മയക്കു മരുന്ന് ഗൂഢാലോചന; കുറ്റപത്രത്തിലെ ആരോപണങ്ങള്‍ ഗുരുതരം; സഞ്ജീവ് ഭട്ടിന്റെ ജാമ്യ ഹര്‍ജി സുപ്രീം കോടതി തള്ളി

മയക്കു മരുന്ന് ഗൂഢാലോചന; കുറ്റപത്രത്തിലെ ആരോപണങ്ങള്‍ ഗുരുതരം; സഞ്ജീവ് ഭട്ടിന്റെ ജാമ്യ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: മയക്കുമരുന്ന് ഗൂഢാലോചന കേസില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഗുരുതരമാണ്. തെളിയിക്കപ്പെട്ടാല്‍ അങ്ങേയറ്റം അപകടകരമായേക്കാവുന്ന കാര്യങ്ങളാണ് കുറ്റപത്രത്തില്‍ ഉള്ളതെന്നും അതിനാല്‍ ഹര്‍ജി പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്തയും വിക്രം നാഥും ഉള്‍പ്പെടുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം. കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെ സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ പിന്‍വലിക്കുന്നതായി അഭിഭാഷകന്‍ അറിയിച്ചു.

ഭട്ടിന് ജാമ്യം നിഷേധിച്ച 2020 ജനുവരി 31ലെ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെയാണ് അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്തഗി, മനീന്ദര്‍ സിങ് എന്നിവരാണ് ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായത്.

1996ല്‍ ബനാസ്‌കാന്ത പൊലീസ് സൂപ്രണ്ട് ആയിരിക്കെ ഒരു അഭിഭാഷകനെ അന്യായമായി മയക്കു മരുന്ന് കേസില്‍ കുടുക്കിയതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയതാണ് സഞ്ജീവ് ഭട്ടിനെതിരായ എന്‍ഡിപിഎസ് കേസ്. പാലന്‍പൂരിലെ ഹോട്ടല്‍ മുറിയില്‍ ഒന്നര കിലോ കറുപ്പ് അനധികൃതമായി ഒളിപ്പിച്ചത് സഞ്ജീവ് ഭട്ട് തന്നെയാണെന്ന് പിന്നീട് വ്യക്തമായിരുന്നു.

1990ലെ ഒരു കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നിലവില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരികയാണ് സഞ്ജീവ് ഭട്ട്. 2019 ജൂണ്‍ മാസത്തിലാണ് സഞ്ജീവ് ഭട്ടിനെതിരെ ഗുജറാത്ത് കോടതി വിധി പുറപ്പെടുവിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.