പട്‌ന: നീതി ആയോഗ് യോഗത്തില്‍ നിന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിട്ടുനിന്നതോടെ ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യം തകര്‍ച്ചയിലേക്കെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് പ്രത്യേകിച്ചൊരു കാരണവും പറയാതെ വിട്ടുനിന്ന നിതീഷ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഫോണില്‍ വിളിച്ചത് രാഷ്ട്രീയ നിരീക്ഷകരില്‍ കൗതുകമുണര്‍ത്തിയിട്ടുണ്ട്.
ആര്‍ജെഡി-ജെഡിയു-കോണ്‍ഗ്രസ് മഹാസഖ്യം വീണ്ടും രൂപീകരിക്കാന്‍ നിതീഷിന് പദ്ധതിയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായ ശേഷം നിതീഷും ബിജെപിയും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല. ബിഹാറില്‍ ജെഡിയുവിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപിക്കാണെങ്കിലും മുഖ്യമന്ത്രി സ്ഥാനം നിതീഷിന് വിട്ടു കൊടുക്കുകയായിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ പ്രധാനപ്പെട്ട മൂന്ന് പരിപാടികളില്‍ നിന്ന് നിതീഷ് വിട്ടുനിന്നിരുന്നു. പുതിയ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് സ്വീകരണം നല്‍കിയ ചടങ്ങും ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച യോഗവും ഇതില്‍ ഉള്‍പ്പെടും.
ഇതിനിടെ ജെഡിയുവിലും അസ്വാരസ്യം ഉടലെടുത്തിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രി ആര്‍സിപി സിംഗ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. കാലാവധി അവസാനിച്ചിരുന്ന ആര്‍സിപി സിംഗിനെ വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കാന്‍ നിതീഷ് തയാറായിരുന്നില്ല. ഇതോടെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ആര്‍സിപി സിംഗിന് രാജിവയ്‌ക്കേണ്ടി വന്നു.
ജെഡിയുവില്‍ നിതീഷിന്റെ ഏകാധിപത്യമാണെന്ന സിംഗിന്റെ പ്രസ്താവന ആ പാര്‍ട്ടിയില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന സൂചനകളാണ് നല്‍കുന്നത്. നിതീഷ് കുമാര്‍ അല്ലാതെ ജെഡിയുവിന് എടുത്ത് കാണിക്കാന്‍ പറ്റുന്ന നേതാക്കളില്ല. കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളായി ജെഡിയുവിന്റെ അടിത്തറ ദുര്‍ബലമാകുന്നതാണ് കാണുന്നത്. ഈ സ്ഥാനത്തേക്ക് ബിജെപി വളരുന്നത് നിതീഷിനും ആശങ്കയുണ്ട്.
അതേസമയം, ജെഡിയു എന്‍ഡിഎയില്‍ നിന്ന് പുറത്തു പോയാല്‍ പാര്‍ട്ടി പിളര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജെഡിയുവില്‍ നിന്നൊരു വിഭാഗത്തെയും കോണ്‍ഗ്രസ് എംഎല്‍എമാരെയും കൂടെക്കൂട്ടി ഭരണം നിലനിര്‍ത്താന്‍ ബിജെപി ശ്രമിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. എന്തായാലും മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബിഹാറും ശ്രദ്ധാകേന്ദ്രമാകുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.