ഇഷ്ടമില്ലാത്ത എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെടുമ്പോൾ ഒരു പിഞ്ചു കുട്ടി പ്രതികരിക്കുന്നത് എങ്ങനെയാണെന്ന് എപ്പോഴെങ്കിലും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? മനസ്സിലെ സംഘർഷമെല്ലാം ആ കുഞ്ഞുമുഖത്ത് വ്യക്തമായി പ്രതിഫലിക്കുന്നതു നിങ്ങൾക്കു കാണാൻ കഴിഞ്ഞേക്കും. മാതാപിതാക്കളുടെ അധികാരത്തെ ആദരിക്കേണ്ടതാണെന്നു കുട്ടിക്ക് അറിയാം. എന്നാൽ ഇപ്പോൾ അനുസരിക്കാൻ അവനു മനസ്സില്ല, അത്രതന്നെ. ഈ കുട്ടിയുടെ മനഃസ്ഥിതി,നിർഭാഗ്യവശാൽ ഇന്ന് എറണാകുളം അതിരൂപതയിലെ ഏതാനും വൈദികരും അവരുടെ കൂട്ടാളികളായ ചിലരും അഭിമുഖീകരിക്കുന്ന ഒരു വസ്‌തുതയിലേക്കാണു ഞാൻ വിരൽ ചൂണ്ടുന്നത്.
മാർപ്പാപ്പ പറഞ്ഞിട്ടും അനുസരിക്കാൻ കഴിവില്ലാത്തവർ എന്തിനാണ് സഭയിൽ നിലനിൽക്കുന്നത്?സീറോ മലബാര്‍ സഭയെ ഉന്മൂലനം ചെയ്യുമെന്ന വാശിയിലാണ് വിമത വൈദികര്‍ എന്ന പേരില്‍ രംഗത്തിറങ്ങിയിരിക്കുന്ന വ്യക്തികൾ. ഇവരെ ഒരു നിഗൂഢ സംഘം ഏറ്റെടുത്തു കഴിഞ്ഞു. ഈ സംഘത്തെ നയിക്കുന്നത് പിശാചാണെന്നു മനസ്സിലാക്കാന്‍ മറ്റെന്തെങ്കിലും തെളിവുകള്‍ ആവശ്യമുള്ളതായി കരുതുന്നില്ല. സീറോ മലബാര്‍ സഭയില്‍ ഇപ്പോള്‍ നടക്കുന്ന പോരാട്ടം തിന്മയും നന്മയും തമ്മിലാണ്. വിശ്വാസികളുടെ ആത്മീയ കാര്യങ്ങളില്‍ യാതൊരു ശ്രദ്ധയുമില്ലാത്തവരും, ഭൗമികമായ താത്പര്യങ്ങള്‍ മാത്രം വെച്ചു പുലര്‍ത്തുന്നവരുമാണ് വിമതർ.
കർത്താവായ ക്രിസ്തു വന്നു പറഞ്ഞാൽ പോലും അനുസരിക്കാത്തവരെ എന്ത് ചെയ്യണം? വിശ്വാസികൾ എങ്ങനെ ഇത്തരം വൈദികരെ അനുസരിക്കും? അധികാരത്തെ ആദരിക്കുക എല്ലായ്‌പോഴും എളുപ്പമല്ല. നിങ്ങളുടെ മേൽ അധികാരമുള്ളവരെ ആദരിക്കുക ബുദ്ധിമുട്ടാണെന്നു ചിലപ്പോഴൊക്കെ നിങ്ങൾക്കു തോന്നാറുണ്ടോ? ഉണ്ടെങ്കിൽ, ഒന്നോർക്കുക: ഇക്കാര്യത്തിൽ നിങ്ങൾ ഒറ്റയ്‌ക്കല്ല. അധികാരത്തോടുള്ള അനാദരവ് മുമ്പ് എന്നത്തേതിലും പ്രബലമായിത്തീർന്നിരിക്കുന്ന ഒരു കാലത്താണു നമ്മൾ ജീവിക്കുന്നത്. എങ്കിലും നമ്മുടെ മേൽ അധികാരമുള്ളവരെ നമ്മൾ ആദരിക്കണമെന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 24:21)
മാർപ്പാപ്പയുടെ അഡ്മിനിസ്ട്രേറ്ററെ അനുസരിച്ചില്ലെങ്കിൽ ഗുരുതരമായ കാനോനിക കുറ്റവും പരിശുദ്ധ സിംഹാസനത്തിനു നേരെയുള്ള വെല്ലുവിളിയുമായി പരിഗണിക്കപ്പെടും. ഒരൊറ്റ സത്യ വിശ്വാസിയും ഇത്തരം വൈദികർക്കൊപ്പം നിൽക്കരുത്. മൂന്നു വ്രതങ്ങളും എടുത്തിട്ടുള്ള എറണാകുളം അങ്കമാലി അതിരൂപതയിലെ സമർപ്പിതർ കൂടുതൽ ജാഗരൂകരാകണം.
