പി.എഫ് പെന്‍ഷന്‍: മുഴുവന്‍ കണക്കുകളും ഹാജരാക്കാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദേശം

പി.എഫ് പെന്‍ഷന്‍: മുഴുവന്‍ കണക്കുകളും ഹാജരാക്കാന്‍ കേന്ദ്രത്തോട്  സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: പിഎഫ് (പ്രോവിഡന്റ് ഫണ്ട്) പെന്‍ഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്ന മുഴുവന്‍ രേഖകളും സമര്‍പ്പിക്കാന്‍ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കേന്ദ്രത്തോടും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനോടും (ഇ.പി.എഫ്.ഒ) ആവശ്യപ്പെട്ടു.

ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നല്‍കിയാല്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പദ്ധതി തന്നെ ഇല്ലാതാകുമെന്ന ഇപിഎഫ്ഒയുടെയും തൊഴില്‍ മന്ത്രാലയത്തിന്റെയും വാദത്തിനിടെയാണ് കോടതിയുടെ നിര്‍ദേശം.

പ്രോവിഡന്റ് ഫണ്ടിന്റെ സഞ്ചിത നിധിക്ക് കുഴപ്പമില്ലെന്നും ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായ പെന്‍ഷന് കട്ട് ഓഫ് ഡേറ്റ് ഏര്‍പ്പെടുത്തിയത് നിയമ വിരുദ്ധമാണെന്നും ജീവനക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ വികാസ് സിംഗ്, മീനാക്ഷി അറോറ, ഗോപാല്‍ ശങ്കരനാരായണന്‍, ആര്‍. ബസന്ത് തുടങ്ങിയവര്‍ വാദിച്ചു.

എന്നാല്‍ ഇത് കോടതിയില്‍ പെന്‍ഷന്‍കാര്‍ക്ക് വേണ്ടി നടത്തിയ പഴയ വാദങ്ങള്‍ തന്നെയാണെന്നും പുതിയ വാദങ്ങള്‍ വരണമെന്നും മൂന്നംഗ പ്രത്യേക ബെഞ്ച് ചൂണ്ടിക്കാട്ടി. സാമ്പത്തിക ആഘാതം സംഭവിച്ച് ആധികാരികമായ റിപ്പോര്‍ട്ട് എവിടെയെന്ന് ഇന്നലെയും കോടതി ചോദിച്ചു. ഇന്നലെ രാവിലെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ഇ.പി.എഫ്.ഒ അറിയിച്ചു.

ഇ.പി.എഫ് സഞ്ചിതനിധി 1995-96 വര്‍ഷത്തിലെ 8,004 കോടി രൂപയില്‍നിന്ന് 2017-18ല്‍ 3,93,000 കോടി രൂപയായി വളര്‍ന്നത് അറോറ ചൂണ്ടിക്കാട്ടി. വര്‍ധിച്ചു കൊണ്ടേയിരിക്കുന്ന സഞ്ചിതനിധിയില്‍ ഇ.പി.എഫ്.ഒ തൊടുന്നില്ല. പെന്‍ഷന്‍ ഫണ്ട് പലിശയുണ്ടാക്കി കൊണ്ടിരിക്കുന്നു. സഞ്ചിത നിധിയുടെ പലിശയില്‍ നിന്ന് കിട്ടുന്ന പണം മാത്രമേ പെന്‍ഷന് ഉപയോഗിക്കുന്നുള്ളൂ.

ജീവനക്കാരില്‍നിന്ന് സമാഹരിച്ച വലിയ തുകക്ക് 2017-18 വര്‍ഷംവരെ 9.5 ശതമാനം പലിശ കിട്ടുന്നുണ്ട്. അതിനാല്‍ തങ്ങള്‍ക്ക് വലിയ നഷ്ടം വരുത്തുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം മുഖവിലക്കെടുക്കരുത് -അറോറ വാദിച്ചു.

ഇ.പി.എഫില്‍ ഒരാള്‍ അടക്കുന്ന തുക പൂര്‍ണമായും അയാള്‍ക്ക് തിരിച്ചുകിട്ടുന്നില്ല. പലിശയടക്കം 2.62 ലക്ഷം രൂപ പ്രോവിഡന്റ് ഫണ്ടിലുള്ള ഒരു ജീവനക്കാരന് 2312 രൂപയാണ് മാസാന്ത്യ പെന്‍ഷനായി കിട്ടുക. എന്നാല്‍, 2.62 ലക്ഷം രൂപ മറ്റെവിടെയെങ്കിലും നിക്ഷേപിച്ചാല്‍ 8.5 ശതമാനം വരെ പലിശ ലഭിക്കില്ലേയെന്നും അവര്‍ ചോദിച്ചു.

വെള്ളിയാഴ്ച വാദം പൂര്‍ത്തിയാകാത്തതിനാല്‍ അടുത്ത ബുധനാഴ്ച കേസില്‍ വാദം തുടരുമെന്ന് ജസ്റ്റിസ് യു.യു. ലളിത് വ്യക്തമാക്കി. പെന്‍ഷന്‍കാരുടെ എണ്ണം കൂടുമെന്നതിനാല്‍ പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നവര്‍ക്ക് ഭാവി മുന്നില്‍ കാണേണ്ടിവരുമെന്ന നിരീക്ഷണവും സുപ്രീംകോടതി നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.