തീ പിടുത്തത്തില്‍ കത്തി നശിച്ച നോത്രെ ദാം കത്തീഡ്രലിന്റെ പുനരുദ്ധാരണം അവസാനഘട്ടത്തില്‍; 2024ല്‍ തുറന്നു കൊടുക്കും

തീ പിടുത്തത്തില്‍ കത്തി നശിച്ച നോത്രെ ദാം കത്തീഡ്രലിന്റെ പുനരുദ്ധാരണം അവസാനഘട്ടത്തില്‍; 2024ല്‍ തുറന്നു കൊടുക്കും

പാരീസ്: പൈതൃക പ്രാധാന്യമുള്ള പാരിസിലെ നോത്രെ ദാം കത്തീഡ്രല്‍ അടുത്ത വര്‍ഷം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. തീ പിടുത്തത്തില്‍ ഉണ്ടായ കേടുപാടുകള്‍ പരിഹരിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും 2024 പകുതിയോടെ പള്ളി തുറന്നുകൊടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണെന്നും സാംസ്‌കാരിക മന്ത്രി റിമ അബ്ദുള്‍ മലക് വ്യാഴാഴ്ച പറഞ്ഞു.

2019 ല്‍ ഉണ്ടായ തീ പിടുത്തത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കത്തീഡ്രല്‍ പള്ളിയുടെ മേല്‍ക്കൂര കത്തി നശിക്കുകയും ശേഷിച്ച ഭാഗം തകര്‍ന്നു വീഴുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പള്ളി അടച്ചിട്ടു. പള്ളി നവീകരിക്കുന്നതിനായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് സഹായം ഒഴുകിയെത്തി. തുടര്‍ന്നാണ് സര്‍ക്കാരിന്റെയും സഭാ നേതൃത്വത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പള്ളിയുടെ നവീകരണ പ്രവര്‍ത്തികള്‍ക്ക് തുടക്കമിട്ടത്.

'2024 ഈ ജോലിയുടെ വലിയൊരു ഭാഗം പൂര്‍ത്തിയായ വര്‍ഷമാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, കത്തീഡ്രല്‍ ആരാധകര്‍ക്കും പൊതുജനങ്ങള്‍ക്കുമായി വീണ്ടും തുറക്കുന്ന വര്‍ഷമായിരിക്കും അത്,'' നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ മന്ത്രി അബ്ദുള്‍ മലക് പറഞ്ഞു.



2019 ഏപ്രിലിലെ തീപിടുത്തത്തിന് തൊട്ടുപിന്നാലെ, കത്തീഡ്രല്‍ പുനര്‍നിര്‍മിക്കുമെന്നും ഒളിമ്പിക് ഗെയിംസിന് ഫ്രാന്‍സ് ആതിഥേയത്വം വഹിക്കുന്ന 2024 ഓടെ ഇത് ആരാധനയ്ക്കായി തുറന്നു നല്‍കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞിരുന്നു.

1800 കളുടെ മധ്യത്തില്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്നതാണ് നോത്രെ ദാം കത്തീഡ്രല്‍ പള്ളി. വിശ്വ സാഹിത്യകാരന്‍ വിക്ടര്‍ ഹ്യൂഗോയുടെ നോത്ര ദാമിലെ കൂനന്‍ എന്ന നോവലിലൂടെയാണ് കത്തീഡ്രല്‍ പള്ളിയും അതിന്റെ ചരിത്രപരവും സൗന്ദര്യ ശാസ്ത്ര പരവുമായ മേന്മകള്‍ ലോകം അറിഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26