സ്‌നേഹമുള്ളതു കൊണ്ടാണു നമ്മൾ ദൈവത്തെ പൂർണമനസ്സോടെ അനുസരിക്കുന്നത്. എന്നാൽ അനുസരണം തീർത്തും ബുദ്ധിമുട്ടായിരിക്കുന്ന ചില സന്ദർഭങ്ങളും ഉണ്ടാകുമെന്നതിനു സംശയമില്ല. മുമ്പ് പറഞ്ഞ കുട്ടിയുടെ കാര്യത്തിലെന്നപോലെ, അത്തരം സന്ദർഭങ്ങളിലും കീഴ്‌പെട്ടിരിക്കാൻ നമ്മൾ പഠിക്കേണ്ടതുണ്ട്. അങ്ങേയറ്റം ബുദ്ധിമുട്ടായിരുന്നപ്പോൾ പോലും യേശു പിതാവിന്‍റെ ഇഷ്ടം ചെയ്‌തു എന്ന് ഓർക്കുക. “എന്‍റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നടക്കട്ടെ,” പിതാവിനോടു യേശു പറഞ്ഞു - ലൂക്കോസ് 22:42.
ഇന്ന് ദൈവം നമ്മളോടു നേരിട്ട് സംസാരിക്കുന്നില്ല. തന്‍റെ വചനത്തിലൂടെയും ഭൂമിയിലെ മനുഷ്യ പ്രതിനിധികളിലൂടെയുമാണു ദൈവം അതു ചെയ്യുന്നത്. ആ നിലയ്‌ക്ക്, ദൈവം അധികാര സ്ഥാനങ്ങളിൽ നിയമിച്ചിട്ടുള്ളവരെ, അല്ലെങ്കിൽ അത്തരം സ്ഥാനങ്ങളിൽ തുടരാൻ അനുവദിച്ചിരിക്കുന്നവരെ ആദരിക്കുന്നതിലൂടെയാണു മുഖ്യമായും ദൈവത്തിനു കീഴ്‌പെട്ടിരിക്കാൻ നമുക്കു കഴിയുന്നത്. അങ്ങനെയുള്ളവർ തരുന്ന തിരുവെഴുത്തു ബുദ്ധിയുപദേശങ്ങളും തിരുത്തലുകളും തള്ളിക്കളഞ്ഞുകൊണ്ട് അവരോട് എതിർത്തു നിന്നാൽ അതു നമ്മുടെ ദൈവത്തെ വേദനിപ്പിക്കും. മോശയ്‌ക്കെതിരെയുള്ള ഇസ്രായേല്യരുടെ പിറുപിറുപ്പും ധിക്കാരവും തനിക്കെതിരെയുള്ളതായിട്ടാണ് കർത്താവ് വീക്ഷിച്ചത് - സംഖ്യ 14:26-27.
ദീർഘായുസ്സ് ഉണ്ടാകാനും നല്ലൊരു ജീവിതം കിട്ടാനും വേണ്ടി മാതാപിതാക്കളെ അനുസരിക്കാൻ ദൈവം കുഞ്ഞുങ്ങളോട് ആവശ്യപ്പെടുന്നു. (ആവർത്തനം 5:17; എഫേ 6:2-3) നമുക്ക് ആത്മീയ ഹാനി വരാതിരിക്കാൻ നമ്മൾ മേലധികാരികളെ ആദരിക്കണമെന്ന് ദൈവം പറയുന്നു (എബ്രായർ 13:7-17). നമ്മുടെ സംരക്ഷണത്തിനായി ലൗകികാധികാരികളെ അനുസരിക്കാനും ദൈവം നമ്മളോടു കല്‌പിക്കുന്നു - റോമാ 13:4.
