ഫാ. ബാബു ആന്റണി വടക്കേക്കര സീറോ മലബാര്‍ മീഡിയ കമ്മീഷന്‍ സെക്രട്ടറി, പി.ആര്‍.ഒ

ഫാ. ബാബു ആന്റണി വടക്കേക്കര സീറോ മലബാര്‍ മീഡിയ കമ്മീഷന്‍ സെക്രട്ടറി, പി.ആര്‍.ഒ

കൊച്ചി: സീറോ മലബാര്‍ സഭയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറും മീഡിയ കമ്മീഷന്‍ സെക്രട്ടറിയുമായി വിന്‍
സെന്‍ഷ്യന്‍ സന്യാസ സമൂഹാംഗമായ ഫാ. ബാബു ആന്റണി വടക്കേക്കര നിയമിതനായി. നിലവില്‍ മീഡിയ കമ്മിഷന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ഫാ. അലക്‌സ് ഓണംപള്ളി ഉപരി പഠനത്തിനായി പോകുന്ന സാഹചര്യത്തിലാണ് പുതിയ സെക്രട്ടറി നിയമിതനായത്.

സീറോ മലബാര്‍ സഭയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, മീഡിയ കമ്മീഷന്‍ സെക്രട്ടറി എന്നീ ഉത്തരവാദിത്വങ്ങള്‍ ഒരാള്‍ നിര്‍വ്വഹിക്കുന്നതാണ് കൂടുതല്‍ ഫലപ്രദമെന്ന പെര്‍മനന്റ് സിനഡിന്റെ തീരുമാന പ്രകാരമാണ് പുതിയ നിയമനം. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയായില്‍ വൈസ് ചാന്‍സലറായിപ്രവര്‍ത്തിക്കുന്ന ഫാ. എബ്രാഹം കാവില്‍പുരയിടത്തിലാണ് കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി പി.ആര്‍.ഒ.യുടെ ഉത്തരവാദിത്വം കൂടി നിര്‍വഹിച്ചിരുന്നത്.

വിന്‍സെന്‍ഷ്യന്‍ സന്യാസ സമൂഹത്തിന്റെ അങ്കമാലി മേരിമാതാ പ്രോവിന്‍സിലെ അംഗമായ ഫാ. ബാബു ആന്റണി വടക്കേക്കര തലശേരി അതിരൂപതയിലെ എടത്തൊട്ടി ഇടവകാംഗമാണ്. 2003 ല്‍ വൈദികനായി. ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുള്ള ഫാ. ബാബു ആന്റണി ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ബൈബിള്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ബിരുദവും നേടിയിട്ടുണ്ട്.

മുരിങ്ങൂരിലെ ഡിവൈന്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടറായും ഗുഡ്‌നസ് ടി.വി.യുടെ അഡ്മിനിസ്‌ട്രേറ്ററായും വചന പ്രഘോഷണ മേഖലയിലും പ്രവര്‍ത്തിച്ചു. തൃശൂര്‍ മേരിമാതാ മേജര്‍ സെമിനാരിയില്‍ ബൈബിള്‍ ദൈവശാസ്ത്രാധ്യാപകനായും വൈക്കത്തുള്ള  തോട്ടകം വിന്‍സെന്‍ഷ്യന്‍ ആശ്രമത്തിന്റെ സുപ്പീരിയറായും സേവനം ചെയ്യുമ്പോഴാണ് സഭയുടെ കേന്ദ്ര കാര്യാലയത്തിലെ ഉത്തരവാദിത്വങ്ങള്‍ക്കായി നിയമിക്കപ്പെടുന്നത്.

ഇംഗ്ലീഷിനു പുറമേ ഹിന്ദി, തെലുങ്ക് ഭാഷകളിലും പ്രാവീണ്യമുണ്ട്. ഓഗസ്റ്റ് 12 ന് അദ്ദേഹം മൗണ്ട് സെന്റ് തോമസിലെത്തി ചാര്‍ജെടുക്കും.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.