ന്യൂഡല്‍ഹി: വിമാനത്തിന്റെ ലാന്‍ഡിങ് ഗീയര്‍ കംപാര്‍ട്ട്‌മെന്റില്‍ ( പിന്‍ചക്ര കൂട്) ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്റെ സാഹസിക യാത്ര. 13 കാരനായ അഫ്ഗാന്‍ ബാലന്‍ കാബൂളില്‍ നിന്നും രണ്ട് മണിക്കൂര്‍ സാഹസിക യത്ര ചെയ്താണ് ഡല്‍ഹിയിലെത്തിയത്. എയര്‍ബസ് എ 340 ലായിരുന്നു കുട്ടിയുടെ അത്യന്തം അപകടകരമായ യാത്ര.
കാബൂളിലെ വിമാനത്താവളത്തില്‍ നിയന്ത്രിത മേഖലയില്‍ കടന്നുകൂടിയ കുട്ടി വിമാനത്തിന്റെ പിന്‍ചക്ര ഭാഗത്ത് ഒളിക്കുകയായിരുന്നു. കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ 8:46 ന് പുറപ്പെട്ട വിമാനം രാവിലെ 10:20 ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. വിമാനത്താവളത്തിലെ ജീവനക്കാരനാണ് കുട്ടിയെ കണ്ടത്. ജിജ്ഞാസ കാരണമാണ് വിമാനത്തില്‍ ഒളിച്ചതെന്നാണ് കുട്ടിയുടെ വിശദീകരണം. കുട്ടിയെ ഞായറാഴ്ച വൈകുന്നേരം തന്നെ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.
94 മിനിറ്റ് യാത്ര പൂര്‍ത്തിയാക്കിയത് ഈ രംഗത്തെ വിദഗ്ധരെപ്പോലും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. 30,000 അടി ഉയരത്തില്‍ ഓക്‌സിജന്റെ അഭാവം, തണുത്തുറഞ്ഞ താപനില, ചക്രങ്ങള്‍ക്കിടയില്‍ ചതഞ്ഞരയാനുള്ള സാധ്യത എന്നിവ കുട്ടി അതിജീവിച്ചതെങ്ങനെയെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ രഹസ്യവിമാന യാത്രയാണിത്.
1996 ല്‍ ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തില്‍ രണ്ട് ഇന്ത്യക്കാരായ സഹോദരന്മാര്‍ ഒളിച്ചതാണ് ആദ്യത്തേത്. ലണ്ടനില്‍ എത്തിയപ്പോഴേക്കും ഇതില്‍ ഒരാള്‍ മരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.