലം നടന്നതായും മന്ത്രി പറഞ്ഞു.

4.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന 5 ജി സ്‌പെക്ട്രം പരിധിയാണ് ലേലത്തിനുള്ളത്. 4 ജിയില്‍ 40 മിനിറ്റ് കൊണ്ട് ചെയ്യുന്ന 5 ജിബി സിനിമകള്‍ 5 ജി ഇന്റര്‍നെറ്റ് ഉപയോഗിച്ച് 35 സെക്കന്‍ഡിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനികളില്‍ റിലയന്‍സ് ജിയോ ആയിരിക്കും ഏറ്റവും കൂടുതല്‍ തുക ചെലവാക്കി സ്‌പെക്ട്രം വാങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വോഡഫോണ്‍- ഐഡിയയും അദാനി ഗ്രൂപ്പുമാണ് ലേലത്തില്‍ ഏറ്റവും കുറവ് തുക ചെലവഴിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലേലത്തിന് വേണ്ടി ജിയോ കെട്ടിവെച്ചത് 14,000 കോടി രൂപയാണ്. എന്നാല്‍, അദാനി ഗ്രൂപ്പ് കെട്ടിവെച്ചത് 100 കോടി രൂപ മാത്രമാണ്. ആകെ 21,800 കോടി രൂപ ഇതുവരെ എല്ലാ കമ്പനികളും കൂടി ലേലത്തില്‍ കെട്ടിവെച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.