എറണാകുളം അതിരൂപതാ വൈദികർക്കുള്ള തിരുവചനം
ഹെബ്രായർ 13 :17:
"നിങ്ങളുടെ നേതാക്കന്‍മാരെ അനുസരിക്കുകയും അവര്‍ക്കു വിധേയരായിരിക്കുകയും ചെയ്യുവിന്‍. കണക്കേല്‍പിക്കാന്‍ കടപ്പെട്ട മനുഷ്യരെപ്പോലെ അവര്‍ നിങ്ങളുടെ ആത്മാക്കളുടെ മേല്‍നോട്ടം വഹിക്കുന്നു. അങ്ങനെ അവര്‍ സന്തോഷപൂര്‍വം, സങ്കടം കൂടാതെ, ആ കൃത്യം ചെയ്യുന്നതിന് ഇടയാകട്ടെ. അല്ലെങ്കില്‍ അതു നിങ്ങള്‍ക്കു പ്രയോജന രഹിതമായിരിക്കും".
പ്രമാണങ്ങള്‍ ലംഘിക്കാനുള്ള പഴുതുകള്‍ അന്വേഷിക്കുകയും, ദൈവീക നിയമങ്ങള്‍ക്കു ബദല്‍ രേഖ ചമയ്ക്കുകയും ചെയ്യുന്നവര്‍ ദൈവത്തിന്റെ അഭിഷിക്തരോ പ്രവാചകന്മാരുടെയും അപ്പസ്തോലന്മാരുടെയും പിന്മുറക്കാരോ?.... വചനത്തിനു വിരുദ്ധമായതും, തങ്ങളുടെ യുക്തിയ്ക്കു മാത്രം ഇണങ്ങിയതുമായ പ്രബോധനങ്ങളുമായി ഇറങ്ങിയിരിക്കുന്ന വിമതന്മാരെ സൂക്ഷിക്കുക; അവര്‍ ആടുകളുടെ ചോര കുടിക്കാന്‍ ആര്‍ത്തിപൂണ്ടു നടക്കുന്ന ചെന്നായ്ക്കളാണ്. കപട വിനയത്തോടെ അവര്‍ നിങ്ങളെ സമീപിച്ചാലും, അവരെ അനുസരിക്കുകയോ അവരുടെ ചെയ്തികളെ അനുകരിക്കുകയോ ചെയ്യരുത്.
ശത്രു പാളയത്തില്‍ നിന്നാണ് എതിരാളികള്‍ വരുന്നതെങ്കില്‍ അപകടം താരതമ്യേന കുറഞ്ഞിരിക്കുമായിരുന്നു. കാരണം, നമുക്കു കരുതലോടെ നിലകൊള്ളാന്‍ കഴിയും. എന്നാല്‍, ശത്രു സ്വന്തം ഭവനത്തിലാകുമ്പോള്‍ അപകടത്തിന്റെ വ്യാപ്തിയും വര്‍ദ്ധിക്കും! അതെ, നമ്മുടെ ശത്രു നമ്മുടെ സഭയില്‍ തന്നെയാണ് . ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയരായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണ്. തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്" (റോമാ:13:1-2).
അനാവശ്യമായ നിർബന്ധ ബുദ്ധികൾ ഉപേക്ഷിച്ച് ശ്ലൈഹിക സിംഹാസനവും സഭാ സിനഡും നിർദ്ദേശിച്ച പ്രകാരം ഏകീകൃത ബലിയർപ്പണ രീതി നടപ്പിലാക്കാൻ എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ വൈദികരോടും സന്യസ്തരോടും ദൈവജനത്തോടും സ്നേഹപൂർവ്വം ആവശ്യപ്പെടുന്നു .
അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററെ അനുസരിക്കുക.
എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പരിശുദ്ധ പിതാവ് നൽകിയ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററുടെ പരിഹാരവും നിർദേശങ്ങളും എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും അതിനു കടകവിരുദ്ധമായി നിൽക്കുകയും, സഭയുടെ ഐക്യം തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സഭാവിരുദ്ധരെ ഒറ്റപ്പെടുത്തണമെന്നും, സമുദായത്തോട് കൂറില്ലാത്ത സഭാ വിരുദ്ധരുടെ വലയിൽ അൽമായരും, വൈദീകരും കുടുങ്ങിപ്പോകരുതെന്നും ഈയവസരത്തിൽ മുന്നറിയിപ്പു നൽകുന്നു. അനുസരണമാണ് ഏറ്റവും വലിയ കാര്യമെന്നും പരിശുദ്ധ പിതാവിന്റെ തീരുമാനത്തെ അംഗീകരിക്കാൻ എറണാകുളം അതിരൂപതയിലെ എല്ലാവരും ബാധ്യസ്ഥരാണെന്നും ഓർമ്മിപ്പിക്കട്ടെ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.