വരുമാനത്തില്‍ വന്‍ ഇടിവ്; വാര്‍ത്തകള്‍ക്ക് ഇനി പണം തരാനാകില്ലെന്ന് ഫേസ്ബുക്ക്

വരുമാനത്തില്‍ വന്‍ ഇടിവ്; വാര്‍ത്തകള്‍ക്ക് ഇനി പണം തരാനാകില്ലെന്ന് ഫേസ്ബുക്ക്

ന്യൂയോര്‍ക്ക്: സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് അത്ര ശുഭകരമല്ലാത്ത റിപ്പോര്‍ട്ടാണ് മാസത്തിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ പുറത്ത് വരുന്നത്. ഫേസ്ബുക്കിന്റെ ന്യൂസ് ടാബുകളില്‍ നല്‍കുന്ന കണ്ടന്റുകള്‍ക്ക് പണം നല്‍കേണ്ട എന്ന് മാതൃസ്ഥാപനമായ മെറ്റ തീരുമാനിച്ചു. കമ്പനിയുടെ വരുമാനത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കനത്ത ഇടിവ് നേരിട്ടതോടെയാണ് തീരുമാനം.

ഫേസ്ബുക്കില്‍ കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യുന്നതിന് തടസമുണ്ടാകില്ല. ഇതിന് പ്രത്യേകം നിരക്കും ഈടാക്കില്ല. എന്നാല്‍ ഈ തീരുമാനം ഓണ്‍ലൈന്‍ വാര്‍ത്താ കമ്പനികളുടെ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കും. ആഗോളതലത്തിലുള്ള മാധ്യമങ്ങളുടെ വരുമാനം നോക്കിയാല്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വന്‍ തുകയാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

ഫേസ്ബുക്കിന്റെ തീരുമാനം യുഎസിലാകും ആദ്യം നടപ്പിലാക്കുക. പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചേക്കും. വരുമാനം കുറഞ്ഞാലും ഒട്ടേറെ ഫോളോവേഴ്‌സ് ഉള്ളതിനാല്‍ ഫേസ്ബുക്കില്‍ കമ്പനികള്‍ വാര്‍ത്ത പോസ്റ്റ് ചെയ്യുന്നത് നിര്‍ത്താന്‍ സാധ്യതയില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ വാര്‍ത്തകള്‍ക്കായി മാത്രം മെറ്റ 105 മില്യണ്‍ ഡോളര്‍ ചെലവഴിക്കുന്നുവെന്നാണു റിപ്പോര്‍ട്ട്. ഇതിന് പുറമേയാണ് 90 മില്യണ്‍ ഡോളര്‍ ന്യൂസ് വീഡിയോകള്‍ക്കായി ചെലവഴിച്ചത്. 2019 ലാണ് ഫെയ്സ്ബുക്ക് വാര്‍ത്തകള്‍ക്ക് പ്രധാന്യം നല്‍കാന്‍ തുടങ്ങിയത്.

വാര്‍ത്താ കണ്ടന്റുകള്‍ കുറഞ്ഞാല്‍ ഇതര കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യുന്ന കമ്പനികള്‍ക്ക് നേട്ടമായേക്കും. എന്റര്‍ടെയിന്‍മെന്റ് സെഗ്മെന്റില്‍ വീഡിയോ ഉള്‍പ്പടെ പോസ്റ്റ് ചെയ്യുന്ന കമ്പനികള്‍ ഇനി മുതല്‍ ഇരട്ടി കണ്ടന്റുകളിടാനും സാധ്യതയുണ്ട്. വാള്‍സ്ട്രീറ്റ്, ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ക്ക് വലിയ തോതില്‍ ഇങ്ങനെ വരുമാനം ലഭിച്ചിരുന്നു.

മെറ്റയുടെ അറ്റ വരുമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 36 ശതമാനം ഇടിഞ്ഞുവെന്ന് അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. വരുമാനം 28.9 ബില്യണ്‍ പ്രതീക്ഷിച്ചെങ്കിലും 28.8 ബില്യണാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.