വത്തിക്കാൻ: വീണ്ടും വർധിച്ച ആത്മവിശ്വാസത്തോടെ ഫ്രാൻസീസ് മാർപ്പാപ്പ കസാക്കിസ്ഥാനിലേക്ക് പോകുന്നു. കാനഡയിലെ ജൂലൈ 24-30 തീയതികളിൽ നടത്തിയ ആറ് ദിവസത്തെ കഠിനമായ പര്യടനത്തിന് തൊട്ടു പിന്നാലെയാണ് ഈ സന്ദർശനം. ഫ്രാൻസീസ് പാപ്പായുടെ മുപ്പത്തിയെട്ടാമത്തെ വിദേശ ഇടയ സന്ദർശനമായിരിക്കും ഇത്. ഇതിനിടെ ഇന്ത്യാ സന്ദർശനം വത്തിക്കാന്റെ സജീവ പരിഗണനയിലാണെന്ന് വത്തിക്കാനിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യാ സന്ദർശനം ഫ്രാൻസീസ് മാർപ്പാപ്പ വളരെ താൽപ്പര്യ പൂർവം കാത്തിരിക്കുന്ന ഒന്നാണെന്ന് ഇന്ത്യയിൽ നിന്നുള്ള സന്ദർശകരോട് പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കാൽമുട്ടിലെ ഒടിവ് മൂലം ചലന ശേഷി പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്ന 85-കാരനായ മാർപ്പാപ്പയുടെ കസാക്കിസ്ഥാൻ സന്ദർശനം മറ്റു രാജ്യങ്ങളിലേക്കുള്ള സന്ദർശനവുമായി ഏറെ ബന്ധമുണ്ട്. ഒരു പക്ഷെ 2022 അവസാനത്തിലോ 2023ന്റെ തുടക്കത്തിലോ ആയിരിക്കും മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം. ഇന്ത്യ സന്ദർശിക്കാനുള്ള ക്ഷണമാണ് ഏറ്റവും വലിയ സമ്മാനമെന്ന് പാപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞിരുന്നു. കസാക്കിസ്ഥാൻ പ്രധാനമായും മധ്യേഷ്യയിലും ഭാഗികമായി കിഴക്കൻ യൂറോപ്പിലും സ്ഥിതി ചെയ്യുന്ന രാജ്യമാണ്. അതുകൊണ്ടു തന്നെ ഏഷ്യൻ രാജ്യമായ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഏറെ സാധ്യതയുണ്ട്.
പാപ്പായുടെ കസാക്കിസ്ഥാൻ സന്ദർശനം സെപ്റ്റംബർ 13 മുതൽ 15 വരെയാണ്. ലോക മതങ്ങളുടെയും പാരമ്പര്യ മതങ്ങളുടെയും നേതാക്കളുടെ ഏഴാം സമ്മേളനത്തോടനുബന്ധിച്ചാണ് പാപ്പായുടെ ഈ യാത്ര. സെപ്റ്റംബർ 13-ന് ചൊവ്വാഴ്‌ച പ്രാദേശിക സമയം രാവിലെ 7.15-ന് റോമിലെ ലെയൊണാർദൊ ദവിഞ്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പാപ്പാ നൂർ സുൽത്താനിലേക്ക് വിമാനം കയറും. അവിടെ പ്രാദേശിക സമയം വൈകുന്നേരം 5.45- ന് എത്തിച്ചേരും.
കസാക്കിസ്ഥാനിലെ പൗര-സഭാധികാരികളുടെ ക്ഷണം സ്വീകരിച്ചു കൊണ്ടാണ് പാപ്പാ അവിടെ എത്തുകയെന്നും സന്ദർശന വേദി തലസ്ഥാനമായ നൂർ-സുൽത്താൻ ആയിരിക്കുമെന്നും പരിശുദ്ധ സിംഹാസനത്തിൻറെ വാർത്താവിനമയ കാര്യാലയ മേധാവി മത്തേയൊ ബ്രൂണി വെളിപ്പെടുത്തി.
ഇതിനിടയിൽ ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധത്തിന്റെ പ്രധാന പിന്തുണക്കാരനായ റഷ്യൻ ഓർത്തഡോക്സ് പാത്രിയാർക്കീസ് കിറിലുമായി മാർപ്പാപ്പ തന്റെ രണ്ടാമത്തെ കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26