ചത്ത എട്ടുകാലിയെ റോബോട്ടാക്കി മാറ്റി അമേരിക്കയിലെ ഗവേഷകര്‍; വീഡിയോ

ചത്ത എട്ടുകാലിയെ റോബോട്ടാക്കി മാറ്റി അമേരിക്കയിലെ ഗവേഷകര്‍; വീഡിയോ

ഹൂസ്റ്റണ്‍: ചത്ത എട്ടുകാലിയെ ദൂരെക്കളയാതെ അതിനെ റോബോട്ടാക്കി മാറ്റിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. ചത്ത ചിലന്തിയുടെ കാലുകളിലേക്ക് വായു പമ്പ് ചെയ്ത് അവയെ വസ്തുക്കളെ പിടിക്കാന്‍ കഴിയുന്ന തരത്തില്‍ മാറ്റിയെടുത്തിരിക്കുകയാണ് അമേരിക്കയിലെ ഗവേഷകര്‍. പ്രാണികളെ പിടിക്കാനോ ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സംയോജിപ്പിക്കുന്ന ജോലികള്‍ക്കോ ഇവയെ പ്രയോജനപ്പെടുത്താമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. അമേരിക്കയിലെ റൈസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് വ്യത്യസ്തമായ ഈ ഗവേഷണത്തിനു പിന്നില്‍.



'നെക്രോബോട്ടിക് സ്‌പൈഡര്‍' എന്നാണ് ഈ പരീക്ഷണത്തിന് ഗവേഷകര്‍ നല്‍കിയ പേര്. മനുഷ്യരില്‍ നിന്നും മറ്റ് സസ്തനികളില്‍ നിന്നും വ്യത്യസ്തമായി ചിലന്തികള്‍ അവയുടെ കൈകാലുകള്‍ ചലിപ്പിക്കാന്‍ പേശികള്‍ക്കു പകരം ഹൈഡ്രോളിക് സംവിധാനമാണ് ഉപയോഗിക്കുന്നത്. എട്ടുകാലിയുടെ തലയ്ക്ക് സമീപമുള്ള ഒരു അറ ചുരുങ്ങുമ്പോഴാണ് കാലുകളിലേക്ക് രക്തം ഒഴുകുന്നത്. ഈ സമ്മര്‍ദ്ദം മൂലമാണ് അവ കാലുകള്‍ നീട്ടുന്നത്. അറ വികസിച്ച് സമ്മര്‍ദ്ദം കുറയുമ്പോള്‍ കാലുകള്‍ ചുരുങ്ങുകയും ചെയ്യും. ഈ ഹൈഡ്രോളിക് പ്രവര്‍ത്തനം നിയന്ത്രിക്കാനാണ് ശാസ്ത്രജ്ഞര്‍ പരിശ്രമിച്ചത്.



ചിലന്തിയുടെ നടുഭാഗത്തുള്ള പ്രോസോമ അറയില്‍ ഒരു സൂചി തിരുകുകയും സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച് സീല്‍ ചെയ്ത് വയ്ക്കുകയും ചെയ്തു. സിറിഞ്ചിലൂടെ വായൂ കയറ്റിവിട്ടപ്പോള്‍ ചിലന്തിയുടെ കാലുകള്‍ വികസിച്ചു. ഒരു സെക്കന്‍ഡിനുള്ളില്‍ ചലനം ഉണ്ടായെന്നാണ് ഗവേഷകര്‍ പറയുന്നത്.

റോബോട്ട് ചിലന്തിയെ ഉപയോഗിച്ച് പല ചെറിയ വസ്തുക്കള്‍ ഉയര്‍ത്താനും സംഘത്തിന് കഴിഞ്ഞു. ചത്ത ചിലന്തികള്‍ക്ക് സ്വന്തം ശരീരഭാരത്തിന്റെ 130 ശതമാനത്തിലധികം ഭാരം ഉയര്‍ത്താന്‍ കഴിയുമെന്നാണ് സംഘം വിലയിരുത്തിയത്. ചെറിയ ചിലന്തികള്‍ കൂടുതല്‍ ഭാരം ഉയര്‍ത്തുമെന്നാണ് ഇവര്‍ പറയുന്നത്. നേരെമറിച്ച്, ചിലന്തി വലുതാണെങ്കില്‍, ശരീരഭാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവ ഉയര്‍ത്തുന്ന ഭാരം കുറവാണെന്നും അവര്‍ കണ്ടെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.