ബാര്‍ ലൈസന്‍സ്: തെറ്റായ വിവരങ്ങള്‍ നല്‍കി; സ്മൃതി ഇറാനിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

ബാര്‍ ലൈസന്‍സ്: തെറ്റായ വിവരങ്ങള്‍ നല്‍കി; സ്മൃതി ഇറാനിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

ന്യൂഡല്‍ഹി: ഗോവയിലെ ബാര്‍ ലൈസന്‍സ് വിവാദത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഹൈക്കോടതിയില്‍ സ്മൃതി ഇറാനി തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് വ്യക്തമാക്കുന്ന സ്ഥാപനത്തിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്ത് വന്നത്.

മന്ത്രിയുടെ ഭര്‍ത്താവിനും മകള്‍ക്കും മദ്യം വിളമ്പുന്ന റെസ്റ്റോറന്റിന്റെ ഉടമസ്ഥതയില്‍ പങ്കുണ്ടെന്നും രേഖകളില്‍ വ്യക്തമാക്കുന്നു. സ്മൃതി ഇറാനിയുടെ മകളായ സോയിഷ് ഇറാനിയുടെ ഉടമസ്ഥതയില്‍ ഭക്ഷണം വിളമ്പാന്‍ മാത്രം അനുമതിയുള്ള സില്ലി സോള്‍സ് റെസ്റ്റോറന്റ് എങ്ങനെ മദ്യം വിളമ്പാന്‍ ലൈസന്‍സ് നേടിയെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്.

ആരോപണത്തെ നിയമ പരമായി നേരിട്ട മന്ത്രി ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ മറുപടി പ്രകാരം മകള്‍ക്കോ ഭര്‍ത്താവ് സുബിന്‍ ഇറാനിക്കോ സില്ലി സോള്‍സ് എന്ന ബാര്‍ റെസ്റ്റോറന്റ് ഉടമസ്ഥതയില്‍ പങ്കില്ല എന്നാണ്. എന്നാല്‍ ഗോവയിലെ അസഗാവോയില്‍ വീട്ടു നമ്പര്‍ 452ല്‍ താമസിക്കുന്ന വ്യക്തിക്ക് ആണ് ബാറിന്റെ ഉടമസ്ഥാവകാശം എന്ന് ജി.എസ്.ടി രേഖകളില്‍ നിന്നും വ്യക്തമാകുകയായിരുന്നു.

ജി.എസ്.ടി രേഖകളില്‍ ഉള്ള വീടിന്റെ ഉടമസ്ഥത മന്ത്രിയുടെ ഭര്‍ത്താവിന്റെ കുടുംബ പേരില്‍ ആണ്. നേരിട്ട് റെസ്റ്റോറിന്റെ ഉടമസ്ഥത വഹിക്കുന്നില്ല എങ്കിലും സ്ഥാപനത്തിന്റെ മാതൃ കമ്പനിയുടെ സഹ ഉടമയാണ് താനെന്ന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ സുബിന്‍ ഇറാനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനിയെ ഈ റെസ്റ്റോറന്റ് ശൃംഖലയുടെ ഉടമയെന്ന് പരിചയപ്പെടുത്തുന്ന സ്വകാര്യ ചാനല്‍ അഭിമുഖവും ഇതിനോടകം പുറത്ത് വന്നു.

സ്മൃതി ഇറാനി നല്‍കിയ കേസില്‍ നാലാഴ്ച സമയമാണ് എതിര്‍ കക്ഷികളായ കോണ്‍ഗ്രസ് പാര്‍ട്ടിക്കും നേതാക്കള്‍ക്കും ഡല്‍ഹി ഹൈക്കോടതി അനുവദിച്ചത്. തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ ഇവ കോടതിയില്‍ എത്തിക്കുമെന്ന് ജയറാം രമേശ് ട്വിറ്ററിലൂടെ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.