ചിന്താമൃതം; തീവ്രവാദബന്ധമോ? അമ്മക്കിളിയുടെ രോദനം

ചിന്താമൃതം; തീവ്രവാദബന്ധമോ? അമ്മക്കിളിയുടെ രോദനം

പോലീസ് പിടിയിലായ മകളെ കാണാൻ ആ അമ്മ ഓടിയെത്തി. കൂടെ ഏതാനും ബന്ധുക്കളും പഞ്ചായത്ത് പ്രസിഡണ്ടും. അപ്പോഴും ആ അമ്മയുടെ കവിളിലൂടെ കണ്ണുനീർ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു. മകളെ ജാമ്യത്തിലിറക്കാൻ റോസിലി പലരുടെയും സഹായം തേടി.

"ഞങ്ങൾ നിസ്സഹായരാണ്, ജാമ്യമില്ലാ വകുപ്പിലാണ് സീനയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. നിങ്ങളുടെ മകൾ ഒരു മയക്കുമരുന്ന് റാക്കറ്റിൻറെ ഭാഗമാണ്. ഇതിൽ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്"; കൂപ്പു കൈകളോടെ പോലീസ് ഓഫിസറുടെ മുൻപിൽ കരഞ്ഞുകൊണ്ട് നിൽക്കുന്ന ആ അമ്മയോട് വളരെ സൗമ്യമായി പറഞ്ഞിട്ട് പോലീസ് ഓഫീസർ പുറത്തേക്ക് പോയി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പൊലീസ് സ്റ്റേഷൻറെ പടിയിറങ്ങമ്പോൾ വിധവയായ റോസിലിയുടെ മനസിലേക്ക് ഇതേ പോലീസ് സ്റ്റേഷനിലും അടുത്തുള്ള കോടതിയിലും 4 മാസങ്ങൾക്ക് മുൻപുണ്ടായ കാര്യങ്ങൾ ഒരു ഫ്ലാഷ്ബാക്കായി തെളിഞ്ഞു വന്നു.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. അയലത്ത് താമസിക്കുന്ന കല്യാണിയാണ് ആ ദുഃഖ വാർത്ത അറിയിച്ചത്. കഴിഞ്ഞ 3 ദിവസമായി വീട് വിട്ടിറങ്ങിയ സീനായെ പോലീസ് ആലപ്പുഴയിലെ ഒരു ലോഡ്ജിൽ നിന്നും പിടിച്ചിട്ടുണ്ടെന്ന്. കല്യാണിക്കൊപ്പം പോലീസ് സ്റ്റേഷനിലേക്ക് പോയപ്പോൾ കണ്ടത് മകൾ നിർവകാരയായി നജീബ് എന്ന ഒരു യുവാവിനൊപ്പം അവിടെ ഇരിക്കുന്നതാണ്. ഇവർ പ്രായ പൂർത്തിയായ കുട്ടികളാണെന്നും ഇവരെ ഉടൻ കോടതിയിൽ ഹാജരാക്കണമെന്നും പറഞ്ഞപ്പോൾ ഒന്നും അറിയാതെ റോസിലി കല്യാണിയെ നോക്കി. കല്യാണി റോസിലിയെ കൂട്ടി അടുത്തുള്ള ജില്ലാ കോടതിയിൽ എത്തുമ്പോൾ പോലീസ് വണ്ടിയിൽ സീനയും നജീബും അവിടെ എത്തിയിരുന്നു.

ജഡ്ജി സീനയോട് ഒറ്റച്ചോദ്യമേ ചോദിച്ചുള്ളൂ. "കുട്ടിക്ക് സ്വന്തം അമ്മയ്‌ക്കൊപ്പം പോകണമോ, അതോ സുഹൃത്തിനൊപ്പം പോകണമോ? തൊട്ടടുത്ത് നിന്ന റോസിലി മകളുടെ കാലിൽ വീണ് കെട്ടിപ്പിടിച്ച് പറഞ്ഞു മോളെ നീ പോകരുത്, അമ്മയ്ക്ക് പിന്നെ ആരാണുള്ളത്, നീ എന്റെ കൂടെ വീട്ടിലേക്ക് വാ, നമുക്ക് പിന്നീട് ഇഷ്ടമുള്ള ആളിനൊപ്പം ആലോചിച്ച് അമ്മ കല്യാണം നടത്തി തരാം. കുറെ സമയത്തെ മൗനത്തിന് ശേഷം സീന ജഡ്ജിയോട്, "സർ, ഞാനും നജീബും തമ്മിൽ സ്നേഹത്തിലാണ്, എനിക്ക് അയാളെ കല്യാണം കഴിക്കണം. ഞാൻ അയാളുടെ കൂടെ പോകാനാണ് ഇഷ്ടപ്പെടുന്നത്. ആ അമ്മയുടെ കൈ സീനയുടെ കാലിൽ നിന്നും വിടുവിച്ച് നജീബ് അവളുടെ കൈ പിടിച്ച് പുറത്തേക്ക് പോയി. അവരോടൊപ്പം ഏതാനും സുഹൃത്തുക്കളും ഉണ്ടായിരുന്നു.

