നിയന്ത്രണം തെറ്റിയ ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു; ഭീഷണി ഒഴിവായി

നിയന്ത്രണം തെറ്റിയ ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു; ഭീഷണി ഒഴിവായി

ബീജിങ്: ആശങ്കകള്‍ക്ക് വിരാമമിട്ട് ചൈനീസ് റോക്കറ്റ് ഒടുവില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു. നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഏറെ ആശങ്കയ്ക്കിടയാക്കിയെങ്കിലും ഒടുവില്‍ തീപിടിച്ച് സമുദ്രത്തില്‍ പതിച്ചതോടെ ആശ്വാസമായി. ശനിയാഴ്ച അര്‍ധരാത്രി 12.45-നായിരുന്നു റോക്കറ്റ് ഭൂമിയില്‍ തിരികെ പതിച്ചത്.

ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിച്ച ചൈനയുടെ കൂറ്റന്‍ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഏതുനിമിഷവും ഭൂമിയില്‍ പതിക്കുമെന്നായിരുന്നു ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ജനവാസ മേഖലയിലേക്ക് പതിച്ചാല്‍ വലിയ അപകടങ്ങള്‍ക്കും ഇത് കാരണമാകുമായിരുന്നു. എന്നാല്‍ ശനിയാഴ്ച രാത്രിയോടെ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു. ഇക്കാര്യം യുഎസിലേയും ചൈനയിലേയും അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ചൈനയുടെ 21 ടണ്‍ ഭാരമുള്ള ലോങ് മാര്‍ച്ച് 5ബി വൈ3 എന്ന റോക്കറ്റാണ് ബഹിരാകാശനിലയത്തിലെത്താതെ തിരികെ പതിച്ചത്. ജൂലൈ 24നായിരുന്നു റോക്കറ്റ് വിക്ഷേപിച്ചത്. ചൈനയുടെ ഹനാന്‍ ദ്വീപില്‍ നിന്ന് വിക്ഷേപിച്ച റോക്കറ്റിന്റെ നിയന്ത്രണം വിട്ടതായി അടുത്ത ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്തിരുന്നു.

ഭ്രമണപഥത്തില്‍ നിര്‍മാണത്തിലിരിക്കുന്ന പുതിയ ചൈനീസ് ബഹിരാകാശ നിലയത്തിലേക്ക് ലബോറട്ടറി മൊഡ്യൂള്‍ എത്തിക്കുന്നതിനായാണ് ലോങ് മാര്‍ച്ച് 5 ബിവൈ വിക്ഷേപിച്ചത്. 2020ന് ശേഷമുള്ള ചൈനയുടെ ഏറ്റവും ശക്തമായ മൂന്നാമത്തെ റോക്കറ്റ് വിക്ഷേപണമായിരുന്നു ഇത്.

അതേസമയം റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് തിരിച്ച് വരുന്നതിന്റെ ദൃശ്യങ്ങള്‍ ജനങ്ങള്‍ മൊബൈലുകളില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ആകാശത്ത് സഞ്ചരിക്കുന്ന അത്ഭുത വസ്തുവിന് സമാനമായാണ് റോക്കറ്റിനെ പലരും വിലയിരുത്തിയത്. ചൈനീസ് റോക്കറ്റ് നിയന്ത്രണം വിട്ട് പതിക്കുന്നതാണെന്ന യാഥാര്‍ത്ഥ്യം പലരും തിരിച്ചറിഞ്ഞില്ല.

കഴിഞ്ഞ വര്‍ഷങ്ങളിലും ചൈനീസ് ബഹിരാകാശ സംവിധാനങ്ങള്‍ ലോകത്തിനു ഭീഷണിയുയര്‍ത്തിയിട്ടുണ്ട്. 2018 ഏപ്രില്‍ രണ്ടിനു ചൈനയുടെ ടിയാന്‍ഗോങ് 1 ബഹിരാകാശ നിലയം അനിയന്ത്രിതമായി തിരിച്ചിറങ്ങി പ്രതിസന്ധി സൃഷ്ടിച്ചു കടലില്‍ വീണു. കഴിഞ്ഞ മേയില്‍ മറ്റൊരു ലോങ് മാര്‍ച്ച് 5 ബി റോക്കറ്റ് ആഫ്രിക്കയിലെ ഐവറി കോസ്റ്റിനു സമീപം തകര്‍ന്നു വീണിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.