പാട്ന: ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ തകര്‍ച്ചയിലേക്ക്. ബിഹാറിലെ എന്‍.ഡി.എ സഖ്യത്തിലെ ഉലച്ചിലിന്റെ ഭാഗമായാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി വയ്ക്കാനൊരുങ്ങുന്നത്. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ നിതീഷ് കുമാര്‍ ഇന്ന് വൈകിട്ട് നാലിന് ഗവര്‍ണര്‍ ഫാഗു ചൗഹാനെ കണ്ട് രാജിക്കത്തു നല്‍കുമെന്നാണ് വിവരം.
അതിനിടെ നിതീഷ് എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ചാല്‍ പിന്തുണ നല്‍കുമെന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി അറിയിച്ചുകഴിഞ്ഞു. സമാന പിന്തുണ വാഗ്ദാനം കോണ്‍ഗ്രസും സി.പി.ഐ (എല്‍.എല്‍), സി.പി.എം, സി.പി.ഐ കക്ഷികളും അറിയിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ബി.ജെ.പി ബന്ധം ഉപേക്ഷിച്ചാലും നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന് പുതിയ സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാന്‍ കഴിയും.
അതിനിടെ ജെ.ഡി.യുവില്‍ നിന്നും ആര്‍.ജെ.ഡിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമെല്ലാം എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി നടത്തുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ തങ്ങളുടെ ഒരു എം.എല്‍.എയെ പോലും ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്ന് ആര്‍ജെഡി വ്യക്തമാക്കി. സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ നിര്‍ണായക നീക്കങ്ങളാകും വരും മണിക്കൂറുകളില്‍ നടക്കുക.
ബിജെപിക്ക് 16 മന്ത്രിമാരാണ് നിതീഷ് കുമാര്‍ മന്ത്രിസഭയിലുള്ളത്. ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍ പാട്നയിലെത്തിയിട്ടുണ്ടെന്നാണ് വിവരം. 16 മന്ത്രിമാരും ഉടന്‍ രാജിവയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് രാവിലെ തന്നെ ബിജെപി നേതൃത്വം നിതീഷ് കുമാറുമായി ചര്‍ച്ച നടത്താനെത്തിയിരുന്നു. എന്നാല്‍ ഈ അനുനയനീക്കങ്ങളെല്ലാം പാളുകയായിരുന്നു.
ഏതാനും മാസങ്ങളായി ബിജെപിയും ജെഡിയുവും തമ്മില്‍ വലിയ അകല്‍ച്ചയാണ് നിലനില്‍ക്കുന്നത്. പ്രത്യേകിച്ച് അഗ്നിപഥ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ അകല്‍ച്ച സൃഷ്ടിച്ചിരുന്നു. കൂടാതെ സ്പീക്കറെ മാറ്റണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് ബിജെപി വഴങ്ങിയിരുന്നില്ല. ഇതും നിതീഷ് കുമാറിനെ ചൊടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.