കോണ്‍ഗ്രസ് പ്രതിഷേധ ദിനത്തില്‍ അബദ്ധത്തില്‍ കറുപ്പ് വസ്ത്രം ധരിച്ചെത്തി; പുലിവാല് പിടിച്ച് ബി.ജെ.പി എംപി

കോണ്‍ഗ്രസ് പ്രതിഷേധ ദിനത്തില്‍ അബദ്ധത്തില്‍ കറുപ്പ് വസ്ത്രം ധരിച്ചെത്തി; പുലിവാല് പിടിച്ച് ബി.ജെ.പി എംപി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രതിഷേധ ദിനത്തില്‍ അബദ്ധത്തില്‍ കറുപ്പ് വസ്ത്രം ധരിച്ചെത്തി ബി.ജെ.പി എംപി. മധ്യപ്രദേശിലെ സിദ്ദില്‍ നിന്നുള്ള ബി.ജെ.പി എംപി റിഥി പഥക് ആണ് ഇന്നലെ പാര്‍ലമെന്റില്‍ കറുപ്പ് വസ്ത്രം ധരിച്ചെത്തിയത്.

വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി വര്‍ധന എന്നിവയ്‌ക്കെതിരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ കറുത്ത വേഷം ധരിച്ച് പാര്‍ലമെന്റിലും പുറത്തും പ്രതിഷേധം നടത്തിയത്. കോണ്‍ഗ്രസ് പ്രതിഷേധ ദിനത്തില്‍ ബിജെപി അടക്കമുള്ള പാര്‍ട്ടിയിലെ ചില എംപിമാര്‍ അബദ്ധത്തില്‍ കറുപ്പ് ധരിച്ചെത്തുകയായിരുന്നു.

കോണ്‍ഗ്രസ് നിരയില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ കറുപ്പ് വസ്ത്രം ധരിച്ചാണ് പാര്‍ലമെന്റില്‍ എത്തിയത്. എന്നാല്‍ ബിജെപി എംപി റിഥി പഥക് കറുപ്പ് സാരി ധരിച്ചെത്തിയത് എല്ലാവരെയും ഞെട്ടിച്ചു. കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ടോ എന്നായിരുന്നു മറ്റു എംപിമാര്‍ റിഥിയോട് ചോദിച്ചത്. നാണക്കേട് മറച്ചുവച്ച് പഥക് പാര്‍ട്ടി സഹപ്രവര്‍ത്തകരോട് സംഭവം വിശദീകരിക്കുന്നത് കാണാമായിരുന്നു.

കറുപ്പ് ധരിച്ചെത്തിയ മറ്റൊരു എംപി കനിമൊഴിയാണ്. കറുപ്പ് അണിഞ്ഞുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ഡിഎംകെ പങ്കെടുത്തിരുന്നില്ല. എന്നിട്ടും കനിമൊഴി കറുപ്പ് ധരിച്ചെത്തിയത് ചിലരെയെല്ലാം അദ്ഭുതപ്പെടുത്തി. കനി തങ്ങള്‍ക്കൊപ്പം എന്നായിരുന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത്. ഇതുകേട്ട് കനിമൊഴി ചെറുതായി ഒന്നു ചിരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമല്ലാതിരുന്നിട്ടും ബി.എസ്.പി എംപി സംഗീത ആസാദും കറുപ്പ് ധരിച്ചാണ് പാര്‍ലമെന്റില്‍ എത്തിയത്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടയില്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു മണിക്കൂര്‍ നീണ്ട സംഘര്‍ഷത്തിനൊടുവിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കിയത്. ആറ് മണിക്കൂറിന് ശേഷം വൈകിട്ടോടെ ഇവരെ വിട്ടയച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.