കോട്ടയം: ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ തള്ളി പാലാ എംഎല്‍എ മാണി സി കാപ്പന്‍. ബിജെപിയിലേക്ക് പോകുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ ബിജെപിയില്‍ ചേരുകയാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ചിലര്‍ ആഘോഷിക്കുകയാണെന്നും മാണി സി കാപ്പന്‍ കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ താന്‍ സംസാരിച്ചിട്ടില്ല. ഏറെ വര്‍ഷത്തെ ആത്മബന്ധമാണ് തനിക്ക് സുധാകരനുമായിട്ടുള്ളതെന്നും കൂട്ടിച്ചേർത്തു.
മാണി സി കാപ്പൻ എംഎൽഎ ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കാപ്പൻ യുഡിഎഫിന്റെ ഭാഗമാണ്. യുഡിഎഫിന്റെ അടിത്തറ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മാണി സി കാപ്പന്‍ ബിജെപിയിലേക്ക് കൂടുമാറുമെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. ബിജെപിയില്‍ അവസരം കിട്ടിയാല്‍ പലരും പോകും. പക്ഷേ കാപ്പന്‍ ബിജെപിയിലേക്ക് പോകുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. പ്രചരണവുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തിയ അന്വേഷണത്തില്‍ കാപ്പന്‍ കൂടുമാറില്ലെന്നാണ് വ്യക്തമായതെന്നും സജി മഞ്ഞക്കടമ്പില്‍ പ്രതികരിച്ചു.
ഞങ്ങളൊക്കെ ചോര നീരാക്കി പണിയെടുത്താണ് പാലായില്‍ കാപ്പന്‍ വിജയിച്ചത്. അദ്ദേഹം വിശ്വാസ വഞ്ചന കാണിക്കുമെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. ജോസ് കെ മാണി കാണിച്ച പോലുള്ള മണ്ടത്തരം മാണി സി കാപ്പന്‍ കാണിക്കുമെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.