ഇടവേളയ്ക്കു ശേഷം ഈ വര്‍ഷം സംസ്ഥാന കലോത്സവം: കലാ മത്സരങ്ങള്‍ കോഴിക്കോട്ട്; കായിക മേള തിരുവനന്തപുരത്ത്

ഇടവേളയ്ക്കു ശേഷം ഈ വര്‍ഷം സംസ്ഥാന കലോത്സവം:  കലാ മത്സരങ്ങള്‍ കോഴിക്കോട്ട്; കായിക മേള തിരുവനന്തപുരത്ത്

തിരുവനന്തപുരം: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാന സ്‌കൂള്‍ കലാ, കായിക, ശാസ്ത്രമേളകള്‍ നടത്താന്‍ തീരുമാനം. മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കൂടിയ അദ്ധ്യാപക സംഘടനകളുടെ യോഗത്തിലാണ് വേദികള്‍ നിശ്ചയിച്ചത്.

കലോത്സവം ജനുവരി ആദ്യം കോഴിക്കോട്ടും കായിക മേള നവംബറില്‍ തിരുവനന്തപുരത്തും ശാസ്ത്രമേള ഒക്ടോബറില്‍ എറണാകുളത്തുമാണ് നടക്കുന്നത്. സബ് ജില്ലാതല കലോത്സവ മത്സരങ്ങള്‍ ഡിസംബറിലും കായിക മത്സരങ്ങള്‍ ഒക്ടോബറിലും ആരംഭിക്കും. 61-ാമത് സ്‌കൂള്‍ കലോത്സവമാണ് ഇത്തവണ നടക്കുന്നത്. കായികമേളയുടെ 64-ാം പതിപ്പും.

ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയ്ക്ക് മലപ്പുറമോ കൊല്ലമോ വേദിയാകും. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം കോട്ടയത്താകും നടക്കുക. മേളകളുടെ തീയതി സംബന്ധിച്ച തീരുമാനം വൈകാതെയുണ്ടാകും. അദ്ധ്യാപക ദിനാഘോഷം സെപ്തംബര്‍ 3,4,5 തീയതികളിലായി കണ്ണൂരില്‍ നടത്താനും തീരുമാനിച്ചു.

കോവിഡ് ഭീതിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷവും കായിക കലാ ശാസ്ത്രമേളകള്‍ ഉണ്ടായിരുന്നില്ല. ഇതുമൂലം നിരവധി കുട്ടികള്‍ക്കാണ് അവസരം നഷ്ടമായത്. പ്രത്യേകിച്ച് കായിക മേളകളില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.