തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്നും കുടുംബം ആരോപിക്കുന്നത് പോലെ ദുരൂഹതയില്ലെന്നും സിബിഐ കണ്ടെത്തിയിരുന്നു. സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ബാലഭാസ്‌കറിന്റെ കുടുംബം ഹര്‍ജി നല്‍കുകയായിരുന്നു.
സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. ബാലഭാസ്‌കറിന്റെ ഡ്രൈവറും കേസിലെ ഏക പ്രതിയുമായ അര്‍ജുനെ ഓഗസ്റ്റ് ഒന്നിന് ജഡ്ജി ആര്‍. രേഖ വിളിച്ചു വരുത്തിയിട്ടുണ്ട്. കീഴ്ക്കോടതി വിധിക്കെതിരെ ബാലഭാസ്‌കറിന്റെ കുടുംബം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.
അന്വേഷണം അട്ടിമറിക്കാന്‍ തുടക്കം മുതലേ ശ്രമം നടന്നു എന്നും അപകടം ഉണ്ടാക്കിയത് സ്വര്‍ണക്കടത്ത് സംഘമാണെന്ന് വിശ്വസിക്കുന്നുവെന്നും ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണി പറഞ്ഞു. തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് ദേശീയപാതയില്‍ പള്ളിപ്പുറത്തു വച്ച് 2018 സെപ്തംബര്‍ 25 ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്.
കുഞ്ഞ് അപ്പോള്‍ത്തന്നെ മരിച്ചു. ചികിത്സയിലിരിക്കെയാണ് ബാലഭാസ്‌കര്‍ മരിച്ചത്. വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുകേസില്‍ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ പ്രതിയായതോടെയാണ് അപകടത്തില്‍ ബന്ധുക്കള്‍ക്ക് സംശയം ഉണ്ടായതും കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടതും. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അപകടത്തില്‍ ദുരൂഹതകളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.