കൊല്‍ക്കത്ത: എസ്.എസ്.സി അഴിമതിക്കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ വസതിയില്‍ മോഷണം. ബുധനാഴ്ച രാത്രിയാണ് പാര്‍ത്ഥയുടെ സൗത്ത് 24 പര്‍ഗാനാസിലെ വീട്ടില്‍ മോഷണം നടന്നത്. വിലപിടിപ്പുള്ളത് ഉള്‍പ്പടെ നിരവധി വസ്തുക്കള്‍ മോഷ്ടാക്കള്‍ കൊണ്ടു പോയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ് പാര്‍ത്ഥ ചാറ്റര്‍ജി.
പൂട്ടു തകര്‍ത്ത് വീട്ടിനുള്ളില്‍ കയറിയ മോഷ്ടാക്കള്‍ വലിയ ബാഗില്‍ സാധനങ്ങള്‍ കൊണ്ടു പോകുന്നത് നാട്ടുകാര്‍ കണ്ടെങ്കിലും ഇ.ഡി ഉദ്യോഗസ്ഥരാണെന്ന് കരുതി ആരും തടയാന്‍ എത്താത്തത് കള്ളന്മാര്‍ക്ക് സഹായകമായി. വിശദമായ പരിശോധന നടന്നാലേ എന്തൊക്കെ മോഷണം പോയെന്ന് പറയാനാകൂ എന്നാണ് പൊലീസ് പറയുന്നത്. അടുത്ത അനുയായ അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് പാര്‍ത്ഥ ചാറ്റര്‍ജി അറസ്റ്റിലാകുന്നത്.
വീടിന്റെ പൂട്ട് തല്ലിപൊട്ടിച്ചാണ് കള്ളന്‍ വീടിനുള്ളില്‍ കയറുന്നത്. ഇഡി ഉദ്യോഗസ്ഥര്‍ വീണ്ടും റെയ്ഡിനെത്തിയെന്നാണ് അയല്‍വാസികള്‍ കരുതിയിരുന്നത്. പാര്‍ത്ഥ ചാറ്റര്‍ജിയുടെ വീട്ടില്‍ നിന്നും നിരവധി സാധനങ്ങള്‍ കള്ളന്‍ മോഷ്ടിച്ചുവെന്ന് ദൃക്‌സാക്ഷികളും വ്യക്തമാക്കുന്നു. വലിയ ബാഗുകളിലായി സാധനങ്ങള്‍ വാഹനത്തില്‍ കയറ്റി കൊണ്ടു പോയെന്നും ഇ.ഡി ഉദ്യോഗസ്ഥരാണെന്ന് കരുതിയാണ് ചോദ്യം ചെയ്യാഞ്ഞതെന്നും സമീപവാസികള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
2016ലെ മമത മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നടത്തിയ നിയമനങ്ങള്‍ക്ക് കോഴ വാങ്ങിയെന്ന കേസിലാണ് ഇ.ഡി പാര്‍ത്ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മിഷനും പശ്ചിമ ബംഗാള്‍ പ്രൈമറി എജുക്കേഷന്‍ ബോര്‍ഡും വഴിയുള്ള നിയമനങ്ങളിലാണ് കോഴ ഇടപാട് നടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.