ന്യൂ സൗത്ത് വെയില്‍സ്: ബഹിരാകാശ അവശിഷ്ടങ്ങളുടെ വലിയ കഷണം ആകാശത്ത് നിന്ന് ഓസ്ട്രേലിയയിലെ ആടു ഫാമില്‍ പതിച്ചതായി റിപ്പോര്‍ട്ട്. തെക്കന്‍ ന്യൂ സൗത്ത് വെയില്‍സിലെ മഞ്ഞുമലകള്‍ക്ക് സമീപമുള്ള ഫാമിലാണ് ബഹിരാകാശ അവശിഷ്ടം വീണതായി പറയുന്നത്. വലിയ ശബ്ദത്തോടെയാണ് 10 അടിയോളം വരുന്ന ലോഹക്കഷണം തറയില്‍ പതിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ജൂലൈ 25നാണ് മിക്ക് മൈനേഴ്‌സ് എന്ന വ്യക്തി തന്റെ ആടു ഫാമില്‍ വലുപ്പമേറിയതും കത്തിക്കരിഞ്ഞതുമായ ഒരു വസ്തു കണ്ടത്. ചെമ്മരിയാടുകളുടെ ഇടയില്‍ തറയില്‍ തറച്ച നിലയിലായിരുന്നു അത്. ഏകദേശം 10 അടിയോളം വലുപ്പം ഇതിനുണ്ടായിരുന്നു എന്ന് മൈനേഴ്‌സ് പറയുന്നു. ഉടന്‍ തന്നെ പൊലീസിനെയും പ്രാദേശിക സര്‍ക്കാര്‍ പ്രതിനിധികളെയും വിവരം അറിയിച്ചു.
സ്പേസ് എക്സ് വിക്ഷേപിച്ച ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങളാകാം ഇതെന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റി കോളജ് ഓഫ് സയന്‍സിലെ ജ്യോതി ശാസ്ത്രജ്ഞന്‍ ബ്രാഡ് ടക്കര്‍ പറഞ്ഞു. 2020 ല്‍ വിക്ഷേപിച്ചതാകാം ഇതെന്ന് കരുതുന്നു. ഇതുവരെ ഓസ്‌ട്രേലിയയില്‍ പതിച്ചിട്ടുള്ളതില്‍ ഏറ്റവും വലിപ്പമുള്ള ബഹിരാകാശ അവശിഷ്ടമാണിതെന്നും ടക്കര്‍ പറഞ്ഞു.
ബഹിരാകാശ വിക്ഷേപിക്കുന്ന പേകടത്തിലെ ഇന്ധനം തീര്‍ന്നുകഴിഞ്ഞാല്‍ അതിന്റെ ഭാരം കുറയ്ക്കുന്നതിനായി ശൂന്യമായ ഭാഗങ്ങള്‍ അടര്‍ത്തി ഭൂമിയിലേക്ക് തിരിച്ചു വിടുകയാണ് പതിവ്. ഇവ ഏതെങ്കിലും സമുദ്രത്തില്‍ പതിക്കും വരെ വിക്ഷേപണ കേന്ദ്രത്തിന്റെ ഒരു നിയന്ത്രണം ഉണ്ടാകും. ഇത്തരത്തില്‍ പസഫിക് സമുദ്രത്തില്‍ പതിക്കേണ്ട അവശിഷ്ടമാണ് ഇപ്പോള്‍ ജനവാസ മേഖലയില്‍ പതിച്ച ഈ അവശിഷ്ടമെന്നും ടക്കര്‍ പറഞ്ഞു.
റോക്കറ്റ് വിക്ഷേപണ ദൗത്യത്തിന് ശേഷം ഉണ്ടാകുന്ന അവശിഷ്ടങ്ങള്‍ സാധാരണയായി ജനവാസമില്ലാത്ത സ്ഥലങ്ങളിലും അല്ലെങ്കിലും സമുദ്രങ്ങളിലും പതിക്കുന്ന വിധമാണ് നിയന്ത്രിക്കാറുള്ളത്. ചിലപ്പോഴൊക്കെ ബഹിരാകാശ അവശിഷ്ടങ്ങള്‍ക്ക് വിക്ഷേപണ കേന്ദ്രമായുള്ള ബന്ധം നഷ്ടപ്പെടുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. ഈ അവസരങ്ങളില്‍ നിയന്ത്രണം തെറ്റിയെത്തുന്ന അവശിഷ്ടങ്ങള്‍ വീഴുക മിക്കവാറും ജനവാസ കേന്ദ്രങ്ങളിലൊക്കെയാകും. ഇത്തരത്തില്‍ വലിയ അപകടങ്ങള്‍ വഴിവച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹിരാകാശ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയില്‍ പതിക്കുന്ന സ്ഥിതിവിശേഷം അതിവ ഗുരുതരമാണെന്ന് നാസ ആശങ്കപ്പെടുന്നു. ബഹിരാകാശത്തേക്കുള്ള റോക്കറ്റ് വിക്ഷേപണങ്ങളുടെ എണ്ണം കൂടി വരുന്നതിനാല്‍ അപകടസാധ്യതയും വര്‍ധിക്കുന്നുണ്ട്. അടുത്ത ദശകത്തില്‍ ബഹിരാകാശ അവശിഷ്ടങ്ങള്‍ വീണ് ആളുകള്‍ മരിക്കുന്ന സ്ഥിതി വിശേഷം വരെ ഉണ്ടായേക്കുമെന്നും നാസ മുന്നറിയിപ്പ് തരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.