തന്റെ മുന്‍ഗാമിയെപ്പോലെ തന്നെ ബോനിഫസ് അഞ്ചാമന്‍ മാര്‍പ്പാപ്പയും ഗ്രിഗറി ഒന്നാമന്‍ മാര്‍പ്പാപ്പയുടെയും ബോനിഫസ് നാലാമന്‍ മാര്‍പ്പാപ്പയുടെയും സന്യാസ അനുകൂല നിലപാടുകളെയും നയങ്ങളെയും എതിര്‍ത്തിരുന്ന വൈദിക വിഭാഗത്താലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ദേവൂസ്‌ദേത്തിത് മാര്‍പ്പാപ്പയെപ്പോലെതന്നെ ബോനിഫസ് മാര്‍പ്പാപ്പയ്ക്കും തന്റെ തിരഞ്ഞെടുപ്പിന് രാജകീയ അംഗീകാരം ലഭിക്കുന്നതിനായി ഏകദേശം ഒരു വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു. ചക്രവര്‍ത്തിയുടെ അംഗീകാരവും സമ്മതവും ലഭിച്ചതിനുശേഷം ഏ.ഡി. 619 ഡിസംബര്‍ 23-ാം തീയതി റോമിന്റെ മെത്രാനായും തിരുസഭയുടെ അറുപത്തിയൊമ്പതാമത്തെ മാര്‍പ്പാപ്പയായും അഭിഷേകം ചെയ്യപ്പെട്ടു.
രൂപതാ വൈദികരെ അനുകൂലിക്കുന്ന നയങ്ങള്‍ നടപ്പിലാക്കുവാന്‍ ബോനിഫസ് അഞ്ചാമന്‍ മാര്‍പ്പാപ്പയും പ്രത്യേകം ശ്രദ്ധ ചെലുത്തി. രക്തസാക്ഷികളുടെ തിരിശേഷിപ്പുകള്‍ വഹിക്കുന്നതിനുള്ള അധികാരം രൂപതാവൈദികര്‍ക്കു മാത്രമായി അദ്ദേഹം നിജപ്പെടുത്തി. ഇംഗ്ലണ്ടിലെ സഭയില്‍ മാര്‍പ്പാപ്പ പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു. തന്റെ പ്രത്യേക താത്പര്യത്തിന്റെ പ്രകടനമെന്ന നിലയില്‍ ഏ.ഡി. 624-ല്‍ ജസ്റ്റസ് മെത്രാന്‍ കാന്റംബറിയുടെ മെത്രാപ്പോലിത്തയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് മെത്രാന്മാരുടെ അജപാലന അധികാരത്തെ സൂചിപ്പിക്കുന്ന പാലിയം ബോനിഫസ് മാര്‍പ്പാപ്പ നല്‍കി. നോര്‍ത്തംബറിയയുടെ രാജവായ എഡ്വവിന്‍ രാജാവിനോട് കത്തോലിക്ക വിശ്വാസത്തെക്കുറിച്ച് കൂടുതല്‍ അറിയുവാനും വിശ്വാസത്തെ പുല്‍കുവാനും ബോനിഫസ് മാര്‍പ്പാപ്പ പ്രത്യേകമായിട്ടുള്ള ഒരു കത്തുവഴി ആഹ്വാനം ചെയ്തു. മാത്രമല്ല കത്തോലിക്ക വിശ്വാസിയായിരുന്ന ഇഥല്‍ബുര്‍ഗ രാജ്ഞിയോട് എഡ്വവിന്‍ രാജാവിന്റെയും പ്രജകളുടെയും മാനസാന്തരത്തിനായി പ്രയത്‌നിക്കുവാന്‍ മാര്‍പ്പാപ്പ ആവശ്യപ്പെടുകയും ചെയ്തു. ബോനിഫസ് മാര്‍പ്പാപ്പയുടെ കാലശേഷം എഡ്വവിന്‍ രാജാവ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. പള്ളികള്‍തോറും ശരണാലയങ്ങള്‍ ആരംഭിക്കുന്ന പതിവ് മാര്‍പ്പാപ്പ ആരംഭിച്ചു.
തന്റെ ഉദാരമനസ്‌കതയ്ക്കും കാരുണ്യപ്രവര്‍ത്തികള്‍ക്കും പേരുകേട്ട വ്യക്തിയായിരുന്ന ബോനിഫസ് അഞ്ചാമന്‍ മാര്‍പ്പാപ്പ. തന്റെ ജീവിതകാലം മുഴുവന്‍ അദ്ദേഹം പാവങ്ങളുടെ പക്ഷം ചേര്‍ന്ന വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ മുന്‍ഗാമിയെപ്പോലെതന്നെ തന്റെ പാരമ്പര്യസ്വത്തുകള്‍ വൈദികസമൂഹത്തിനായി വിഭജിച്ചു നല്‍കി. ഏ.ഡി. 625 ഒക്‌ടോബര്‍ 25-ാം തീയതി കാലം ചെയ്ത ബോനിഫസ് അഞ്ചാമന്‍ മാര്‍പ്പാപ്പയുടെ ഭൗതികശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അടക്കം ചെയ്തു. 'ഉദാരമനസ്‌കനും, വിവേകിയും, നിര്‍മലനും, നിഷ്‌കപടനും, നീതിമാനും' എന്നാണ് ബോനിഫസ് അഞ്ചാമന്‍ മാര്‍പ്പാപ്പയെക്കുറിച്ച് അദ്ദേഹത്തിന്റെ കബറിടത്തില്‍ ഉല്ലേഖനം ചെയ്തിരിക്കുന്നത്.
എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.