സിഡ്നി എയര്‍പോര്‍ട്ട് ഏറ്റവും മോശം വിമാനത്താവളങ്ങളുടെ പട്ടികയിൽ; കാരണം സർവീസ് റദ്ദാക്കലും വൈകലും

 സിഡ്നി എയര്‍പോര്‍ട്ട് ഏറ്റവും മോശം വിമാനത്താവളങ്ങളുടെ പട്ടികയിൽ; കാരണം സർവീസ് റദ്ദാക്കലും വൈകലും

സിഡ്നി: ലോകത്തിലെ ഏറ്റവും മോശമായ 10 വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച നാണക്കേടുമായി സിഡ്നി എയര്‍പോര്‍ട്ട്. മൂടല്‍ മഞ്ഞും സാങ്കേതിക തകരാറുകളും മൂലം സ്ഥിരമായി വിമാന സര്‍വീസുകള്‍ വൈകുന്നതും റദ്ദാക്കുന്നതുമാണ് പട്ടികയില്‍ ഇടം പിടിക്കാനുള്ള കാരണം. അമേരിക്കന്‍ ടെക്നോളജി കമ്പനിയായ ഫ്‌ളൈറ്റ്അവെയര്‍ പുറത്തുവിട്ട ഡേറ്റയിലാണ് വിമാനത്താവളങ്ങളുടെ മോശം പ്രകടനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുള്ളത്.

വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നതില്‍ ആറാം സ്ഥാനത്താണ് സിഡ്നി എയര്‍പോര്‍ട്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെയുള്ള ഫ്‌ളൈറ്റ് റദ്ദാക്കല്‍ നിരക്ക് 5.9 ശതമാനമാണ്. വിമാനങ്ങള്‍ വൈകുന്നതില്‍ സിഡ്‌നി ഒമ്പതാം സ്ഥാനത്താണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 34.2 ശതമാനം വിമാനങ്ങള്‍ വൈകി.

സിഡ്‌നി വിമാനത്താവളത്തില്‍ ഇന്നലെ രാവിലെയും മൂടല്‍മഞ്ഞ് കാരണം വിമാനങ്ങള്‍ വൈകി. സാങ്കേതിക തകരാര്‍ മൂലം സുരക്ഷാ പരിശോധനകളും മന്ദഗതിയിലായി. സുരക്ഷാ പരിശോധനകള്‍ക്കായി വലിയ ക്യൂ അനുഭവപ്പെട്ടതോടെ യാത്രക്കാരും വലഞ്ഞു. ഇതിനു പിന്നാലെയാണ് മോശം വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

വിമാനങ്ങള്‍ റദ്ദാക്കുന്നതിന്റെ പേരില്‍ ചൈനയിലെ ഷെന്‍ഷെന്‍ ബാവാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. അമേരിക്കയിലെ നെവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ലാഗ്വാര്‍ഡിയ എയര്‍പോര്‍ട്ട് എന്നിവയും മോശം വിമാനത്താവളങ്ങളുടെ പട്ടികയില്‍ സിഡ്‌നിയേക്കാള്‍ മുന്നിലുണ്ട്്. മെയ് മുതല്‍ ഏഴു ശതമാനത്തിലധികം ഫ്‌ളൈറ്റുകളാണ് ഇവിടങ്ങളില്‍ റദ്ദാക്കിയത്.

ഫ്‌ളൈറ്റുകള്‍ സ്ഥിരം വൈകുന്നതിന്റെ പേരില്‍ കാനഡയിലെ ടൊറന്റോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ഒന്നാം സ്ഥാനത്ത്. 50 ശതമാനത്തിലധികം വിമാനങ്ങളാണ് ഇവിടെ വൈകി സര്‍വീസ് നടത്തുന്നത്.

ഓസ്ട്രേലിയന്‍ ഏവിയേഷന്‍ റിപ്പോര്‍ട്ട് പ്രകാരം, ഫ്‌ളൈറ്റ് വൈകലും റദ്ദാക്കലും ഏറ്റവും കൂടുതല്‍ നേരിട്ട മാസമാണ് ജൂണ്‍. കോവിഡിനു ശേഷമുള്ള ജീവനക്കാരുടെ കുറവും പ്രതികൂല കാലാവസ്ഥയും സ്‌കൂള്‍ അവധിക്കാല യാത്രകളിലെ വര്‍ധനയുമാണ് വിമാനത്താവളങ്ങളെ വലയ്ക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.