4 മാസം മുൻപ് അമ്മയുടെ സങ്കടം വകവയ്ക്കാതെ ഇഷ്ടപെട്ട വ്യക്തിക്കൊപ്പം ജീവിക്കാൻ പുറപ്പെട്ട മകൾ ഇന്ന് മയക്കുമരുന്ന് കേസിൽ പോലീസ് കസ്റ്റഡിയിൽ. പക്ഷെ അന്ന് തനിക്ക് പ്രേമമാണെന്ന് പറഞ്ഞ നജീബ് പിടിക്കപ്പെട്ടവരുടെ ലിസ്റ്റിൽ ഇല്ല, അയാളുടെ ഏതാനും സുഹൃത്തുക്കളാണ് സീനയ്ക്കൊപ്പം പിടിക്കപ്പെട്ടത്. അയാൾ എവിടെയാണെന്ന് അമ്മയ്ക്കറിയില്ല.

സീനയ്ക്ക് 3 വയസ്സുള്ളപ്പോഴാണ് ഭർത്താവ് ഒരപകടത്തിൽ മരിക്കുന്നത്. പ്രിയപ്പെട്ട മോൾക്ക് വേണ്ടി അവർ ജീവിച്ചു, സ്വന്തം സുഖവും സന്തോഷവും ഉപേക്ഷിച്ചു. പല സ്ഥലങ്ങളിലും ജോലി ചെയ്ത് അവളെ ഡിഗ്രി വരെ പഠിപ്പിച്ചു. ഡിഗ്രി ഫൈനൽ പരീക്ഷ കഴിഞ്ഞ ദിവസമാണ് അവൾ ആൺ സുഹൃത്തിൻറെ കൂടെ ഒളിച്ചോടിയത്. തൻറെ ജീവൻറെ ലക്ഷ്യവും പ്രതീക്ഷയും സീന മാത്രമായിരുന്നു. അവൾ പഠിച്ച് നല്ല ജോലി നേടും, മകളെ നല്ല ഒരു ചെറുക്കൻറെ കൂടെ കല്യാണം കഴിപ്പിച്ച് അവൾ സന്തോഷമായി ജീവിക്കുന്നത് കാണണം- ഇത് മാത്രമായിരുന്നു റോസിലിയുടെ ജീവിതാഭിലാഷം.

എല്ലാ സ്വപ്നങ്ങളും തകർന്നടിഞ്ഞ ആ സാധു സ്ത്രീ ഹൃദയം പൊട്ടുന്ന വേദനയോടെ ദൂരേക്ക് കണ്ണും നട്ട് കാത്തിരുന്നു. അന്യ മതത്തിൽപ്പെട്ട പുരുഷൻറെ കൂടെ മോൾ ഒളിച്ചോടിപ്പോയപ്പോൾ നാട്ടുകാർ കുറ്റം പറഞ്ഞിട്ടും കോടതിയിൽ വച്ച് അവൾ മകളെ വീട്ടിലേക്ക് വിളിച്ചു. അന്ന് തന്നെ അവഗണിച്ചു പോയ ആ മകൾ ഇപ്പോൾ മയക്കുമരുന്ന് കേസിൽ പിടിയിലായി ജയിലിൽ. അവൾ എന്നെങ്കിലും തൻറെ അടുത്തു വരും എന്ന പ്രതീക്ഷയോടെ ആ അമ്മ തൻറെ കാത്തിരിപ്പു തുടരുന്നു. കണ്ണുനീരോടെ ......... സ്നേഹത്തോടെ.........വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.