അര്‍പിതയുടെ നാലാമത്തെ വീട്ടിലും ഇ.ഡി റെയ്ഡ്; ഇതുവരെ പിടിച്ചെടുത്ത തുക 50 കോടി രൂപ

അര്‍പിതയുടെ നാലാമത്തെ വീട്ടിലും ഇ.ഡി റെയ്ഡ്; ഇതുവരെ പിടിച്ചെടുത്ത തുക 50 കോടി രൂപ

കൊൽക്കത്ത: അധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് നടി അർപിത മുഖർജിയുടെ നാലാമത്തെ വീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. കഴിഞ്ഞദിവസം അർപിതയുടെ കൊൽക്കത്തയിലെ വിവിധ അപ്പാർട്ടുമെന്റുകളിൽ ഇ.ഡി നടത്തിയ റെയ്ഡിൽ 30 കോടിയോളം രൂപ കണ്ടെടുത്തിരുന്നു.

നിയമന കുംഭകോണ കേസിൽ അറസ്റ്റിലായ തൃണമൂൽ മുൻമന്ത്രി പാർഥാ ചാറ്റർജിയുടെ അടുത്ത അനുയായിയാണ് അർപിത. ഇവരുടെ വിവിധ അപ്പാർട്ടുമെന്റുകളിൽ ഇ.ഡി. ഇതുവരെ നടത്തിയ റെയ്ഡുകളിൽ അൻപതുകോടി രൂപയോളം പിടിച്ചെടുത്തതായാണ് വിവരം. ഇ.ഡിയുടെ ചരിത്രത്തിൽത്തന്നെ ഇത്രയധികം തുക പിടിച്ചെടുക്കുന്നത് ഇതാദ്യമായാണ്.

അഴിമതിക്കേസിൽ പെട്ടതിന് പിന്നാലെ മന്ത്രിസ്ഥാനത്തുനിന്നും പാർട്ടിയുടെ വിവിധ ചുമതലകളിൽനിന്നും പാർഥയെ ഇന്നലെ നീക്കം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാർഥ സർക്കാർ സ്കൂളുകളിലെ അധ്യാപക നിയമനത്തിന് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.

വ്യാഴാഴ്ച കൊൽക്കത്തയിലെ ചിനാർ പാർക്കിലെ അപ്പാർട്ട്മെന്റിൽ കേന്ദ്ര സേനയ്ക്കൊപ്പമാണ് ഇ.ഡി ഉദ്യോഗസ്ഥർ തിരച്ചിലിന് എത്തിയത്. അർപിത മുഖർജിയുടെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റിൽനിന്ന് 29 കോടി രൂപയും അഞ്ച് കിലോ സ്വർണവും കണ്ടെടുത്ത് മണിക്കൂറുകൾക്കു ശേഷമായിരുന്നു ഇത്. അർപിതയുടെ ബേൽഘരിയയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ പത്തുപെട്ടി പണവുമായാണ് ഇ.ഡി ഉദ്യോഗസ്ഥർ മടങ്ങിയത്. 18 മണിക്കൂർ നീണ്ട റെയ്ഡിന് പിന്നാലെ ആയിരുന്നു ഇത്. മുപ്പതുകാരിയായ അർപിത നടിയും മോഡലും ഇൻസ്റ്റഗ്രാം താരവുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.