അത്യാഗ്രഹത്തിന്റെ ബലിപീഠത്തില്‍ സത്യസന്ധത ബലികഴിക്കരുത്: ഫ്രാന്‍സിസ് പാപ്പ

 അത്യാഗ്രഹത്തിന്റെ ബലിപീഠത്തില്‍ സത്യസന്ധത ബലികഴിക്കരുത്: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവം നല്‍കുന്ന സമൃദ്ധമായ ദാനങ്ങള്‍ തേടുന്നതിനു പകരം, അത്യാഗ്രഹിയാകാനുള്ള പ്രലോഭനം എല്ലാവരുടെയും ഹൃദയത്തിലുണ്ടെന്ന് സുവിശേഷം നമ്മെ ഓര്‍മിപ്പിക്കുന്നതായി ഫ്രാന്‍സിസ് പാപ്പ. ദൈവഹിതാനുസരണം അനുകമ്പയിലും കാരുണ്യത്തിലും സമ്പന്നരായിരിക്കാന്‍ ആഹ്വാനം ചെയ്ത മാര്‍പാപ്പ ഈ സമ്പത്ത് ആരെയും ദരിദ്രരാക്കുകയോ സംഘര്‍ഷങ്ങളോ ഭിന്നതകളോ സൃഷ്ടിക്കുന്നില്ലെന്നും ഉദ്‌ബോധിപ്പിക്കുന്നു.

കാനഡയില്‍ ഒരാഴ്ചയോളം നീണ്ട പശ്ചാത്താപ തീര്‍ത്ഥാടനത്തിനു ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് പാപ്പ വത്തിക്കാനില്‍ തിരിച്ചെത്തിയത്. ഞായറാഴ്ച മദ്ധ്യാഹ്നത്തില്‍ പതിവുള്ള ത്രികാലപ്രാര്‍ത്ഥനയോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ബസിലിക്ക സ്‌ക്വയറില്‍ ഒത്തുകൂടിയ വിശ്വാസികളെ ഫ്രാന്‍സിസ് പാപ്പ അഭിസംബോധന ചെയ്തു.

ദിവ്യബലി മധ്യേ വായിച്ച ലൂക്കായുടെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം 13 മുതല്‍ 21 വരെയുള്ള വാക്യങ്ങളാണ് പാപ്പ സന്ദേശത്തിനായി തെരഞ്ഞെടുത്തത്. ദൈവസന്നിധിയില്‍ സമ്പന്നനാകാന്‍ ശ്രമിക്കാതെ ഇഹത്തില്‍ സമ്പത്ത് ശേഖരിക്കാന്‍ ശ്രമിച്ച ഭോഷനായ ധനികന്റെ ഉപമ ആയിരുന്നു പാപ്പാ വിശദീകരിച്ചത്.

ഒരു മനുഷ്യന്‍ യേശുവിനോട് ഇങ്ങനെ അഭ്യര്‍ത്ഥിക്കുന്നു: 'ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോട് കല്‍പ്പിക്കണമേ' (ലൂക്കാ 12:13).

കുടുംബപ്രശ്നങ്ങളുടെ വിശദാംശങ്ങളിലേക്കു കടക്കുന്നതിനുപകരം അത്യാഗ്രഹം മൂലമുണ്ടാകുന്ന ഭിന്നത, അല്ലെങ്കില്‍ വസ്തുക്കളെ കൈവശപ്പെടുത്താനുള്ള അനിയന്ത്രിതമായ അത്യാഗ്രഹം ജീവിതത്തെ നശിപ്പിക്കുന്ന ഒരു രോഗമായി മാറുന്നതായി യേശു ചൂണ്ടിക്കാട്ടുന്നു.

'എല്ലാ അത്യാഗ്രഹങ്ങളിലും നിന്ന് അകന്നുനില്‍ക്കുവിന്‍' (ലൂക്കാ 12:15). എന്താണ് അത്യാഗ്രഹം? വസ്തുക്കളോടുള്ള കടിഞ്ഞാണില്ലാത്ത ആസക്തി, സമ്പന്നനാകാനുള്ള നിരന്തര താല്‍പര്യം, ഇത് മനുഷ്യനെ നശിപ്പിക്കുന്ന ഒരു രോഗമാണ്.

കൂടുതല്‍ കൂടുതല്‍ സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവന്‍, സ്വാതന്ത്ര്യത്തോടെയും ശാന്തതയോടെയും ജീവിക്കാന്‍ ഉപകരിക്കേണ്ടവയുടെ അടിമയാകുന്നു. ധനം വിനിയോഗിക്കുന്നതിനു പകരം അതിന്റെ ദാസനായി മാറുന്നു.

അത്യാഗ്രഹം സമൂഹത്തില്‍ അപകടകരമായ ഒരു രോഗമാണ്. ഇന്ന് ലോകം വലിയ അസമത്വങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം അനീതി നിലനില്‍ക്കുന്നു. കുറേ ആളുകള്‍ക്ക് ധാരാളം ഉണ്ട്, അനേകര്‍ക്ക് ഒന്നുമില്ലാത്ത അവസ്ഥ.

