തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റില്‍ ക്യാമറ വച്ച് യാത്രചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഉത്തരവിട്ട് ഗതാഗത കമ്മിഷണര്‍. ഹെല്‍മെറ്റില്‍ ക്യാമറ വച്ച് യാത്രചെയ്യുന്നത് പിടിക്കപ്പെട്ടാല്‍ 1,000 രൂപ പിഴ ഈടാക്കും.
മുന്നറിയിപ്പ് നല്‍കിയതിനു ശേഷവും കുറ്റം തുടര്‍ന്നാല്‍ മൂന്നു മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കാനും കമ്മിഷണര്‍ ഉത്തരവിട്ടിരിക്കുകയാണ്. ഹെല്‍മെറ്റില്‍ ക്യാമറ ഉപയോഗിക്കുന്നതിനെതിരെ നേരത്തെയും മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊതുജനത്തിനും വാഹനമോടിക്കുന്നയാള്‍ക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തിയതാണ് ഇതെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇത്തരത്തില്‍ വിഡിയോ ചിത്രീകരിക്കുന്ന തരത്തില്‍ ക്യാമറ ഘടിപ്പിച്ച ഹെല്‍മെറ്റ് ധരിച്ചത് പിടിയിലായാല്‍ ആര്‍.സി ബുക്കും ലൈസന്‍സും റദ്ദാക്കുമെന്നാണ് നേരത്തെ വകുപ്പ് അറിയിച്ചിരുന്നത്.
ഹെല്‍മെറ്റില്‍ മാറ്റംവരുത്തുന്നത് നിയമവിരുദ്ധവുമാണ്. ഹെല്‍മെറ്റിന്റെ പുറംഭാഗം തുളച്ചാണ് ക്യാമറ ഘടിപ്പിക്കുന്നത്. ഇത് ഹെല്‍മെറ്റ് കവചത്തിന്റെ സുരക്ഷിതത്വം ഇല്ലാതാക്കും. തറയില്‍ വീഴുമ്പോള്‍ തെന്നിനീങ്ങുന്ന വിധത്തിലുള്ള ഹെല്‍മെറ്റ് ഡിസൈന്‍ സുരക്ഷിതത്തിനുവേണ്ടിയുള്ളതാണ്.
ക്യാമറ സ്റ്റാന്‍ഡ് ഘടിപ്പിക്കുന്നതോടെ ഇത് ഇല്ലാതാകും. ഹെല്‍മെറ്റിലെ ചിന്‍സ്ട്രാപ്പ്, അകത്തെ കുഷന്‍ തുടങ്ങി എല്ലാ ഘടകങ്ങള്‍ക്കും നിര്‍ദിഷ്ടനിലവാരം പാലിക്കണം. ഇതില്‍ മാറ്റം വരുത്തുന്നതും നിയമവിരുദ്ധമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.