ന്യൂഡല്‍ഹി: ഒരുകാലത്ത് കോണ്‍ഗ്രസിന്റെ കോട്ടയായിരുന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. കുറച്ചു കാലം മുമ്പുവരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം അധികാരത്തിലിരുന്നത് കോണ്‍ഗ്രസായിരുന്നു. എന്നാല്‍ നരേന്ദ്ര മോഡി അധികാരത്തിലെത്തിയ ശേഷം ബിജെപി ഈ സംസ്ഥാനങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചു. നിരവധി കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കുന്നതിനൊപ്പം ഹിമന്ത ബിശ്വ ശര്‍മയെന്ന കോണ്‍ഗ്രസ് നേതാവിനെ കൂടി അവര്‍ സ്വന്തം പാളയത്തിലെത്തിച്ചു.
നിലവില്‍ അസം മുഖ്യമന്ത്രിയായ ഹിമന്ത ശര്‍മയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയെ വളര്‍ത്തിയത്. ഇപ്പോള്‍ കോണ്‍ഗ്രസും ബിജെപി സ്വീകരിച്ച പാതയിലൂടെ മുന്നോട്ടു പോകാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി നബാം തുക്കിയെ നോര്‍ക്ക് ഈസ്റ്റ് കോണ്‍ഗ്രസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനായി നിയോഗിച്ചു. പ്രദ്യുത് ബോര്‍ദോലോയി എംപിയെ കണ്‍വീനറായും തെരഞ്ഞെടുത്തു.
2016 ല്‍ നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് എന്ന പേരില്‍ എന്‍ഡിഎയുടെ വടക്കുകിഴക്കന്‍ രൂപമുണ്ടാക്കുകയായിരുന്നു ബിജെപി. ആദ്യ കണ്‍വീനറായ ഹിമന്ത മുഖ്യമന്ത്രിയായപ്പോഴും കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞില്ല. ഇപ്പോള്‍ ഹിമന്ത ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങള്‍.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രധാന പ്രശ്‌നം ജനപ്രീതിയുള്ള നേതാക്കളുടെ അഭാവമാണ്. തരുണ്‍ ഗോഗോയ് മരിച്ച ശേഷം അസമില്‍ കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമായി. മണിപ്പൂരിലും ത്രിപുരയിലുമെല്ലാം പാര്‍ട്ടിയില്‍ ചേരിപ്പോരും നേതാക്കള്‍ തമ്മിലുള്ള പടലപ്പിണക്കവുമാണ്. ഇതിനെയൊക്കെ അതിജീവിച്ച് പാര്‍ട്ടിയെ പുനരുജീവിപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.