ഡൊണാള്‍ഡ് ട്രംപിന്റെ ശൈത്യകാല വസതിയില്‍ എഫ്ബിഐ റെയ്ഡ്‌; നടപടി അനധികൃത രേഖകള്‍ കടത്തിയെന്ന അന്വേഷണത്തിന്റെ ഭാഗമായി

ഡൊണാള്‍ഡ് ട്രംപിന്റെ ശൈത്യകാല വസതിയില്‍ എഫ്ബിഐ റെയ്ഡ്‌; നടപടി അനധികൃത രേഖകള്‍ കടത്തിയെന്ന അന്വേഷണത്തിന്റെ ഭാഗമായി

ഫ്‌ളോറിഡ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വസതിയില്‍ എഫ്ബിഐ റെയ്ഡ്. ഫ്ളോറിഡയിലെ പാം ബീച്ചിന് സമീപം മാര്‍ എ ലാഗോ എസ്റ്റേറ്റില്‍ എഫ്ബിഐ റെയ്ഡ് നടന്നുവെന്ന് ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്. തന്റെ എസ്റ്റേറ്റ് നിലവില്‍ എഫ്ബിഐയുടെ അധീനതയിലാണെന്നും എന്തിന്റെ പേരിലാണ് റെയ്‌ഡെന്ന് തന്നോട് വ്യക്തമാക്കിയിട്ടില്ലെന്നും ട്രംപ് പ്രതികരിച്ചു.

തിങ്കളാഴ്ച്ച രാവിലെയാണ് എഫ്ബിഐ ഉദ്യോഗസ്ഥര്‍ സെര്‍ച്ച് വാറന്റ് നടപ്പാക്കിയത്. ട്രംപ് പ്രസിഡന്റായിരുന്നതിന് ശേഷം വൈറ്റ് ഹൗസ് രേഖകള്‍ നിയമവിരുദ്ധമായി നീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്തതിനെക്കുറിച്ചുള്ള യുഎസ് നീതിന്യായ വകുപ്പിന്റെ അന്വേഷണത്തിന്റെ ഭാഗമായാകാം റെയ്ഡ് എന്നാണ് സൂചന. വൈറ്റ് ഹൗസില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ രേഖകളുടെ 15 പെട്ടികള്‍ നീക്കം ചെയ്തെന്നും മറ്റ് രേഖകള്‍ നശിപ്പിച്ചു കളഞ്ഞുവെന്നുമാണ് ആരോപണം.

റെയ്ഡ്‌ നടക്കുമ്പോള്‍ ട്രംപ് വീട്ടില്‍ ഉണ്ടായിരുന്നില്ല. ന്യൂജേഴ്സിയിലെ ബെഡ്മിന്‍സ്റ്ററിലെ ഗോള്‍ഫ് ക്ലബ്ബിലായിരുന്നു അദ്ദേഹം. റെയ്ഡ്‌ സംബന്ധിച്ച് ട്രംപ് പ്രസ്താവന ഇറക്കുമ്പോഴേക്കും പരിശോധന അവസാനിപ്പിച്ച് എഫ്ബിഐ സംഘം മടങ്ങിയിരുന്നു. തനിക്കെതിരെ ബോധപൂര്‍വ്വമായ ആക്രമണമാണ് നടക്കുന്നതെന്ന് ട്രംപ് പറയുന്നു. അമേരിക്കയുടെ പ്രസിഡന്റ് ആയിരുന്ന തന്നേയും കുടുംബത്തേയും വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.



രോഷാകുലനായി ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്നേറ്റത്തെ തടയിടാനും ബോധപൂര്‍വ്വമുള്ള ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു. മാത്രമല്ല ഭരണ പരാജയത്തെ മറയ്ക്കാനാണ് ''തീവ്ര ഇടതുപക്ഷ ഡെമോക്രാറ്റുകളുടെ'' റെയ്ഡ് നാടകമെന്നും പ്രത്യേക പരാമാര്‍ശത്തോടെ അദ്ദേഹം പ്രതികരിച്ചു.

