രാജ്യത്തിന്റെ മതേതര സ്വഭാവത്തെ ഹനിക്കുന്ന പ്രവണതകളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയണം: കെസിബിസി

രാജ്യത്തിന്റെ മതേതര സ്വഭാവത്തെ ഹനിക്കുന്ന പ്രവണതകളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയണം: കെസിബിസി

കൊച്ചി: ഭാരതത്തിന്റെ മതേതര സ്വഭാവത്തെ ഹനിക്കുന്നവിധം ഉയര്‍ന്നുവരുന്ന പ്രവണതകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളതും ആമുഖത്തില്‍ പറഞ്ഞിട്ടുള്ളതുമായ സാഹോദര്യവും സമത്വവും മതേതരത്വവും നിലനിറുത്തികൊണ്ട് ഐക്യത്തിനും അഖണ്ഡതയ്ക്കുംവേണ്ടി നിലകൊള്ളാന്‍ രാജ്യത്തിന് സാധിക്കട്ടെയെന്നും മാര്‍ ആലഞ്ചേരി ആശംസിച്ചു.

കേരള സഭാനവീകരണം വ്യക്തിപരമായ നവീകരണത്തിലേക്ക് സഹായകരമായ വിധം അഞ്ചു കാര്യങ്ങള്‍ നടപ്പിലാക്കാനും കെസിബിസി തീരുമാനിച്ചു. സെപ്തംബര്‍ ഒന്‍പതു മുതല്‍ ഒക്ടോബര്‍ 18 വരെയുള്ള നാല്പതുദിനങ്ങള്‍ പ്രാര്‍ഥനാ-പരിത്യാഗദിനങ്ങളായി പ്രഖ്യാപിച്ചു. ആ ദിവസങ്ങളില്‍ ഓരോ രൂപതയും പ്രത്യേക ക്രമീകരണങ്ങളോടെ നാല്പതുദിന പ്രാര്‍ത്ഥനാ-പരിത്യാഗ യജ്ഞം നടത്തണം.

വിമലഹൃദയപ്രതിഷ്ഠ: ഒക്ടോബര്‍ മാസം മുഴുവന്‍ കൊന്തനമസ്‌ക്കാരത്തോടെ മാതാവിന്റെ വിമലഹൃദയത്തിനു കേരളസഭയെ സമര്‍പ്പിക്കുന്നു. ഒക്ടോബര്‍ 31-ന് ഓരോ രൂപതയിലും രൂപതാകത്തീഡ്രലില്‍ രൂപതാധ്യക്ഷന്‍ അര്‍പ്പിക്കുന്ന ദിവ്യബലിനമദ്ധ്യേ രൂപതയെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കും. പിഒസിയില്‍ അര്‍പ്പിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലി മദ്ധ്യേ കേരളസഭയെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കും.

പൂര്‍ണദണ്ഡവിമോചനം: റോമിലെ അപ്പസ്തോലിക് പെനിറ്റന്‍ഷറിയുടെ അനുവാദത്തോടെ നാല്പതുദിന പ്രാര്‍ത്ഥന-പരിത്യാഗ ദിനങ്ങളില്‍ കുമ്പസാരിച്ച് കുര്‍ബാന സ്വീകരിക്കുന്നവര്‍ക്കു പൂര്‍ണദണ്ഡവിമോചനം പ്രഖ്യാപിക്കും.

വൈദികര്‍ക്കുള്ള പ്രത്യേക പ്രാര്‍ത്ഥനാദിനം: വൈദികര്‍ക്കുവേണ്ടി മാത്രമായി ഏകദിന പ്രാര്‍ത്ഥനാദിനം രൂപതാധ്യക്ഷന്മാര്‍ പ്രഖ്യാപിക്കും. ഇക്കാര്യങ്ങള്‍ അറിയിക്കുന്നതിനായി ഓരോ രൂപതാധ്യക്ഷനും തന്റെ രൂപതയില്‍ ഇടയലേഖനം പുറപ്പെടുവിക്കും. മൂന്നുവര്‍ഷം നീണ്ടുനില്‍ക്കുന്ന നവീകരണ യജ്ഞനത്തിനു രൂപതാപ്രതിനിധികളും സമര്‍പ്പിത സമൂഹ പ്രതിനിധികളും കെ.സിബി.സി. കമ്മീഷന്‍ അംഗങ്ങളും മൂന്നു വ്യക്തിസഭാ കാര്യാലയങ്ങളുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന മേല്‍നോട്ടസമിതി നേതൃത്വം നല്കുമെന്ന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ 75 വര്‍ഷങ്ങളിലൂടെ ഇന്ത്യയ്ക്ക് ഉണ്ടായിട്ടുള്ള വളര്‍ച്ച ലോകരാജ്യങ്ങള്‍ക്കുമുമ്പില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തി. ഓരോ ഇന്ത്യന്‍ പൗരനും അഭിമാനിക്കാന്‍ തക്കവിധം ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലും കാര്‍ഷിക-വ്യവസായ-വ്യാപാര-വിപണന രംഗങ്ങളിലും മറ്റു തലങ്ങളിലും വര്‍ദ്ധിച്ച തോതില്‍ വളര്‍ച്ച നേടാന്‍ സാധിച്ചത് വലിയ നേട്ടമാണ്.

കേരളത്തിലെ കര്‍ഷകരെ വലിയ തോതില്‍ ബാധിക്കുന്ന ബഫര്‍സോണ്‍ പ്രഖ്യാപനം സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ള ആശങ്കകളും ആധികളും പരിഹരിക്കാന്‍ സര്‍ക്കാര്‍ യുദ്ധ കാലാടിസ്ഥാനത്തില്‍ പ്രയത്നിക്കണം. സുപ്രീംകോടതി നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ കൃത്യമായ പഠനവിവരങ്ങളുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ എംപവര്‍ കമ്മിറ്റിക്കു നല്‍കേണ്ട റിപ്പോര്‍ട്ടു യഥാസമയം നല്‍കാന്‍ സര്‍ക്കാരിനു കഴിയണം.

തീരദേശത്തു വസിക്കുന്നവര്‍ സര്‍ക്കാരിന്റെ മുന്നില്‍ ഉയര്‍ത്തിയിട്ടുള്ള കാര്യങ്ങളില്‍ സത്വരമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകണം. തീരശോഷണം സംബന്ധിച്ചു വിശദമായ പഠനം നടത്താനും അതിനുകാരണമായ കാര്യങ്ങള്‍ കണ്ടെത്തി പരിഹരിക്കാനും സര്‍ക്കാര്‍ തയാറാകണമെന്നും മാര്‍ ആലഞ്ചേരി ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26