നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കേ ഗുജറാത്ത് കോണ്‍ഗ്രസില്‍ തമ്മില്‍തല്ല്; മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടേക്കും

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കേ ഗുജറാത്ത് കോണ്‍ഗ്രസില്‍ തമ്മില്‍തല്ല്; മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടേക്കും

ഗാന്ധിനഗര്‍: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കേ ഗുജറാത്ത് കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷം. മുതിര്‍ന്ന നേതാക്കളായ മുന്‍ ആഭ്യന്തരമന്ത്രി നരേഷ് റാവലും രാജു പര്‍മര്‍ എംപിയും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചേക്കുമെന്ന് സൂചന. സംസ്ഥാനത്തിന്റെ ചുമതല നല്‍കിയിട്ടുള്ള എഐസിസി അംഗം രഘു ശര്‍മ്മയുമായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ സ്വരച്ചേര്‍ച്ചയില്ലായ്മ തുടരുകയാണ്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി നാല് മാസം മാത്രമാണ് ബാക്കിയുള്ളത്. ബിജെപിയും ആംആദ്മി പാര്‍ട്ടിയും ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ നയിക്കാനൊരു നേതാവ് പോലുമില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. പട്ടേല്‍ സംവരണ സമരത്തിലൂടെ നേതാവായ ഹാര്‍ദിക് പട്ടേല്‍ ബിജെപിയില്‍ ചേര്‍ന്നതോടെ ജനത്തെ ആകര്‍ഷിക്കുന്ന മുഖങ്ങളിലൊന്ന് പാര്‍ട്ടിക്ക് കൈമോശം വന്നു.

ഇതിനിടയിലാണ് രണ്ടാംനിര നേതാക്കളുടെ തമ്മില്‍ത്തല്ലും നടക്കുന്നത്. കേന്ദ്രനേതൃത്വത്തിന്റെ പ്രതിനിധിയായി എത്തിയ രഘു ശര്‍മയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജഗദീഷ് താക്കൂറുമായി രൂക്ഷമായ നീരസം നിലനില്‍ക്കുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമം ഇതുവരെ ഫലം കണ്ടിട്ടില്ല. രഘുശര്‍മ്മയെ മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായെങ്കിലും നടപടികളിലേയ്ക്ക് കടന്നില്ല.

പട്ടേല്‍ വിഭാഗത്തിലെ പ്രധാനിയായ നരേഷ് പട്ടേലിനെ പാര്‍ട്ടിയിലെത്തിക്കാന്‍ നേതൃത്വം കിണഞ്ഞു ശ്രമിച്ചെങ്കിലും കളംപന്തിയല്ലെന്ന് കണ്ട് അദേഹം പിന്‍മാറുകയും ചെയ്തിരുന്നു. ഇതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ മുന്നില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസിനൊരു നല്ല നേതാവ് പോലുമില്ലാത്ത അവസ്ഥയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.