പെട്ടിമുടി ഉരുള്‍പൊട്ടല്‍; എഴുപത് ജീവന്‍ പൊലിഞ്ഞ വന്‍ ദുരന്തത്തിന് രണ്ട്  വര്‍ഷം

പെട്ടിമുടി ഉരുള്‍പൊട്ടല്‍; എഴുപത് ജീവന്‍ പൊലിഞ്ഞ വന്‍ ദുരന്തത്തിന് രണ്ട്  വര്‍ഷം

മൂന്നാർ:കേരളത്തിലെ എക്കാലത്തെയും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായ പെട്ടിമുടി ഉരുൾപൊട്ടൽ നടന്നിട്ട് രണ്ട് വർഷം തികയുന്നു. കേരളത്തിൻറെ കണ്ണു നനയിച്ച ഈ ദുരന്തത്തിൽ 70 പേരാണ് ഓർമ്മയായത്. ഇതിൽ മണ്ണിനടിയിൽ കുടുങ്ങിയാതായി കരുതുന്ന നാലു പേരുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല.

ഇടുക്കി മൂന്നാറിൽ നിന്ന് 25 കിലോമീറ്റർ ദൂരെ കണ്ണൻ ദേവൻ കമ്പനിയുടെ പെട്ടിമുടിയിലെ തേയില എസ്റ്റേറ്റിൽ 2020 ഓഗസ്റ്റ് ആറിന് രാത്രി 10.45 ന് ഉണ്ടായ ഉരുൾപൊട്ടൽ നാല്  ലയങ്ങളെയാണ് തകർത്തെറിഞ്ഞത്.

ഈ ദുരന്തത്തിൽ 22 തൊഴിലാളി കുടുംബങ്ങളെയാണ് ഉരുൾ തുടച്ചു നീക്കിയത്. ഉരുൾപൊട്ടൽ നടന്ന പിറ്റേ ദിവസം മാത്രമാണ് സംഭവം പുറം ലോകം  അറിയുന്നത്. റോഡിലെ പാലം ഒലിച്ചു പോയതിനാൽ രക്ഷാ പ്രവർത്തകർക്ക് യഥാസമയം രക്ഷാ പ്രവർത്തനം നടത്താൻ കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് പത്തടി ഉയരത്തിൽ വരെ മണ്ണു മൂടിയിട്ടുണ്ടായിരുന്നു. പലയിടത്തും വമ്പൻ പാറകൾ വന്നടിഞ്ഞു. ഇത് രക്ഷാ പ്രവർത്തനം വൈകുന്നതിന് കാരണമായി.


അപകടത്തിൽ രക്ഷപ്പെട്ട എട്ടു കുടുംബങ്ങൾക്ക് കണ്ണൻ ദേവൻ കമ്പനി വീടുകൾ വച്ചു നൽകി. എന്നാൽ സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഇന്നും പൂർണമായും ലഭിച്ചിട്ടില്ല. അപകടത്തിന്റെ ഞെട്ടൽ മാറാതെ ജീവിക്കുന്ന രക്ഷപ്പെട്ടവരും ഉറ്റവരെ നഷ്ടമായ ബന്ധുക്കളും ഇന്നും പെട്ടുമുടിയിൽ ഉണ്ട്.


കേരളത്തിലെ ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ജില്ലയായി  പൊതുവില്‍ ഗവഷകര്‍ കണക്കാക്കുന്നത് ഇടുക്കിയാണ്. പല കാരണങ്ങളാല്‍ ഇടുക്കി മറ്റേത് ജില്ലയേക്കാള്‍ കൂടുതല്‍ അപകടസാധ്യത  നേരിടുകയാണ് എന്നത് ആശങ്ക ഉയർത്തുന്ന ഒന്നാണ്.


കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റവും ഭൂപ്രകൃതിയും മനുഷ്യ ഇടപെടലും ഇടുക്കിയെ കുടുതൽ അപകട സാധ്യതയുള്ള പ്രദേശമാക്കി മാറ്റി എന്ന ആശങ്കയ്ക്ക് ബലം നല്‍കുന്നു. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന അനിയന്ത്രിതവും അശാസ്ത്രീയവുമായ ഖനനം, വികസനമെന്ന പേരില്‍ നടത്തുന്ന സുസ്ഥിരമല്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ കേരളത്തിലെ പ്രകൃതി ദുരന്തങ്ങൾക്ക് അക്കം കൂട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.