ഇവിടെ യുദ്ധങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കാം. വിഭവങ്ങള്‍ക്കും സമ്പത്തിനും വേണ്ടിയുള്ള ആര്‍ത്തിയാണ് എല്ലായ്പ്പോഴും അതിനു കാരണം. എത്രയെത്ര താല്‍പ്പര്യങ്ങളാണ് ഒരു യുദ്ധത്തിനു പിന്നിലുള്ളത്? അതിലൊന്നാണ് ആയുധക്കച്ചവടം.

അത്യാഗ്രഹത്തിനുള്ള പ്രലോഭനം ചില ശക്തരായ ആളുകളിലോ സാമ്പത്തിക വ്യവസ്ഥിതികളിലോ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് എല്ലാവരുടെയും ഹൃദയത്തിലുണ്ടെന്ന് യേശു നമുക്ക് കാണിച്ചുതരുന്നുവെന്ന് പാപ്പാ വിശദീകരിച്ചു. നാം നമ്മുടെ സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാനും സ്വത്തുക്കളിലോ സമ്പത്തിലോ അമിതമായി ആസക്തിയുള്ളവരാണോ എന്ന് സ്വയം വിലയിരുത്താനും പാപ്പ നിര്‍ദേശിച്ചു.

നമ്മുടെ ബന്ധങ്ങളും സമയവും മറ്റുള്ളവയ്ക്കു വേണ്ടി ബലികഴിക്കാന്‍ പ്രലോഭിപ്പിക്കപ്പെടുന്നുണ്ടോ എന്നും അത്യാഗ്രഹത്തിന്റെ ബലിപീഠത്തില്‍ നിയമങ്ങളും സത്യസന്ധതയും അവഗണിക്കുകയാണോ ചെയ്യുന്നതെന്നും മാര്‍പാപ്പ ചോദിച്ചു.

ഭൗതിക വസ്തുക്കളോടുള്ള അത്യാഗ്രഹം ആരാധനയായി പരിണമിച്ചേക്കാം. ഇത് വിഗ്രഹാരാധനയുടെ ആധികാരിക രൂപമാകുമെന്നും മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കി. ഇതിനെതിരേ ശക്തമായ വാക്കുകളിലൂടെ യേശു മുന്നറിയിപ്പ് നല്‍കുന്നു.

നിങ്ങള്‍ക്ക് രണ്ട് യജമാനന്മാരെ, അതായത് ദൈവത്തെയും സമ്പത്തിനെയും സേവിക്കാന്‍ കഴിയില്ലെന്ന് അവിടുന്ന് പറയുന്നു. സമ്പത്തിനെ സേവിക്കുകയെന്നത് വിഗ്രഹാരാധനയാണ്, അത് ദൈവത്തെ ദ്രോഹിക്കലാണ്. സമ്പത്ത് നമ്മുടെ കീഴിലായിരിക്കണം മറിച്ച് നാം സമ്പത്തിന് കീഴടങ്ങരുത്. അത് ദൈവത്തിനെതിരെ ചെയ്യുന്ന തെറ്റാണ്.

സമ്പന്നരാകാന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. അത് ന്യായമായ ആഗ്രഹമാണ്. എന്നാല്‍ ദൈവേഷ്ടപ്രകാരം സമ്പന്നരാകണം എന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഇതിനര്‍ത്ഥം അനുകമ്പയിലും കാരുണ്യത്തിലും സമ്പന്നരായിരിക്കുക എന്നാണ്. ഈ സമ്പത്ത് ആരെയും ദരിദ്രരാക്കുകയോ സംഘര്‍ഷങ്ങളും ഭിന്നതകളും സൃഷ്ടിക്കുകയോ ചെയ്യുന്നില്ല. നല്‍കപ്പെടാനും വിതരണം ചെയ്യാനും പങ്കുവയ്ക്കാനും ഇഷ്ടപ്പെടുന്ന സമ്പന്നതയാണത്.

സുഖമായി ജീവിക്കാന്‍ ഭൗതിക വസ്തുക്കള്‍ ശേഖരിച്ചാല്‍ മാത്രം പോര, ദൈവവുമായും മറ്റുള്ളവരുമായുമുള്ള നല്ല ബന്ധം അനിവാര്യമാണെന്ന് സന്ദേശം ഉപസംഹരിച്ച് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു. അത്യാഗ്രഹം കൊണ്ടല്ല, മറ്റുള്ളവര്‍ മറക്കാത്ത നല്ല പ്രവര്‍ത്തികള്‍ കൊണ്ട് സമ്പന്നരാകാം എന്നും പാപ്പാ ആഹ്വാനം ചെയ്തു.

ജീവിതത്തിലെ യഥാര്‍ത്ഥ സമ്പത്ത് എന്താണെന്നും ശാശ്വതമായി നിലനില്‍ക്കുന്നവ ഏതാണെന്നും തിരിച്ചറിയാന്‍ പരിശുദ്ധ മാതാവ് നമ്മെ സഹായിക്കട്ടെ എന്ന് മാര്‍പാപ്പ പ്രാര്‍ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.