മഴക്കെടുതിയുടെ ദുരിതം പേറി കര്‍ണാടകയും; ഉരുള്‍പൊട്ടലില്‍ കുട്ടികളടക്കം ആറു പേര്‍ മരിച്ചു.

മഴക്കെടുതിയുടെ ദുരിതം പേറി കര്‍ണാടകയും; ഉരുള്‍പൊട്ടലില്‍ കുട്ടികളടക്കം ആറു പേര്‍ മരിച്ചു.

ബെംഗളൂരു: കേരളത്തിനൊപ്പം മഴക്കെടുതിയുടെ ദുരിതം പേറി കര്‍ണാടകയും. സംസ്ഥാനത്തിന്റെ തീരമേഖലയിലും വടക്കന്‍ ജില്ലകളിലും കനത്ത മഴ തുടരുന്നു. ദക്ഷിണ കന്നഡയിലും ഉത്തര കന്നഡയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് കുട്ടികളടക്കം ആറ് പേര്‍ മരിച്ചു. ചിക്കമംഗ്ലൂരുവില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേരെ കാണാതായി. ദക്ഷിണ കന്നഡയില്‍ വെള്ളിയാഴ്ച വരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്ക് രണ്ട് ദിവസത്തേക്ക് അവധി നല്‍കിയിരിക്കുകയാണ്. ഇതുവരെ അഞ്ഞൂറോളം പേരെ മാറ്റിപാര്‍പ്പിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ബംഗളൂരുവില്‍ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ താഴ്ന്ന ഇടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി.

ദക്ഷിണ കന്നഡ ജില്ലയിലെ സുബ്രഹ്‌മണ്യ കുമാരധാരയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞാണ് സഹോദിമാരായ രണ്ട് കുട്ടികള്‍ മരിച്ചത്. രക്ഷാപ്രവര്‍ത്തകരെത്തി മൃതദേഹം കണ്ടെടുത്തപ്പോള്‍ സഹോദരിമാര്‍ ഇരുവരും കൈകള്‍ ചേര്‍ത്തു പിടിച്ച നിലയിലായിരുന്നു.

ഇവരുടെ വീടിനു മുകളിലേക്കു കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. സംഭവം നടന്ന് ദീര്‍ഘനേരം കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മൃതദേഹത്തിനരികെ എത്താനായത്. കുസുമധാറിന്റെ മക്കളായ ശ്രുതി (11), ജ്ഞാനശ്രീ (6) എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ സുബ്രമണ്യയില്‍ വന്‍തോതില്‍ മഴ പെയ്യുന്നുണ്ടായിരുന്നു. മരം വീഴുകയും വഴിയില്‍ വെള്ളം വലിയതോതില്‍ ഒഴുകുകയും ചെയ്തതിനാലാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കുട്ടികളുടെ അടുത്ത് എത്താനാകാഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

രാത്രി ഏഴു മണിയോടെ വലിയൊരു ശബ്ദം കേട്ടു. പോര്‍ട്ടിക്കോയില്‍ പുസ്തകം വായിക്കുകയായിരുന്ന ശ്രുതി ശബ്ദം വീട്ടിനകത്തുനിന്നാണെന്നു കരുതി ഉടന്‍ അകത്തേക്ക് ഓടി. ജ്ഞാനശ്രീയും അകത്തേക്കു ഓടിച്ചെന്നു. ഈ സമയം കുന്ന് അവരുടെ വീടിനു മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. കുട്ടികളുടെ അമ്മ അടുക്കളയില്‍ പാചകം ചെയ്യുകയായിരുന്നു. ശബ്ദം കേട്ട് കുട്ടികള്‍ പുറത്തായിരിക്കുമെന്നു കരുതി പുറത്തേക്കു ഓടുകയും ചെയ്തു' പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര കന്നഡ ജില്ലയിലെ ഭട്കല്‍ താലൂക്കിലെ മുട്ടള്ളിയിലെ വീടിനു മുകളിലേക്കും കുന്ന് ഇടിഞ്ഞു വീണു. ഇവിടെ ഒരു കുടുംബത്തിലെ നാലു പേരും കൊല്ലപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.