മതേതര ലോകത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ കനേഡിയന്‍ വൈദികരെ ക്ഷണിച്ച് മാര്‍പാപ്പ

മതേതര ലോകത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ കനേഡിയന്‍ വൈദികരെ ക്ഷണിച്ച് മാര്‍പാപ്പ

നോട്ടര്‍ ഡാം: കാനഡയിലേക്കുള്ള തന്റെ അപ്പസ്‌തോലിക യാത്രയുടെ അഞ്ചാം ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പ മതേതര ലോകത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ കനേഡിയന്‍ വൈദികരെ ക്ഷണിച്ചു. നോട്ടര്‍-ഡാം ഡി ക്യൂബെക്കിലെ ബസിലിക്കയില്‍ വ്യാഴാഴ്ച നടത്തിയ പ്രസംഗത്തിനിടെയാണ് കാനഡയിലെ ബിഷപ്പുമാരെയും വൈദികരെയും അജപാലനകരെയും വിശ്വാസ പ്രഖ്യാപനത്തിന് തടസമാകുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ മാര്‍പാപ്പ ക്ഷണിച്ചത്.

''ദൈവത്തിന്റെ ആട്ടിന്‍കൂട്ടത്തെ പരിപാലിക്കാന്‍ വിശുദ്ധ പത്രോസിനെ ദൈവം ക്ഷണിച്ചതുപോലെ ക്രിസ്തീയ വിശ്വാസികളായ ആട്ടിന്‍കൂട്ടത്തെ പരിപാലിക്കാന്‍ സഭ വൈദീകരെയും മെത്രാന്മാരെയും ക്ഷണിക്കുന്നു. യേശുവിന്റെ കരുതലും മുറിവുകളോടുള്ള അവന്റെ അനുകമ്പയും ലേകത്തിന് കാട്ടിക്കൊടുക്കാന്‍ വേണ്ടി''-മാര്‍പ്പാപ്പ പറഞ്ഞു.

ആട്ടിന്‍കൂട്ടത്തെ പരിപാലിക്കുന്നത് 'ഭക്തിയോടും ആര്‍ദ്രമായ സ്‌നേഹത്തോടും കൂടി' ചെയ്യണമെന്ന് മാര്‍പ്പാപ്പ പറഞ്ഞു. ''വിശുദ്ധ പത്രോസ് ആവശ്യപ്പെടും പോലെ അതിനെ നയിക്കുകയും നേര്‍വഴിക്ക് നടത്തുകയും ചെയ്യണം. അത് കര്‍ത്തവ്യമായല്ല. മതപ്രവര്‍ത്തകരെപ്പോലെയോ വിശ്വാസം അടിച്ചേല്‍പ്പിക്കുന്നവരെപ്പോലെയോ അല്ല. മറിച്ച് തീക്ഷ്ണതയോടെയും ഇടയന്റെ ഹൃദയത്തോടെയുമാകണം. കാരണം 'നാം ക്രിസ്തുവിന്റെ അടയാളമാണ്.'' മാര്‍പ്പാപ്പ പറഞ്ഞു.



''അജപാലകരും ക്രിസ്തുവിന്റെ കരുണാര്‍ദ്രമായ സ്നേഹത്താല്‍ പരിചരിക്കുന്നവരും ദൈവത്തിന്റെ സാമീപ്യം അനുഭവിക്കുന്നവരാണ്. വിശ്വാസത്തിന്റെയും ക്രൈസ്തവ സന്തോഷത്തിന്റെയും ഉറവിടം അതാണ്. ക്രൈസ്തവ സന്തോഷം എന്നത് ഹൃദയങ്ങളില്‍ നിലനില്‍ക്കുന്ന സമാധാനത്തിന്റെ അനുഭവമാണ്. അത് സമ്പത്ത്, സുഖം, സുരക്ഷിതത്വം എന്നിവയെ കുറിച്ചുള്ള 'വിലകുറഞ്ഞ സന്തോഷം' അല്ല. അതിനാല്‍ സന്തോഷത്തിന്റെ കാര്യത്തില്‍ നാം എവിടെ നില്‍ക്കുന്നു എന്ന് സ്വയം ചോദിക്കണം.''

മതേതര ലോകത്തെക്കുറിച്ചുള്ള നമ്മുടെ വിവേചനാധികാരം പുനപരിശോധിക്കുന്നതിന് യാഥാര്‍ത്ഥ്യത്തെയും മനുഷ്യജീവിതത്തെയും നിയന്ത്രിക്കുന്ന നിയമങ്ങള്‍ കണ്ടെത്തുന്നതിനുള്ള കഴിവുണ്ടാകണം. നിരീശ്വരവാദത്തിന്റെ പുതിയ രൂപമായാണ് മതേതരത്വത്തെ പോള്‍ ആറാമന്‍ വേര്‍തിരിച്ചത്. സഭ എന്ന നിലയിലും ദൈവജനങ്ങളുടെ ഇടയന്മാര്‍ എന്ന നിലയിലും അജപാലകര്‍ എന്ന നിലയിലും ഈ വ്യത്യാസങ്ങള്‍ തിരിച്ചറിയാനാകണം''-മാര്‍പ്പാപ്പ പറഞ്ഞു.

''നിങ്ങള്‍ക്കൊപ്പം, എല്ലാ ഇരകളോടും ഒരിക്കല്‍ കൂടി മാപ്പ് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നാം അനുഭവിക്കുന്ന വേദനയും നാണക്കേടും പരിവര്‍ത്തനത്തിനുള്ള അവസരമായി മാറണം: ഇനിയൊരിക്കലും ഇതാവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കരുതല്‍ ഉണ്ടാകണം''. നമ്മുടെ സഹോദരീസഹോദരന്മാരേക്കാള്‍ ശ്രേഷ്ഠരാണെന്ന് ബിഷപ്പുമാരും വൈദികരും സ്വയം കരുതരുതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26