ബാണാസുരാസാഗർ അണക്കെട്ട് ജില്ലാ കളക്ടർ സന്ദർശിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല

ബാണാസുരാസാഗർ അണക്കെട്ട് ജില്ലാ കളക്ടർ സന്ദർശിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല

കൽപ്പറ്റ: വയനാട് ജില്ലാ ദുരന്തനിവാരണ അതോരിറ്റി ചെയർപെഴ്സൺ കൂടിയായ ജില്ലാ കളക്ടർ എ.ഗീത ബാണാസുരാസാഗർ അണക്കെട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ജലവിതാനം ഉയരുന്ന സാഹചര്യത്തിൽ അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിന് അധികൃതർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
ഇതിന് മുന്നോടിയായി പ്രദേശവാസികൾക്കും പുഴയോരവാസികൾക്കും ജാഗ്രത മുന്നറിയിപ്പ് നൽകി തുടങ്ങിയിട്ടുണ്ട്.വൃഷ്ടി പ്രദേശത്ത് അടുത്ത മണിക്കൂറുകളിൽ പെയ്യുന്ന മഴയുടെ തീവ്രതയനുസരിച്ച് അണക്കെട്ട് ഷട്ടർ തുറക്കുന്നതിനായുള്ള സമയം തീരുമാനിക്കും.

രാത്രി സമയങ്ങളിൽ അണക്കെട്ട് ഷട്ടർ തുറക്കില്ല.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നും തന്നെയില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
എ.ഡി.എം എൻ.ഐ.ഷാജു, ജില്ലാ ഫൈനാൻസ് ഓഫീസർ എ.കെ.ദിനേശൻ, ദുരന്തനിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ട് ജോയി തോമസ് തുടങ്ങിയവർ ജില്ലാ കളക്ടർക്ക് ഒപ്പമുണ്ടായിരുന്നു.
ബാണാസുരാസാഗർ എക്സിക്യൂട്ടീവ് എഞ്ചിനിയർ എം.സി.ബാബുരാജ്, അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ ടി.ആർ.രാമചന്ദ്രൻ എന്നിവർ അണക്കെട്ടിലെ നിലവിലുള്ള ജലക്രമീകരണങ്ങൾ വിശദീകരിച്ചു.

ബാണാസുരാസാഗർ, കാരാപ്പുഴ അണക്കെട്ടുകളിലെ ജലനിരപ്പ്

ബാണാസുരാ സാഗർ ഡാമിലെ നിലവിലെ ജലനിരപ്പ് 773.10 മീറ്ററാണ്. എന്നാൽ കഴിഞ്ഞ വർഷം ഇതേസമയം 768.6 മീറ്റർ ആയിരുന്നു.
നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 773.5 മീറ്ററായാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. 774 മീറ്ററാണ് ഇന്നത്തെ അപ്പർ റൂൾ ലെവൽ. 775.60 മീറ്ററാണ് പരമാവധി സംഭരണ ശേഷി. 170.75 എം.സി.എം വെള്ളമാണ് ഡാമിലുള്ളത്. സംഭരണ ശേഷിയുടെ 84.95 ശതമാനം. കഴിഞ്ഞ വർഷം ഇതേസമയം 119.95 എം.സി.എം ആയിരുന്നു. (59.67 ശതമാനം).കാരാപ്പുഴ ഡാമിൽ 758.25 മീറ്ററാണ് ഇപ്പോൾ ജലനിരപ്പ്. 763 മീറ്ററാണ് സംഭരണ ശേഷി, മൂന്ന് ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 12.23 ഘനമീറ്റർ വെള്ളം ഒഴുക്കിവിട്ട് വരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.