ചെന്നൈ: അണ്ണാഡിഎംകെയെ എടപ്പാടി പളനിസ്വാമിയും കൂട്ടരും പിടിച്ചെടുത്തതോടെ ഒതുക്കപ്പെട്ട ഒ. പനീര്‍സെല്‍വവും ഒപ്പമുള്ളവരും ബിജെപിയില്‍ ലയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ചെന്നൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പനീര്‍സെല്‍വം സന്ദര്‍ശിച്ചിരുന്നു. മാത്രമല്ല, പനീര്‍സെല്‍വം വിഭാഗം നടത്തുന്ന പരിപാടികളുടെ പോസ്റ്ററുകളില്‍ നിറഞ്ഞു നില്‍ക്കുന്നത് മോഡിയും അമിത് ഷായുമാണ്.
എഐഡിഎംകെയില്‍ നില്‍ക്കുന്നതിലും നല്ലത് ബിജെപിയില്‍ ചേരുന്നതാണെന്ന തിരിച്ചറിവിലാണ് ഒപിഎസ് ക്യാംപെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ ഐപിഎഎസ് ഓഫീസറായിരുന്ന കെ. അണ്ണാമലൈ ബിജെപി സംസ്ഥാന പ്രസിഡന്റായതോടെ തമിഴ്‌നാട്ടില്‍ പാര്‍ട്ടിക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. യുവാവായ അണ്ണാമലൈ നേതൃത്വം ഏറ്റെടുത്തതിന് പിന്നാലെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഡിഎംകെയെ ഞെട്ടിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു.
അണ്ണാഡിഎംകെയില്‍ ആഭ്യന്തര പ്രശ്‌നങ്ങളില്‍ പെട്ടതോടെ പ്രതിപക്ഷത്തിന്റെ റോള്‍ അണ്ണാമലൈയും ബിജെപിയും ഏറ്റെടുത്തിരുന്നു. മുന്‍ കാലങ്ങളിലേക്കാള്‍ മാധ്യമശ്രദ്ധയും ബിജെപിക്ക് തമിഴ്‌നാട്ടില്‍ കിട്ടുന്നുണ്ട്. ഹിന്ദി പാര്‍ട്ടിയെന്ന പ്രതിച്ഛായ മറികടക്കാന്‍ ഒരുപരിധി വരെ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
അണ്ണാഡിഎംകെ ഈ അവസ്ഥയില്‍ മുന്നോട്ടു പോയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പോരാട്ടം ഡിഎംകെയും ബിജെപിയും തമ്മിലാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കന്യാകുമാരി മേഖലയിലും ചില നഗര മണ്ഡലങ്ങളിലും മാത്രം സാന്നിധ്യമുണ്ടായിരുന്ന ബിജെപിക്ക് സംസ്ഥാനത്താകെ താഴേത്തട്ടില്‍ ശക്തി കൂടിയുണ്ട്.
ഡിഎംകെയും മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഇസ്ലാമിക തീവ്രവാദത്തിന് വളംവയ്ക്കുന്ന തരത്തിലുള്ള പ്രീണനമാണ് നടത്തുന്നതെന്ന വികാരം ക്രൈസ്തവര്‍ അടക്കമുള്ള തമിഴ് ന്യൂനപക്ഷങ്ങള്‍ക്കിടയിലുണ്ട്. അണ്ണാഡിഎംകെ ദുര്‍ബലമായതോടെ ഇവരുടെ അണികളും ബിജെപിയോടാണ് കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. അണ്ണാഡിഎംകെയും ജയലളിതയും ഒഴിച്ചിട്ട സ്ഥാനത്തേക്ക് പതിയെ കടന്നു കയറാമെന്ന ആത്മവിശ്വാസം അണ്ണാമലൈയ്ക്കും സംഘത്തിനുമുണ്ട്.
അടുത്തിടെ അണ്ണാമലൈ നടത്തിയ സര്‍ക്കാര്‍ വിരുദ്ധ മാര്‍ച്ചുകള്‍ക്ക് വലിയതോതില്‍ യുവാക്കളുടെ സാന്നിധ്യമുണ്ടായിരുന്നു. ഐപിഎസ് ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയ അണ്ണാമലൈയുടെ വിളിപ്പേര് 'സിങ്ക'മെന്നാണ്. ബിജെപിക്ക് അന്യമായി നില്‍ക്കുന്ന ദ്രാവിഡ മണ്ണില്‍ സിങ്കം അത്ഭുതം കാട്ടുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെയും പ്രതീക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.