ട്രംപ് പ്രസിഡന്റായിരിക്കുമ്പോള്‍ മാര്‍-എ-ലാഗോ റിസോര്‍ട്ട് ട്രംപിന്റെ 'ശീതകാല വൈറ്റ് ഹൗസ്' എന്നാണ് അറിയപ്പെട്ടിരുന്നത്. ട്രംപും ഭാര്യ മെലാനിയയും വാഷിംഗ്ടണ്‍ വിട്ട് ഫ്‌ളോറിഡ റിസോര്‍ട്ടിലേക്ക് മടങ്ങി. അതിനുശേഷം ട്രംപ് അതിനെ തന്റെ ഭരണ നിര്‍വഹണ കേന്ദ്രമാക്കി മാറ്റി.

നാഷണല്‍ ആര്‍ക്കൈവ്‌സ് ആന്‍ഡ് റെക്കോര്‍ഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ അന്വേഷണത്തില്‍ വിലമതിക്കാനാകാത്ത രേഖകള്‍ അടങ്ങിയ 15 ബോക്‌സുകള്‍ മാര്‍-എ-ലാഗോയിലേക്ക് കടത്തിക്കൊണ്ട് പോയതായി കണ്ടെത്തിയിരുന്നു. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ അയച്ച കത്ത്, ഉത്തരകൊറിയയിലെ കിം ജോങ് ഉന്നിന്റെ കത്ത്, ചുവപ്പ്-വെളുപ്പ്-നീല നിറങ്ങളുള്ള എയര്‍ഫോഴ്‌സ് വണ്ണിന്റെ മാതൃക തുടങ്ങിയവ ബോക്‌സുകള്‍ക്കുള്ളില്‍ ഉണ്ടായിരുന്നു. ട്രംപിന്റെ അഭിഭാഷകരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഇവ നാഷണല്‍ ആര്‍ക്കൈവ്‌സിന് തിരികെ നല്‍കി. എന്നാല്‍ രാജ്യ സുരക്ഷയെ ബാധിക്കുന്ന ചില രേഖകള്‍ അദ്ദേഹം കൈക്കലാക്കിയെന്ന ആരോപണത്തിലാണ് ഇപ്പോഴുണ്ടായ റെയ്ഡ്.


നാഷണല്‍ ആര്‍ക്കൈവ്സ് ആന്‍ഡ് റെക്കോര്‍ഡ്സ് അഡ്മിനിസ്ട്രേഷന്‍ ജനുവരിയില്‍ ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് രേഖകള്‍ അടങ്ങിയ ബോക്‌സുകള്‍ പിടിച്ചെടുത്തമ്പോള്‍

1978 ലെ പ്രസിഡന്‍ഷ്യല്‍ റെക്കോര്‍ഡ്‌സ് ആക്ടിന്റെ നഗ്‌നമായ ലംഘനങ്ങള്‍ക്ക് ട്രംപ് മുന്‍പും പരിശോധനയ്ക്ക് വിധേയനായിട്ടുണ്ട്. പ്രസിഡന്‍ഷ്യല്‍ റെക്കോര്‍ഡ് കേസ് കൂടാതെ, 2021 ജനുവരി ആറിന് നടന്ന കോണ്‍ഗ്രസ് അന്വേഷണം, യുഎസ് ക്യാപിറ്റലിനുനേരെ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണം, 2020 ലെ ജോര്‍ജിയയുടെ തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാന്‍ ട്രംപ് ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി കേസുകളില്‍ ട്രംപിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. കുറ്റം തെളിഞ്ഞാല്‍ തടവും പിഴയും ലഭിക്കും. മാത്രമല്ല ഭരണ, സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമാകുന്നതിന് അയോഗ്യനാക്കുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.