പത്തനംതിട്ട: കരകള്‍ക്ക് വീണ്ടും ഉത്സവമായി ആറന്മുള വള്ള സദ്യ ഇന്ന് തുടങ്ങും. കൊവിഡ് മഹാമാരി സൃഷ്ടിച്ച രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇത്തവണ വള്ള സദ്യകള്‍ വീണ്ടും ആരംഭിക്കുന്നത്. പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പള്ളിയോടങ്ങള്‍ ക്ഷേത്രക്കടവിലേക്ക് അടുക്കുന്നതിന് ജില്ലാ ഭരണകൂടം ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇനിയുള്ള 67 ദിവസം 52 പള്ളിയോടക്കരകളിലും വള്ളസദ്യയുടെ രുചിക്കാലം കൂടിയാണ്. വഞ്ചിപ്പാട്ടിന്റെ താളത്തില്‍ കൊവിഡ് താളപ്പിഴ വരുത്തിയ കാലത്തെ മറന്നു കൊണ്ടാണ് ആറന്മുള പാര്‍ഥസാരഥിയുടെ മണ്ണില്‍ വീണ്ടും വള്ളസദ്യക്കാലത്തിന് ഇന്ന് തുടക്കം കുറിക്കുന്നത്. 52 കരകളുടെ നാഥനായ ആറന്മുള പാര്‍ഥലസാരഥിക്ക് മുന്നില്‍ ഇനിയുള്ള 67 ദിവസം നിലയ്ക്കാതെ വഞ്ചിപ്പാട്ട് മുഴങ്ങും.
രുചിയുടെ പെരുമപേറുന്ന ആറന്മുളയിലെ 64 വിഭവങ്ങള്‍ പാട്ടിനൊപ്പം ഇലയിലെത്തും, ഉപ്പിലിട്ടത് മുതല്‍ അഞ്ച് തരം പായസം വരെ നീളുന്ന സദ്യ. ഇലയില്‍ വിളമ്പുന്ന 44 വിഭവങ്ങള്‍ക്ക് പുറമെ തുഴച്ചിലുകാര്‍ പാടി ചോദിക്കുന്ന 20 വിഭവങ്ങളും രുചിയുടെ താളപ്പെരുമ തീര്‍ക്കുന്നവയാണ്. ആചാരങ്ങളില്‍ അണുവിട വ്യത്യാസമില്ലാതെ നടത്തുന്ന വള്ള സദ്യയില്‍ പങ്കെടുക്കാന്‍ എല്ലാ ദിവസവും ഇനി വിവിധ കരപ്രതിനിധികള്‍ എത്തും. ഇന്ന് ഏഴ് പള്ളിയോടങ്ങള്‍ക്കാണ് വള്ള സദ്യ നടത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.