ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

കണ്ണൂര്‍: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു. 97 വയസായിരുന്നു. കണ്ണൂര്‍ നാറാണത്തെ വീട്ടില്‍ തിങ്കളാഴ്ച വൈകിട്ട് ആറോടെ ആയിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.

പുതിയ വീട്ടില്‍ അനന്തന്‍ നായര്‍-ശ്രീദേവി അമ്മ ദമ്പതിമാരുടെ മകനായി 1926 നവംബര്‍ 26ന് കണ്ണൂര്‍ കോളങ്കടയിലാണ് കുഞ്ഞനന്തന്‍ നായര്‍ ജനിച്ചത്. രാജവാഴ്ച കാലത്ത് ചിറക്കല്‍ തമ്പുരാന്റെ വ്യവഹാര കാര്യസ്ഥനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. എട്ടാം ക്ലാസുവരെ കണ്ണാടിപറമ്പ് ഹയര്‍ എലിമെന്ററി സ്‌കൂളിലും പിന്നീട് കണ്ണൂര്‍ ടൗണ്‍ മിഡില്‍ സ്‌കൂളിലും ചിറക്കല്‍ രാജാസിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. രാജാസ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

പി. കൃഷ്ണപിള്ളയാണ് ബെര്‍ലിന്റെ രാഷ്ട്രീയ ഗുരു. കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ബാലഭാരത സംഘത്തിന്റെ നേതൃസ്ഥാനത്തേക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ കൃഷ്ണപിള്ള നിയോഗിച്ചതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം.

ആദ്യകാല പത്രപ്രവര്‍ത്തകനും ഇഎംഎസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്നു. ഏറെക്കാലം ജര്‍മനയില്‍ പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ലേഖകനായും പ്രവര്‍ത്തിച്ചു. 1943 മെയ് 25ന് മുംബൈയില്‍ നടന്ന ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത അദ്ദേഹമായിരുന്നു ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി.

1942ലാണ് പാര്‍ട്ടി അംഗത്വം ലഭിക്കുന്നത്. 1943ല്‍ ജാപ്പ് വിരുദ്ധ ബാലസംഘം എന്ന പേരില്‍ ജപ്പാനെതിരേ പ്രചാരണം നടത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് പാര്‍ട്ടി നേതാക്കളേയും അവരുമായി ബന്ധം പുലര്‍ത്തുകയും അവരുടെ സന്ദേശങ്ങള്‍ വിവിധയിടങ്ങളില്‍ എത്തിക്കുകയും ചെയ്തത് കുഞ്ഞനന്തനായിരുന്നു. കൃഷ്ണപ്പിള്ളയെ കൂടാതെ എ.കെ ഗോപാലനുമായും നല്ല സൗഹൃദം ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്കുണ്ടായിരുന്നു.

സി.പി.ഐ.എമ്മിന്റെ നയവ്യതിയാനങ്ങളെ എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ചതോടെ പാര്‍ട്ടി നേതൃത്വവുമായി ബെര്‍ലിന്‍ അകന്നു. പക്ഷെ 2005ല്‍ പാര്‍ട്ടി ഘടകമായ നാറാത്ത് ബ്രാഞ്ച് കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളുടെയും എതിര്‍പ്പ് മറികടന്ന് ലോക്കല്‍ കമ്മിറ്റി തീരുമാനപ്രകാരം കുഞ്ഞനന്തനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി തള്ളിപ്പറഞ്ഞ കാലത്ത് വി.എസ് അച്യുതാനന്ദന്‍ ബര്‍ലിനെ വീട്ടിലെത്തി സന്ദര്‍ശിച്ചത് പാര്‍ട്ടിക്കകത്ത് വിവാദങ്ങള്‍ക്കു കാരണമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.