'ആത്മാക്കളുടെ വേട്ടക്കാരന്‍' എന്നറിയപ്പെട്ട വിശുദ്ധ കജേറ്റന്‍

'ആത്മാക്കളുടെ വേട്ടക്കാരന്‍' എന്നറിയപ്പെട്ട വിശുദ്ധ കജേറ്റന്‍

അനുദിന വിശുദ്ധര്‍ - ഓഗസ്റ്റ് 07

ലൊമ്പാര്‍ഡിയിലെ വിന്‍സെന്‍സാ എന്ന പ്രദേശത്ത് ഒരു കുലീന കുടുംബത്തില്‍ 1480 ഒക്ടോബര്‍ ഒന്നിനാണ് വിശുദ്ധ കജേറ്റന്‍ ജനിച്ചത്. ഭക്തയായ മാതാവ് മകനെ കന്യകാംബയുടെ സംരക്ഷണത്തിന് ഏല്‍പ്പിച്ചു. എളിമ, അനുസരണം തുടങ്ങിയ സ്വഭാവ വിശേഷങ്ങളില്‍ മറ്റു കുട്ടികള്‍ക്ക് മാതൃകയായിരുന്നു അവന്‍.

മുപ്പത്താറാമത്തെ വയസിലാണ് കജേറ്റന്‍ പൗരോഹിത്യപട്ടം സ്വീകരിച്ചത്. റോമന്‍ കൂരിയയില്‍ കുറേക്കാലം ജോലി ചെയ്ത ശേഷം സ്വദേശത്തേക്ക് മടങ്ങി മാറാ രോഗികള്‍ക്കായി ഒരാശുപത്രി സ്ഥാപിച്ചു. പിന്നീട് 1524 ല്‍ തിയാറ്റൈന്‍സ് (Congregation of Clerics Regular of the Divine Providence) എന്ന സന്യാസി സഭയ്ക്ക് രൂപം നല്‍കി. ദൈവത്തോടുള്ള വിശ്വസ്തതയായിരുന്നു ആ സഭയുടെ അടിസ്ഥാന നിയമം.

ആത്മാക്കളുടെ മോക്ഷത്തിനു വേണ്ടി ഫാ. കജേറ്റന്‍ പ്രകടിപ്പിച്ചിരുന്ന ശക്തമായ തീവ്രാഭിലാഷം മൂലം ''ആത്മാക്കളുടെ വേട്ടക്കാരന്‍'' എന്നാണു അദ്ദേഹം അറിയപ്പെട്ടിരുന്നത്. അത്യുത്സാഹത്തോടെ തന്നെ വിശുദ്ധന്‍ ദൈവമക്കള്‍ക്കിടയില്‍ സേവനം ചെയ്തു. അദ്ദേഹം തന്റെ സ്വന്തം കരങ്ങളാല്‍ അനേകം രോഗികളെ പരിചരിച്ചു.

വിശ്വാസികളില്‍ നിന്നും യാതൊരു തരത്തിലുള്ള പ്രതിഫലങ്ങളും സ്വീകരിക്കാതെ, ആളുകള്‍ സ്വന്തം ഇഷ്ടപ്രകാരം എന്തു നല്‍കുന്നോ അതായിരുന്നു തിയാറ്റൈന്‍സ് സഭാ സന്യാസികളുടെ ജീവിത മാര്‍ഗം. അതിനാല്‍ തന്നെ ദൈവകാരുണ്യത്തില്‍ അവര്‍ അമിതമായി ആശ്രയിച്ചിരുന്നു. അതിയായ ദൈവഭക്തിയുണ്ടായിരുന്ന വിശുദ്ധ കജേറ്റന്‍ പലപ്പോഴും ദിവസം എട്ട് മണിക്കൂറോളം പ്രാര്‍ത്ഥനയില്‍ മുഴുകി കഴിയുമായിരുന്നു.

'സെന്റ് മേരി ഓഫ് ദി ക്രിബ്' ദേവാലയത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങളില്‍ മുഴുകിയിരിക്കെ ഉണ്ണിയായ ദൈവ കുമാരനെ പരിശുദ്ധ മറിയത്തില്‍ നിന്നും തന്റെ കരങ്ങളില്‍ വഹിക്കുവാനുള്ള ഭാഗ്യം വിശുദ്ധന് ലഭിക്കപ്പെട്ടുവെന്ന് പറയപ്പെടുന്നു.

1527 ല്‍ ചാള്‍സ് അഞ്ചാമന്റെ സൈന്യം റോം ആക്രമിച്ച് കൊള്ളയടിച്ചപ്പോള്‍, പാവങ്ങളെ സഹായിക്കുവാനായുള്ള ദേവാലയത്തിലെ പണം അവര്‍ക്ക് നല്‍കുവാന്‍ വിസമ്മതിച്ചു എന്ന കാരണത്താല്‍ പടയാളികള്‍ വിശുദ്ധനെ ബന്ധനസ്ഥനാക്കി പീഡിപ്പിക്കുകയും തടവിലിടുകയും ചെയ്തു.

ഇതില്‍ ഏറെ ദുഖിതനായി മാറിയ അദ്ദേഹത്തിന് ക്രമേണ അസുഖം പിടിപെട്ടു. 1547 ഓഗസ്റ്റ് ഏഴിന് നേപ്പിള്‍സില്‍ വെച്ച് വിശുദ്ധ കജേറ്റന്‍ അന്ത്യനിദ്ര പ്രാപിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ദൊണാറ്റ്

2. ക്ലാവുദിയാ

3. സിസിലിയിലെ ത്രപാനിയിലെ ആള്‍ബെര്‍ട്ട്

4. നിസിബിസിലെ ദൊമീഷിയൂസും കൂട്ടുകാരും

5. ഇറ്റലിയിലെ കാര്‍പ്പൊഫോറസ്, എക്‌സാന്തൂസ്, കാസിയൂസ്, സെവെരിനൂസ്, സെക്കുന്തൂസ്, ലിസിനിയൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26